കോഴിക്കോട്: ഇടത് സർക്കാർ ന്യൂനപക്ഷ പ്രീണനം നടത്തിയെന്നും, മുസ്ലിം സമുദായം സർക്കാറിൽ നിന്ന് അവിഹിതമായി പലതും നേടി എടുക്കുന്നുവെന്നും ഉള്ള വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് ഹുസൈൻ മടവൂർ നവോത്ഥാന സമിതി വൈസ് ചെയർമാൻ പദവി രാജിവെച്ചു.നവോത്ഥാന സമിതി ചെയർമാനാണ് വെള്ളാപ്പള്ളി നടേശൻ. രാജിക്കത്ത് ഉടൻ ചെയർമാന് കൈമാറുമെന്ന് ഹുസൈൻ മടവൂർ അറിയിച്ചു.

വെള്ളാപ്പള്ളിയുടെ പ്രസ്താവന അപക്വവും വാസ്തവവിരുദ്ധവുമാണെന്ന് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാം കൂടിയായ ഹുസൈൻ മടവൂർ പറഞ്ഞു. ഇടതുപക്ഷ സർക്കാർ മുസ്ലിം പ്രീണനം നടത്തുന്നുവെന്നും അതുകൊണ്ടാണ് ഈഴവസമുദായം ഇടതുപക്ഷത്തെ കൈയൊഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞത് വസ്തുതകൾക്ക് നിരക്കാത്തതാണ്. അതിനാൽ അദ്ദേഹം പ്രസ്താവന പിൻവലിക്കണം. വെള്ളാപ്പള്ളി പറഞ്ഞത് ശരിയാണെങ്കിൽ മുസ്ലിം സമുദായം വോട്ടുചെയ്ത് ഇടതുപക്ഷത്തെ വിജയിപ്പിക്കുമായിരുന്നു. അതുണ്ടായില്ല. മാത്രവുമല്ല, നിരവധി വിഷയങ്ങളിൽ തങ്ങളെ സർക്കാർ അവഗണിച്ചുവെന്നാണ് മുസ്ലിം സമുദായത്തിന്റെ പരാതി.

സംവരണം, വിദ്യാഭ്യാസ സൗകര്യങ്ങൾ, കോച്ചിങ് സെന്ററുകൾ, ആരാധനാലയ നിർമ്മാണത്തിന്നുള്ള തടസ്സങ്ങൾ തുടങ്ങിയ പ്രശ്‌നങ്ങൾ മുസ്ലിം സമുദായത്തിന് പ്രയാസമുണ്ടാക്കുന്നതാണ്. ജെന്റർ ന്യൂട്രാലിറ്റിയുടെയും എൽജിബിറ്റി സംസ്‌കാരങ്ങൾ സ്‌കൂൾ കുട്ടികളിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളെയും സമുദായം തള്ളിക്കളഞ്ഞതാണ്. മുസ്ലിംകളും ഈഴവരും മറ്റെല്ലാ മതേതര വിഭാഗങ്ങളും ഒന്നിച്ചുനിന്ന് പ്രവർത്തിക്കേണ്ട വർത്തമാനകാലത്ത് വെള്ളാപ്പള്ളിയുടെ പ്രസ്താവന വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾക്കേ ഉപകാരപ്പെടുകയുള്ളുവെന്നും ഹുസൈൻ മടവൂർ വിമർശിച്ചു.

മുസ്ലിം സമുദായം സർക്കാറിൽ നിന്ന് അവിഹിതമായി പലതും നേടിയെടുക്കുന്നുവെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന. പ്രത്യേക വിഭാഗങ്ങളെ പ്രത്യേകമായി താലോലിക്കുന്നു. മുസ്ലിംങ്ങളെ എങ്ങനെയൊക്കെ പ്രീണിപ്പിക്കാമെന്നാണ് ഇടതുപക്ഷ ചിന്ത. മുസ്ലീങ്ങൾക്ക് ചോദിക്കുന്നതെല്ലാം നൽകി. ഈഴവർക്ക് ചോദിക്കുന്നത് ഒന്നും തരുന്നില്ല. കോഴിക്കോട് നിന്നും മലപ്പുറത്ത് നിന്നും തിരുവനന്തപുരത്തേക്ക് വണ്ടി കയറുന്നവർ വൈകുന്നേരം ആവുമ്പോഴേക്കും കാര്യം സാധിച്ച് മടങ്ങുന്നു. ഈഴവർക്ക് നീതി കിട്ടുന്നില്ലെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന. ക്രിസ്ത്യാനികൾക്ക് പോലും സിപിഎമ്മിനോട് വിരോധം ഉണ്ടായി. ന്യൂനപക്ഷക്കാരന് മാത്രം സിപിഎം എല്ലാ പദവിയും അവസരവും നൽകുന്നുവെന്നും വെള്ളാപ്പള്ളി നടേശൻ ആരോപിച്ചിരുന്നു.