- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കരുത്ത് തെളിയിക്കാൻ അഹമ്മദ് ദേവർകോവിൽ വിഭാഗം; ഐ എൻ എൽ സംസ്ഥാന സമ്മേളനം 28 മുതൽ; പാർട്ടിയിൽ പിളർപ്പുണ്ടായിട്ടില്ലെന്നും അച്ചടക്ക ലംഘനം നടത്തിയവർക്കെതിരെ നടപടിയെടുത്തത് സ്വാഭാവികമെന്നും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ
കോഴിക്കോട്: കരുത്ത് തെളിയിക്കാനും യഥാർത്ഥ ഐ എൻ എൽ ആരെന്ന് തെളിയിക്കാനുമുള്ള പോരാട്ടത്തിലുമാണ് മന്ത്രി അഹമ്മദ് ദേവർകോവിൽ വിഭാഗവും അബ്ദുൾ വഹാബ് വിഭാഗവും. ഇതിനിടയിലാണ് വർഷങ്ങൾക്ക് ശേഷം സംസ്ഥാന സമ്മേളനം നടത്തി കരുത്ത് തെളിയിക്കാനും യഥാർത്ഥ ഐ എൻ എൽ തങ്ങളുടേതാണെന്ന് പ്രഖ്യാപിക്കാനുമായി അഹമ്മദ് ദേവർ കോവിൽ വിഭാഗം സംസ്ഥാന സമ്മേളനം സംഘടിപ്പിക്കുന്നത്.
ഐ എൻ എൽ സംസ്ഥാന സമ്മേളനം 28,29,30 തിയ്യതികളിലായി കോഴിക്കോട്ട് നടക്കും. 30ന് വൈകീട്ട് ആറിന് കോഴിക്കോട് കടപ്പുറത്തെ സേട്ട് സാഹിബ് നഗറിൽ നടക്കുന്ന പൊതുസമ്മേളനം ഐ എൻ എൽ ദേശീയ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാൻ ഉദ്ഘാടനം ചെയ്യും. ഡി എം കെ സെക്രട്ടറി കനിമൊഴി എം പി, എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മന്ത്രി എ കെ ശശീന്ദ്രൻ, ജോസ് കെ മാണി എം പി, ജോൺ ബ്രിട്ടാസ് എം പി, അഡ്വ. എ എം ആരിഫ് എം പി തുടങ്ങിയവർ പങ്കെടുക്കും. സമ്മേളനത്തിന് മുന്നോടിയായി മൂന്ന് മണിക്ക് ശക്തിപ്രകടനവും നടക്കുമെന്ന് ഐ എൻ എൽ നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി യുവജന-വിദ്യാർത്ഥി സംഗമം, വനിതാ സിമ്പോസിയം, തൊഴിലാളി സമ്മേളനം, ദേശീയ സെമിനാർ തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ചലച്ചിത്ര താരം ടൊവിനോ തോമസ് ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ചാണ് വിവിധ പരിപാടികൾ ഐ എൻ എൽ ഒരുക്കുന്നത്. മന്ത്രിമാരായ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, എം ബി രാജേഷ്, ആന്റണി രാജു, ബിനോയ് വിശ്വം എം പി, എം കെ രാഘവൻ എം പി, വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി, അഡ്വ. രശ്മിത രാമചന്ദ്രൻ, ശ്രീജ നെയ്യാറ്റിൻകര, ആയിഷ സുൽത്താന, ചിന്ത ജെറോം, എഴുത്തുകാരൻ കെ പി രാമനുണ്ണി തുടങ്ങിയവരെല്ലാം പരിപാടിയിൽ സംബന്ധിക്കുന്നുണ്ട്.
പാർട്ടിയിൽ പിളർപ്പുണ്ടായിട്ടില്ലെന്നും അച്ചടക്കം ലംഘിച്ചവർക്കെതിരെ നടപടിയെടുത്തത് സ്വാഭാവികം മാത്രമാണെന്നും പാർട്ടി പ്രസിഡന്റ് അഹമ്മദ് ദേവർകോവിലും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും വ്യക്തമാക്കി. യഥാർത്ഥ ഐ എൻ എൽ സംബന്ധിച്ച് കോടതിയിൽ നിന്ന് തങ്ങൾക്ക് അനുകൂലമായി വിധി ഉണ്ടായിട്ടുണ്ട്. ഐ എൻ എല്ലിന്റെ പേരോ പതാകയോ ഉപയോഗിക്കുന്നതിൽ നിന്ന് എതിർ വിഭാഗത്തെ കോടതി വിലക്കിയിട്ടുമുണ്ട്. എന്നാലിപ്പോഴും പേരുൾപ്പെടെ ഉപയോഗിച്ചാണ് അവർ മുന്നോട്ട് പോകുന്നത്. ഈ സാഹചര്യത്തിൽ അവർക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും നേതാക്കൾ അറിയിച്ചു.
പതിനായിരക്കണക്കിന് ആളുകൾ പാർട്ടിയിൽ പുതുതായി മെമ്പർഷിപ്പ് എടുത്തിട്ടുണ്ട്. തെറ്റിദ്ധരിച്ച് പാർട്ടിയിൽ നിന്ന് പുറത്ത് പോയവർക്ക് പാർട്ടിയിലേക്ക് തിരിച്ചുവരാം. എന്നാൽ പാർട്ടി ദേശീയ നേതൃത്വം നടപടിയെടുത്തവർക്ക് നടപടി കാലാവധി കഴിയുന്നത് വരെ കാത്തിരിക്കേണ്ടിവരും. ഇടതു മുന്നണിയിൽ ഒരു ഐ എൻ എൽ മാത്രമേയുള്ളുവെന്നും അത് തങ്ങൾ നേതൃത്വം നൽകുന്ന പാർട്ടിയാണെന്നും കാസിം ഇരിക്കൂർ വ്യക്തമാക്കി.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.