തിരുവനന്തപുരം: സുപ്രീം കോടതി അഭിഭാഷകനും ഡൽഹി കെഎംസിസി പ്രസിഡന്റുമായ ഹാരിസ് ബീരാൻ മുസ്‌ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാർത്ഥി. തിരുവനന്തപുരത്തു നടന്ന മുസ്ലിം ലീഗ് നേതൃയോഗത്തിലാണ് ഹാരിസ് ബീരാനെ സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തത്. ഇക്കാര്യം മുസ്‌ലിം ലീഗ് നേതൃത്വം വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. പാണക്കാട് തങ്ങളാണ് ഹാരീസ് ബീരാനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.

ഹാരിസ് ബീരാനാണ് പൗരത്വനിയമ ഭേദഗതി ഉൾപ്പെടെ മുസ്ലിം ലീഗ് നടത്തിയ നിയമപോരാട്ടങ്ങൾ ഏകോപിപ്പിക്കുന്നത്. കേരളത്തിൽനിന്ന് 3 രാജ്യസഭാ സീറ്റുകളിലേക്കാണ് 25നു തിരഞ്ഞെടുപ്പു നടക്കുന്നത്. നിയമസഭയിലെ കക്ഷിനിലപ്രകാരം യുഡിഎഫിന് ഒരാളെ ജയിപ്പിക്കാനാകും. ഈ സീറ്റ് ലീഗിനു നൽകാൻ നേരത്തേ ധാരണയായിരുന്നു. 13ന് ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.

നിയമസഭാ സമ്മേളനം ഇന്നു തുടങ്ങുന്നതിനാൽ പാർട്ടി എംഎൽഎമാർക്കു കൂടി പങ്കെടുക്കാനുള്ള സൗകര്യം പരിഗണിച്ചാണു യോഗം തിരുവനന്തപുരത്താക്കിയത്. ഗൾഫ് സന്ദർശനത്തിലായിരുന്ന സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഇന്നലെ രാത്രി തിരുവനന്തപുരത്തെത്തിയിരുന്നു.

മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം, സംസ്ഥാന ഉപാധ്യക്ഷൻ സി.പി.ബാവ ഹാജി, യൂത്ത് ലീഗ് നേതാക്കളായ പി.കെ.ഫിറോസ്, വി.കെ.ഫൈസൽ ബാബു, പ്രവാസി വ്യവസായിയും കെഎംസിസി നേതാവുമായ അൻവർ അമീൻ ചേലാട്ട് എന്നിവരാണ് ഹാരിസ് ബീരാനു പുറമേ പരിഗണനയിലുണ്ടായിരുന്നത്. ഇതിൽ ഹാരിസ് ബീരാന്റെയും പി.കെ.ഫിറോസിന്റെയും പേരുകൾക്കാണ് അവസാനവട്ട ചർച്ചകളിൽ മുൻതൂക്കം ലഭിച്ചത്.