- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജി സുധാകരന് മറുപടിയുമായി എച്ച് സലാം
ആലപ്പുഴ: പാർട്ടിയെ വിമർശിച്ച ജി സുധാകരന് മറുപടിയുമായി സിപിഎം നേതാവും അമ്പലപ്പുഴ എംഎൽഎയുമായ എച്ച്. സലാം. പാർട്ടിക്ക് ദോഷമുണ്ടാക്കുന്ന വർത്തമാനവും പൊളിറ്റിക്കൽ ക്രിമിനലിസമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗൗരിയമ്മ പാർട്ടിവിട്ടുപോകാനുള്ള മൂലകാരണം ആരാണെന്ന് എല്ലാവർക്കും അറിയാമെന്നും ആ കാരണത്തിന്റെ അടിസ്ഥാനം തേടി പോയാൽ പലതും പറയേണ്ടിവരുമെന്നും സുധാകരനെ ലക്ഷ്യം വച്ച് സലാം പറഞ്ഞു.
'ആലപ്പുഴ ജില്ലയിൽ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന് വലിയ ആഘാതമുണ്ടായത് ഗൗരിയമ്മ പാർട്ടി വിട്ടപ്പോഴാണ്. അതിനെ ആലപ്പുഴയിലെ പാർട്ടി അതിജീവിച്ചു. പഴയകാര്യം ആയതുകൊണ്ട് അതെല്ലാം ആളുകൾ മറന്നിട്ടുണ്ടാകും എന്നുവിചാരിച്ച് സംസാരിച്ചിട്ട് കാര്യമില്ല. പാർട്ടിക്ക് ആലപ്പുഴ ജില്ലയിലും സംസ്ഥാനത്തും നല്ല സംഭാവന നൽകിയ ആളാണ് ജി. സുധാകരൻ. എല്ലാവരും ബഹുമാനിക്കുന്ന മുതിർന്ന നേതാവുമാണ്. പക്ഷെ എന്തുകൊണ്ടോ കഴിഞ്ഞ കുറച്ച് കാലമായി പാർട്ടി മെമ്പർഷിപ്പുള്ള ഒരാൾ പറയാൻ പാടില്ലാത്ത കാര്യങ്ങൾ പരസ്യമായി പറയുന്നു. എന്തുകൊണ്ട് അദ്ദേഹം ഇത്തരത്തിൽ പറയുന്നു എന്നത് ഒരു ചോദ്യമാണ്. സുധാകരനെ പരിഗണിച്ചപോലെ ഗൗരിയമ്മയെ പോലും പാർട്ടി പരിഗണിച്ചിട്ടില്ല. ഏഴ് തവണ അദ്ദേഹം നിയമസഭയിലേക്ക് മത്സരിച്ചു. കൂടാതെ മറ്റു പാർട്ടി ചുമതലകളും വഹിച്ചു', സലാം കൂട്ടിച്ചേർത്തു.
സുധാകരന്റെ പൊളിറ്റിക്കൽ ക്രിമിനൽ പ്രയോഗത്തിനും എച്ച്. സലാം എംഎൽഎ മറുപടി നൽകി. 'നമ്മൾ നിൽക്കുന്ന രാഷ്ട്രീയത്തിന് ദോഷമുണ്ടാക്കുന്ന കാര്യം ഞാൻ ചെയ്താൽ ഞാൻ പൊളിറ്റിക്കൽ ക്രിമിനൽ ആകും. അത് ആരും ചെയ്തുകൂടാ. ഒരു പാർട്ടിയിൽ നിൽക്കുകയും ആ പാർട്ടിക്ക് ദോഷമുണ്ടാക്കി എതിരാളിക്ക് ഗുണമുണ്ടാക്കുന്ന വർത്തമാനം പറയുന്നതും ഒരുതരത്തിൽ പൊളിറ്റിക്കൽ ക്രിമിനലിസമാണെന്ന്' പരോക്ഷമായി അദ്ദേഹം വിമർശിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പാർട്ടിയെ രൂക്ഷമായി വിമർശിച്ച് സുധാകരൻ രംഗത്തെത്തിയിരുന്നു. പൊളിറ്റക്കൽ ക്രിമിനലുകൾ രാഷ്ട്രീയത്തിൽ കിടന്നു പുളയുകയാണെന്നായിരുന്നു ജി സുധാകരന്റെ വിമർശനം. അവർ 90 ശതമാനം മാധ്യമങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്. പാർട്ടിയുടെ സംഘടനാ സംവിധാനവും രാഷ്ട്രീയവും മനസ്സിലാക്കി സംസാരിക്കുന്ന അവസാനത്തെയാളെ ഇല്ലാതാക്കിയാൽ പാർട്ടി ഇല്ലാതാകും. അതിനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും ജി സുധാകരൻ വിമർശിച്ചിരുന്നു.
'ആലപ്പുഴയിൽ തിരിച്ചടി നേരിടുന്നത് ഇത് ആദ്യമായല്ല. തിരിച്ചടി നേരിട്ടപ്പോഴെല്ലാം അതിനെ അതിജീവിക്കാൻ പാർട്ടിക്കായിട്ടുണ്ട്. ജി സുധാകരനെ അവഗണിച്ചു എന്ന സുധാകരന്റെ വാദങ്ങൾക്ക് അടിസ്ഥാനമില്ല. പാർട്ടി അംഗത്തിന് നിരക്കാത്ത പ്രതികരണങ്ങളാണ് സുധാകരനിൽ നിന്നും പലപ്പോഴും ഉണ്ടാവുന്നത്. ഏഴ് തവണ നിയമസഭയിലേക്ക് മത്സരിച്ചു. നാല് തവണ എംഎൽഎയായി. ജില്ലാ കൗൺസിൽ പ്രസിഡന്റ്, നഗരസഭാംഗം, സിൻഡിക്കേറ്റ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചുവെന്നും എച്ച് സലാം പറഞ്ഞു. ജി സുധാകരന്റെ മോദി പ്രശംസ അത്ഭുതകരമാണ്. കാര്യങ്ങൾ മനസ്സിലാക്കാൻ സാധാരണയിൽ കവിഞ്ഞ അറിവുള്ളയാളാണ് സുധാകരൻ. സംസാരിക്കുമ്പോൾ പിഴവ് പറ്റുന്നയാളല്ലെന്നും' എച്ച് സലാം പറഞ്ഞു.
മോദി ശക്തനായ ഭരണാധികാരിയാണെന്നും ബിജെപി മന്ത്രിമാർക്കെതിരെ അഴിമതി ആരോപണം ഉണ്ടായിരുന്നില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു. കഴിഞ്ഞ തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ സുധാകരന് സീറ്റ് ലഭിച്ചിരുന്നില്ല. പ്രായപരിധി മാനദണ്ഡം പാലിച്ചതിനാൽ സംസ്ഥാനസമിതിയിൽ ഇടം കിട്ടിയതുമില്ല. ഇതിനുശേഷം പാർട്ടിക്കെതിരെ പലതവണ സുധാകരൻ രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസം സിപിഎം സംഘടിപ്പിച്ച ഒരു പരിപാടിയിൽ നിന്ന് ജി സുധാകരൻ ഇറങ്ങിപ്പോയത് വലിയ വിവാദമായിരുന്നു. ഹരിപ്പാട് നടന്ന സിബിസി വാര്യർ സ്മൃതി പരിപാടിയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പത്ത് മണിക്ക് തുടങ്ങേണ്ട പരിപാടി പതിനൊന്ന് മണിയായിട്ടും തുടങ്ങാതായതോടെ സുധാകരൻ സംഘാടകരോട് കയർക്കുകയും പിന്നാലെ ഇറങ്ങിപ്പോവുകയും ചെയ്യുകയായിരുന്നു. മന്ത്രി സജി ചെറിയാൻ ഉൾപ്പെടെ പങ്കെടുക്കുന്ന പരിപാടിയിൽ നിന്നാണ് സുധാകരൻ ഇറങ്ങിപ്പോയത്.