കണ്ണൂർ: കാസർകോട് പത്മജയ്‌ക്കെതിരെ താൻ ഒരു പ്രതിഷേധവും രേഖപ്പെടുത്തിയിട്ടില്ലെന്ന് ബി. ജെ.പി ദേശീയ നിർവാഹക സമിതിയംഗം സി.കെ. പത്മനാഭൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. താൻ ഒരിക്കലും തിരക്കിൽ തള്ളികയറി മുൻപിൽ നിൽക്കുന്നയാളല്ല. പത്മജയുടെ പിതാവ് ലീഡറുമായി വ്യക്തിപരമായ ബന്ധം ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന കാലത്ത് പുലർത്തിയിരുന്നു പാർട്ടിക്കുള്ളിൽ താൻ നേരിടുന്ന പ്രശ്‌നങ്ങളും സ്വകാര്യ ദുഃഖങ്ങളും ലീഡർ താനുമായി പങ്കു വെച്ചിട്ടുണ്ട്.

തനിക്ക് അന്ന് വൈകുന്നേരം അഞ്ചരയ്ക്ക് കണ്ണൂരിലേക്ക് ട്രെയിനിൽ വരേണ്ട കാര്യമുള്ളതു കൊണ്ടാണ് പരിപാടി അവസാനിക്കുന്നതിനിടെ മടങ്ങിയത്. എന്നാൽ ഉദ്ഘാടകനായി തന്നെ നിശ്ചയിക്കാത്തത് സംഘാടകരുടെ ഔചിത്യ കുറവാകാമെന്നും സി.കെ. പത്മനാഭൻ പറഞ്ഞു.
ഉദ്ഘാടനം ചെയ്യുന്നത് വലിയ കാര്യമൊന്നുമല്ല കണ്ണൂരിലൊക്കെ ഓട്ടോറിക്ഷയ്ക്കു വന്ന് ഉദ്ഘാടനം ചെയ്തു ഓട്ടോയിൽ തന്നെ മടങ്ങുന്ന പാരമ്പര്യമുള്ളയാളുകളാണ് ഞങ്ങളൊക്കെ. എന്നാൽ പുതിയ കാലത്ത് ചില പ്രവണതകളൊക്കെ പാർട്ടിയിലും കടന്നു വരുന്നുണ്ട്. തെരഞ്ഞെടുപ്പ് കഴിയട്ടെ അത്തരം മൂല്യങ്ങളെ കുറിച്ചു അപ്പോൾ പറയാമെന്നും അത്തരം കാര്യങ്ങൾ കാലം തെളിയിക്കുമെന്നും സി.കെ. പി പറഞ്ഞു.

യുദ്ധത്തിലും പ്രണയത്തിലും വിജയിക്കുക തന്നെയാണ് മുഖ്യം. രാമമന്ത്രവും കൃഷ്ണ തന്ത്രവുമാണ് അതിന്റെ ടെക്‌നോളജിയായി ബിജെപി സ്വീകരിക്കുക. കേരളവും ഭാരതത്തിന്റെ വികസന വഴിയിലേക്ക് വരും. കോൺഗ്രസിന്റെ മുന്മുഖ്യമന്ത്രിമാരുടെ മക്കളിൽ ഇനി പ്രതീക്ഷ ചാണ്ടി ഉമ്മനിലാണെന്നും സി.കെ. പത്മനാഭൻ പറഞ്ഞു.