തിരുവനന്തപുരം: സഹകരണ ബാങ്ക് ക്രമക്കേടുകളെക്കുറിച്ചുള്ള നിയമസഭാ ചോദ്യം പിൻവലിച്ചെങ്കിലും അമ്പലപ്പുഴയിലെ സിപിഎം എംഎൽഎ എച്ച്.സലാം ചെയ്തത് വലിയ പിഴവെന്ന് വിലയിരുത്തി സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വം. അതിനിടെ സലാമിനെ നടപടികളിൽ നിന്നും രക്ഷിച്ചെടുക്കാൻ മന്ത്രി സജി ചെറിയാൻ രംഗത്തുണ്ട്. സലാമിന് അറിയാതെ സംഭവിച്ച പിഴവാണെന്ന് പറഞ്ഞു വയ്ക്കാനാണ് ശ്രമം.

സഹകരണ വകുപ്പിന്റെ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ സംഘങ്ങളും സ്ഥാപനങ്ങളും ഏതൊക്കെയാണെന്നായിരുന്നു ചോദ്യം. ഈ ബാങ്കുകളുടെ ജില്ല തിരിച്ചുള്ള പട്ടിക, ഭരിക്കുന്ന പാർട്ടികളുടെ വിവരം സഹിതം നൽകാമോയെന്നും ചോദിച്ചിരുന്നു. ഈ ചോദ്യം ദുരുദ്ദേശത്തോടെ ആയിരുന്നില്ല. കോൺഗ്രസ് തട്ടിപ്പ് നടത്തി സ്ഥാപനങ്ങളേ കൂടി ചർച്ചയാക്കാനായിരുന്നു. എന്നാൽ സർക്കാരിന് പ്രതിസന്ധിയാകാതിരിക്കാൻ പിൻവലിച്ചുവെന്നാണ് സലാമുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നത്. ഏതായാലും ഈ സംഭവം മുഖ്യമന്ത്രിയെ ചൊടിപ്പിച്ചിട്ടുണ്ട്.

നക്ഷത്ര ചിഹ്നമിടാത്ത 793ാം നമ്പർ ചോദ്യത്തിന് മന്ത്രി വി.എൻ.വാസവനാണു മറുപടി പറയേണ്ടിയിരുന്നത്. നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങൾക്കു വെബ്‌സൈറ്റിലാണു മറുപടി ലഭ്യമാക്കുക. എംഎൽഎമാർക്കു നൽകുന്ന ബുക്ലെറ്റിൽ ഇടംപിടിച്ച സലാമിന്റെ ചോദ്യം പക്ഷേ പിൻവലിച്ചതായാണു വെബ്‌സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് വിവാദമായി കഴിഞ്ഞു. ഈ സാഹചര്യത്തിൽ കൂടിയാണ് സലാമിനെതിരെ നടപടി ഒഴിവാക്കി തുടർ ചർച്ച വേണ്ടെന്ന നിലപാടിൽ സജി ചെറിയാൻ എത്തുന്നത്. എന്നാൽ ആലപ്പുഴ ജില്ലാ സെക്രട്ടറി നാസർ മറിച്ച് അഭിപ്രായത്തിലാണ്.

കരുവന്നൂർ, കണ്ടല ഉൾപ്പെടെ ഇടതുഭരണസമിതികളുടെ ക്രമക്കേടിൽ ഇ.ഡി. അന്വേഷണം നടക്കുമ്പോൾ ചോദ്യം പരിഗണിച്ചാൽ സർക്കാർ വെട്ടിലാകുമായിരുന്നു. സലാമിന്റെ ചോദ്യത്തിന് കരുവന്നൂരും കണ്ടലയുമില്ലാതെ പട്ടിക നൽകാൻ കഴിയില്ല. രാഷ്ട്രീയബന്ധം പരാമർശിച്ചാൽ സിപിഎമ്മിന്റെയും സിപിഐയുടെയും പേരു പറയേണ്ടിവരും. രാഷ്ട്രീയാടിസ്ഥാനത്തിലുള്ള പട്ടിക സൂക്ഷിക്കുന്നില്ലെന്നു മറുപടി നൽകിയാൽ, നേരത്തേ മന്ത്രിയുടെ ഓഫിസ് പുറത്തുവിട്ട പട്ടിക പ്രതിപക്ഷം ആയുധമാക്കും.

ഇതെല്ലാം കണക്കിലെടുത്ത് ചോദ്യം പിൻവലിക്കാൻ നിർദ്ദേശിക്കുകയായിരുന്നുവെന്നാണു വിവരം. അസുഖബാധിതനായി വീട്ടിൽ വിശ്രമിക്കുന്ന സലാം ഇന്നലെ സഭയിലെത്തിയില്ല. ഈ സമ്മേളന കാലത്ത് സലാം തിരുവനന്തപുരത്ത് എത്താൻ സാധ്യതയില്ല. മുഖ്യമന്ത്രി പിണറായി വിജയൻ വലിയ ക്ഷോഭത്തിലാണ്. സലാമിനെ മുഖ്യമന്ത്രി ശാസിച്ചതായും സൂചനയുണ്ട്. ഈ പശ്ചാത്തലത്തിൽ പ്രശ്‌നം തണുത്ത ശേഷം മാത്രം മുഖ്യമന്ത്രിയെ അബദ്ധം പറ്റിയതിൽ വിശദീകരണം നൽകാനാണ് സലാമിന്റെ തീരുമാനം.

ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ആലപ്പുഴയിൽ സിപിഎമ്മിനെ കൂടുതൽ വെട്ടിലാക്കുന്ന ചർച്ചകൾ പാർട്ടിക്കുള്ളിൽ ഉണ്ടാകുന്നതിനെ സംസ്ഥാന നേതൃത്വവും ഗുണകരമായി കാണുന്നില്ല. ഇതു കാരണം സലാമിനെതിരെ നടപടികൾ ഉണ്ടാകില്ലെന്ന വിലയിരുത്തലും ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ഈ ചോദ്യം എങ്ങനെയാണ് ചോദിച്ചത് എന്നതിൽ സിപിഎം നേതൃത്വം സലാമിനോട് വിശദീകരണം തേടുമെന്നും സൂചനയുണ്ട്. പാർട്ടിയും സംഭവം അന്വേഷിക്കും.

സഹകരണ സംഘങ്ങളുടെ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ സഹകരണ സംഘങ്ങളും സ്ഥാപനങ്ങളും ഏതൊക്കെയാണ്? ഭരണ സമിതിക്ക് നേതൃത്വം നൽകുന്നത് ഏത് രാഷ്ട്രീയ പാർട്ടിയാണ്? ജില്ല തിരിച്ചുള്ള പട്ടികയും രാഷ്ട്രീയ പാർട്ടിയും? ക്രമക്കേടുകൾ വിശദമാക്കാമോ? എന്നിങ്ങനെയായിരുന്നു സി പി എം എം എൽ എ ആയ എച്ച് സലാമിന്റെ നിയമസഭ ചോദ്യം. ഇത് തീർത്തും കരുവന്നൂർ അന്വേഷണ ഘട്ടത്തിൽ സിപിഎമ്മിന് വെല്ലുവിളിയാകും. സിപിഎമ്മിന് എതിരേയും മറുപടി നൽകേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഗൗരവത്തോടെയാണ് സർക്കാർ ഈ ചോദ്യങ്ങളെ കാണുന്നത്.

10 ദിവസം മുൻപ് എം എൽ എ കൊടുത്ത ചോദ്യം നിയമസഭ വെബ്സൈറ്റിൽ പ്രസിദ്ധികരിക്കുകയും ചെയ്തു. മറുപടി തയ്യാറാക്കി സഹകരണ വകുപ്പിൽ നിന്ന് മന്ത്രി വാസവന് ഫയൽ ലഭ്യമാക്കിയപ്പോഴാണ് ചോദ്യത്തിന്റെ അപകടം വാസവന് മനസിലായത്. കരവന്നൂർ, കണ്ടല ഉൾപ്പെടെ സി പി എം നേതൃത്വത്തിലുള്ള ഭരണസമിതികളാണ് ഏറ്റവും കൂടുതൽ ക്രമക്കേട് നടത്തിയതെന്ന ലിസ്റ്റ് പുറത്തു വന്നാലുള്ള ഭവിക്ഷ്യത്ത് മനസിലാക്കിയ വാസവൻ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

സലാമിനെ ശാസിച്ച മുഖ്യമന്ത്രി ചോദ്യം അടിയന്തിരമായി പിൻവലിക്കാൻ നിർദ്ദേശിച്ചു. തുടർന്ന ചോദ്യം പിൻവലിക്കണമെന്ന സലാമിന്റെ ഓൺലൈൻ അപേക്ഷ നിയമസഭ സെക്രട്ടറിക്ക് ലഭിച്ചു. തുടർന്ന് വെബ്സൈറ്റിൽ നിന്ന് ചോദ്യം നീക്കിയെങ്കിലും അച്ചടിച്ച് വന്ന ചോദ്യങ്ങളുടെ ബുക്ക് ലൈറ്റിൽ സലാമിന്റെ വിവാദ ചോദ്യം ഇടം നേടി. ഇതോടെയാണ് പുറത്ത് ഇക്കാര്യം അറിയുന്നത്. ഗുരുതരമായ വീഴ്ച ഇക്കാര്യത്തിൽ ഉണ്ടായി എന്നാണ് സിപിഎം വിലയിരുത്തൽ. ആലപ്പുഴയിലെ സിപിഎം രാഷ്ട്രീയം വിഭാഗീയതകളിലൂടെയാണ് കടന്നു പോകുന്നത്.

അമ്പലപ്പുഴയിൽ കഴിഞ്ഞ തവണ ജി സുധാകരനായിരുന്നു എംഎൽഎ. സുധാകരനെ തഴഞ്ഞാണ് സലാമിനെ സ്ഥാനാർത്ഥിയാക്കിയത്. മന്ത്രി സജി ചെറിയാന്റെ വിശ്വസ്തനായാണ് സലാം അറിയപ്പെടുന്നത്. ആലപ്പുഴ ജില്ലാ സെക്രട്ടറി നാസറുമായും അകന്നു നിൽക്കുന്ന നേതാവാണ് നിലവിൽ സലാം. പാർട്ടിക്കുള്ളിൽ സലാമിന് താക്കീത് ചെയ്യാനും സാധ്യതയുണ്ട്.