- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2.8 ശതമാനം വോട്ടുകുറഞ്ഞിട്ടും യു ഡി എഫ് എങ്ങനെ ജയിച്ചു? മലബാറില്‍ ജമാത്തെ ഇസ്ലാമിയും എസ്ഡിപിഐയും യുഡിഎഫിനൊപ്പം നിന്നു: എം വി ഗോവിന്ദന്‍
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമി നന്നായി പ്രവര്‍ത്തിച്ചതാണ് മലബാറില്‍ യു.ഡി.എഫിന് നേട്ടമായതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ജമാഅത്തെ ഇസ്ലാമിയുടെ വനിതാ പ്രവര്‍ത്തകര്‍ ജനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ളവരാണ്. അതിന്റെ ഗുണം യു.ഡി.എഫിനുണ്ടായെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. ബി.ജെ.പിയെ ഒഴിവാക്കാന്‍ എന്തെങ്കിലും സാധ്യതയുണ്ടെങ്കില്‍ അത് കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നതാണ് നല്ലതെന്ന് അവര്‍ അവതരിപ്പിച്ചു. അത് യു.ഡി.എഫിന് ഗുണമായി. എന്നാല്‍ അവരെവിടെയും കമ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിച്ചില്ല. എല്‍.ഡി.എഫിന് എതിരാണെന്ന് എങ്ങും പറഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ (കെ.എസ്.കെ.ടി.യു) കോഴിക്കോട് ജില്ലാ സമ്മേളനം മാവൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
'എങ്ങനെയാണ് കോഴിക്കോട്, കണ്ണൂര്‍, വടകര, കാസര്‍കോട് മണ്ഡലങ്ങളില്‍ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമായത്?. കഴിഞ്ഞ പ്രാവശ്യം ലഭിച്ച വോട്ടുകളില്‍ 2.8 ശതമാനം ആളുകള്‍ ഇത്തവണ കോണ്‍ഗ്രസിന് വോട്ട് ചെയ്തിട്ടില്ല. ഇടതുപക്ഷത്തിന്റെ കണക്ക് നോക്കുമ്പോള്‍ അത് 1.75 ശതമാനം കുറവാണ്. എന്നിട്ടെങ്ങനെയാണ് യു.ഡി.എഫിന് ഇത്ര ഭൂരിപക്ഷം ലഭിച്ചത്', എം.വി ഗോവിന്ദന്‍ ചോദിച്ചു.
'മലബാറില്‍ പ്രബലമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ വര്‍ഗീയ പ്രസ്ഥാനങ്ങളുണ്ട്. ജമാഅത്ത് ഇസ്ലാമിയും എസ്.ഡി.പി.ഐയും ഉള്‍പ്പെടെയുള്ളവര്‍. അതില്‍ ജമാഅത്തെ ഇസ്ലാമിലെ ഒരു വിഭാഗം, പ്രത്യേകിച്ച് സ്ത്രീകള്‍ ഉള്‍പ്പെടെ ഉള്ളവര്‍ ജനങ്ങള്‍ക്കിടയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ളവരാണ്. അവര്‍ എവിടേയും കമ്യൂണിസ്റ്റ് വിരുദ്ധത പ്രകടിപ്പിച്ചില്ല. അവര്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ കൃത്യമായ അവതരണം നടത്തി. എന്തെങ്കിലും സാധ്യത ബി.ജെ.പിയെ ഒഴിവാക്കാന്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നതാണെന്ന് അവതരിപ്പിച്ചു.
ഒരുഭാഗത്ത് ഭൂരിപക്ഷവര്‍ഗീയത, ഹിന്ദുത്വ അജണ്ട. മറുഭാഗത്ത് ന്യൂനപക്ഷ വര്‍ഗീയവാദികള്‍. ലോകം തന്നെ ഇസ്ലാമിക ലോകം വേണമെന്ന നിലപാടുള്ളവര്‍. അവര്‍ വളരെ ഫലപ്രദമായി മുസ്ലിം ഏകീകരണം സംഭവിക്കുന്ന വര്‍ഗീയവത്ക്കരണത്തിന് വേണ്ടി കഴിയുന്ന രീതിയില്‍ അവര്‍ പ്രവര്‍ത്തിച്ചു. ലീഗിനേയും കോണ്‍ഗ്രസിനേയും ചേര്‍ത്ത് അവര്‍ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെട്ടു', അദ്ദേഹം പറഞ്ഞു.
ഇത് ദൂരവ്യാപകമായി ഫലമുളവാക്കുന്ന ഒന്നാണ്. മതനിരപേക്ഷ ഉള്ളടക്കത്തെ തകര്‍ത്ത് ഈ വര്‍ഗീയ ശക്തികളെല്ലാം ചേര്‍ന്ന് യു.ഡി.എഫിനൊപ്പം നിന്നു. മതനിരപേക്ഷത നിലനിന്ന് കാണണമെന്ന് ആഗ്രഹിക്കുന്ന സാധാരണ മുസ്ലിങ്ങള്‍ ഉള്‍പ്പെടെ നാളെ ഇതിന്റെ ഭാഗമായി രൂപപ്പെട്ട് വരുന്ന ഒരു ആശയ തലത്തില്‍ നിന്നും ദൂരവ്യാപകമായ ഫലമുളവാക്കുമെന്നതില്‍ യാതൊരു സംശയവും വേണ്ട. മുസ്ലിം ലീഗ് ചെയ്യുന്നത് ഈ വര്‍ഗീയ ശക്തികളെ ഏകോപിപ്പിച്ച് മുന്നോട്ട് പോകാനുള്ള ശ്രമമാണ്. ഇതിന്റെ ഭാഗമായാണ് 2.8 ശതമാനം വോട്ടുകുറഞ്ഞിട്ടും യു.ഡി.എഫ് ജയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.