തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി അംഗം.കെ. അനിൽകുമാറിന്റെ തട്ടം പരാമർശത്തെ തള്ളി സിപിഎം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അനിൽകുമാറിന്റെ പരാമർശം പാർട്ടിനിലപാടിൽനിന്ന് വ്യത്യസ്തമാണ്. ഇത്തരത്തിൽ ഒരു പരാമർശവും പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതില്ലെന്നും സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി. ഇനി നേതാക്കളാരും ഈ വിഷയത്തിൽ വിവാദപരമായ പരാമർശം നടത്തില്ല. കെടി ജലീൽ എംഎൽഎയുടെ വാദങ്ങളെ ഉയർത്തിക്കാട്ടുന്നതാണ് ഗോവിന്ദന്റെ പരാമർശങ്ങൾ.

വസ്ത്രധാരണം ഓരോ മനുഷ്യന്റെയും ജനാധിപത്യപരമായ അവകാശമാണ്. ഭരണഘടന ഉറപ്പുനൽകുന്ന കാര്യംകൂടിയാണത്. അതിനാൽത്തന്നെ അനിൽകുമാറിന്റെ പരാമർശം പാർട്ടി നിലപാടിൽനിന്ന് വ്യത്യസ്തമാണ്. വസ്ത്രധാരണത്തിലേക്ക് കടന്നു കയറുന്ന ഒരു നിലപാടും ഒരാളും സ്വീകരിക്കേണ്ടതില്ല. ഇത്തരത്തിൽ ഒരു പരാമർശവും പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതില്ലെന്നും എം വി ഗോവിന്ദൻ വിശദീകരിച്ചു.

ഹിജാബ് പ്രശ്നം ഉയർന്നുവന്ന സമയത്തുതന്നെ സിപിഎം. അഖിലേന്ത്യാ നേതൃത്വവും സംസ്ഥാന നേതൃത്വവും പാർട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലിംകളുടെ വസ്ത്രധാരണം കോടതിയുടെ പ്രശ്നമായി മാറ്റുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തട്ടം വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ കൂടെ ഭാഗമായാണെന്ന് നേരത്തേ അനിൽകുമാർ പറഞ്ഞിരുന്നു. മുന്മന്ത്രി കെ.ടി. ജലീൽ, എ.എം. ആരിഫ് എംപി. ഇരുവിഭാഗം സമസ്ത നേതാക്കൾ തുടങ്ങിയവരെല്ലാം പരാമർശത്തിനെതിരേ രംഗത്തെത്തിയിരുന്നു.

അനിൽ കുമാറിന്റെ പരാമർശം അനുചിതമാണെന്ന് ചൂണ്ടിക്കാട്ടിയ എം വി ഗോവിന്ദൻ, വസ്ത്രധാരണം വ്യക്തിയുടെ ജനാധിപത്യ അവകാശമാണെന്നും അതിലേക്ക് കടന്നുകയറുന്ന നിലപാട് ആരും സ്വീകരിക്കേണ്ടതില്ലെന്നും വ്യക്തമാക്കി. അനിൽകുമാർ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നത് ചൂണ്ടിക്കാണിച്ചപ്പോൾ ആര് ഉറച്ച് നിന്നാലും പാർട്ടിയുടെ നിലപാടാണ് പറഞ്ഞതെന്നും അനിൽകുമാറിന്റെ പരാമർശം അനുചിതമാണെന്നും ഗോവിന്ദൻ തീർത്തു പറഞ്ഞു.

'യുക്തിവാദി സമ്മേളനത്തിൽ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ. അനിൽകുമാർ സംസാരിച്ചപ്പോൾ അതിൽ ഒരുഭാഗത്ത് മുസ്‌ലിം തട്ടധാരണവുമായി ബന്ധപ്പെട്ട് പറയുകയുണ്ടായി. മുമ്പ് ഹിജാബ് വിവാദം വന്നപ്പോൾ പാർട്ടി നിലപാട് വ്യക്തമാക്കിയതാണ്. വസ്ത്രധാരണം ഓരോ വ്യക്തിയുടെയും ജനാധിപത്യ അവകാശമാണ്. അതിലേക്ക് കടന്നുകയറുന്ന നിലപാട് ആരും സ്വീകരിക്കേണ്ടതില്ല. അതുകൊണ്ട് അനിൽകുമാറിന്റെ ആ പരാമർശം പാർട്ടി നിലപാടിൽനിന്ന് വ്യത്യസ്തമാണ്. ഇത്തരത്തിലുള്ള ഒരുപരാമർശവും പാർട്ടിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതല്ല. അദ്ദേഹത്തിന്റെത് വലിയ ഒരു പ്രസംഗമാണ്. അത് എല്ലാം അനുചിതമാണെന്ന് പറയാനാവില്ല. (തട്ടത്തെക്കുറിച്ചുള്ള) ആ ഭാഗം മാത്രം അനുചിതമാണ്' -എം വി ഗോവിന്ദൻ വ്യക്തമാക്കി.

അനിൽകുമാറിന്റെ തട്ടം പരാമർശത്തിനെതിരേ മുസ്ലിം ലീഗും രംഗത്തു വന്നിരുന്നു. മലപ്പുറത്ത് ആരാണ് തട്ടം ഉപേക്ഷിച്ചതെന്ന് തനിക്കറിയില്ലെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ.സലാം പ്രതികരിച്ചിരുന്നു. പുതിയ തലമുറ പോലും ഇവിടെ തട്ടമിടുന്നുണ്ട്. തട്ടം ഇടുന്നതുകൊണ്ടാണ് എന്താണ് പ്രശ്നം. പാർട്ടിയുടെ ഉത്തരവാദിത്വപ്പെട്ട നേതാക്കൾ നിലപാട് വ്യക്തമാക്കണമെന്നും സലാം ആവശ്യപ്പെട്ടു. വിഷയത്തെ ലീഗ് ഗൗരവത്തോടെയാണ് കാണുന്നത്. അനിൽകുമാറിന്റെ വാക്കുകൾ ഒന്നുകിൽ സിപിഎം അംഗീകരിക്കണണമെന്നും സലാം കൂട്ടിച്ചേർത്തു. സിപിഎം വിശ്വാസങ്ങളുടെമേൽ കടന്നുകയറുന്നുവെന്നും ശബരിമലയും വഖഫും ഇതിന് ഉദാഹരണമാണെന്നും സലാം വിമർശിച്ചു. ഇതിനിടെയാണ് വിവാദം അവസാനിപ്പിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ അനിൽകുമാറിനെ തള്ളി പറഞ്ഞത്.

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ സി.രവിചന്ദ്രന്റെ നേതൃത്വത്തിലുള്ള യുക്തിവാദ സംഘടനയായ എസ്സൻസ് ഗ്ലോബൽ സംഘടിപ്പിച്ച ലിറ്റ്മസ് 23 നാസ്തിക സമ്മേളനത്തിലായിരുന്നു അനിൽകുമാറിന്റെ വിവാദ പരാമർശം. തട്ടം വേണ്ടെന്ന് പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ ഭാഗമായിട്ടാണെന്നാണ് അനിൽകുമാർ പറഞ്ഞത്.