- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്മജയെ ഇടതുമുന്നണിയിൽ എത്തിക്കാൻ ചർച്ച നടത്തിയിരുന്നു
കൊച്ചി: ബിജെപിയിൽ ചേർന്ന പത്മജ വേണുഗോപാലിനെ ഇടതുമുന്നണിയിൽ എത്തിക്കാൻ ചർച്ച നടത്തിയിരുന്നുവെന്ന് ദല്ലാൾ ടി ജി നന്ദകുമാർ. മാതൃഭൂമി ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്തായിരുന്നു ചർച്ച. ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജൻ ആവശ്യപ്പെട്ടതു പ്രകാരമായിരുന്നു ചർച്ചയെന്നും നന്ദകുമാർ പറഞ്ഞു.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കാലത്ത് പ്രമുഖ കോൺഗ്രസ് നേതാക്കളെല്ലാം മണ്ഡലത്തിൽ എത്തിയപ്പോൾ പത്മജ മാത്രം വിട്ടുനിന്നിരുന്നു. ഇക്കാര്യം അന്വേഷിച്ചപ്പോൾ അവർ നിരാശയിലാണെന്നായിരുന്നു മറുപടി. തുടർന്ന്, വിഷയം ഇ.പി ജയരാജന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അദ്ദേഹം അവരെ എൽ ഡി എഫിലേക്ക് ക്ഷണിക്കാൻ ആവശ്യപ്പെട്ടു. തൃക്കാക്കര മണ്ഡലത്തിന്റെ ചുമതലയുള്ള നേതാവായിരുന്നു അന്ന് ഇ.പി.
അക്കാലത്ത് പത്മജ ദുബായിലായിരുന്നു. നേരിട്ടാണ് അവരെ ഫോണിൽ വിളിച്ച് സംസാരിച്ചത്. വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു ചർച്ച. എന്നാൽ, പ്രതീക്ഷിച്ചതിലും അപ്പുറമുള്ള തസ്തിക വേണമെന്ന ആവശ്യത്തിലാണ് അവർ എൽ.ഡി.എഫിന്റെ ഭാഗമാകാതെ പോയത്. അവർ സൂപ്പർ പദവികൾ ആവശ്യപ്പെട്ടതിനാലാണ് ചർച്ച മുന്നോട്ട് പോകാതിരുന്നത്. മുഖ്യമന്ത്രിയുമായി ഇ.പി സംസാരിച്ചതിന് പിന്നാലെ പത്മജയുമായി വീണ്ടും സംസാരിച്ചു. അവർ താത്പര്യത്തോടെയാണ് പ്രതികരിച്ചത്. പത്മജ ദുബായിൽ നിന്നും കൊച്ചിയിലെത്തി. എന്നാൽ, അവർ സൂപ്പർ പരിഗണന ആവശ്യപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം തന്നെ എൽ ഡി എഫിലേക്ക് ക്ഷണിച്ചിരുന്നതായി പത്മജാ വേണുഗോപാൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, വിഷയവുമായി ബന്ധപ്പെട്ട പേരുകളൊന്നും അവർ പറഞ്ഞിരുന്നില്ല. മാർച്ച് ഏഴിനായിരുന്നു പത്മജാ വേണുഗോപാൽ ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്.
തൃക്കാക്കര തെരഞ്ഞെടുപ്പ് കാലത്ത് ഇടതുമുന്നണിയിലെ ഉന്നതനിൽ നിന്ന് പാർട്ടി മാറാൻ ക്ഷണമുണ്ടായിരുന്നതായാണ് പത്മജ പറഞ്ഞത്. കോൺഗ്രസ് വിടാൻ താൽപര്യമില്ലാത്തതുകൊണ്ടായിരുന്നു എൽഡിഎഫ് നേതാക്കൾ വിളിച്ചപ്പോൾ പോകാതിരുന്നതെന്നും അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഉന്നത നേതാക്കളാണ് തന്നെ വിളിച്ചതെന്നും പത്മജ വേണുഗോപാൽ വെളിപ്പെടുത്തി.
അതേസമയം കോൺഗ്രസ് നേതൃത്വത്തിനെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണവും പത്മജ ഉന്നയിച്ചു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തൃശൂരിൽ പ്രചാരണത്തിനെത്തിയ പ്രിയങ്ക ഗാന്ധിയുടെ വാഹനത്തിൽ കയറാൻ തന്റെ കൈയിൽ നിന്ന് 22 ലക്ഷം വാങ്ങിയെങ്കിലും വാഹനത്തിൽ കയറ്റിയില്ലെന്നുമാണ് പത്മജ വേണുഗോപാൽ ആരോപിച്ചത്. ഡി.സി.സി പ്രസിഡന്റ് എംപി വിൻസെന്റാണ് പണം വാങ്ങിയതെന്നും അവർ പറഞ്ഞു. എന്നാൽ മൂന്ന് വർഷം കഴിഞ്ഞ് വ്യാജ പരാതിയുമായി വന്നിരിക്കുകയാണെന്നായിരുന്നു വി.ഡി.സതീശന്റെ മറുപടി.
അതേസമയം, കെ.സുധാകരൻ മാത്രമാണ് തന്നോട് ആത്മാർഥമായി പെരുമാറിയതെന്നും അദ്ദേഹത്തെ വിട്ടുപോന്നതിലാണ് വിഷമമെന്നും പത്മജ വേണുഗോപാൽ പറഞ്ഞു.