തൃശ്ശൂർ: അനാവശ്യ നിയന്ത്രണങ്ങളുടെ പേരിൽ തൃശ്ശൂർ പൂരം കുളമാക്കിയ തൃശ്ശൂർ കമ്മിഷണർ അങ്കിത് അശോകനെ സ്ഥലം മാറ്റി. പകരം ആർ.ഇളങ്കോ തൃശ്ശൂർ കമ്മീഷണറാകും. അങ്കിത് അശോകന് പുതിയ പോസ്റ്റിങ് നൽകിയിട്ടില്ല. നേരത്തേ തന്നെ അങ്കിത് അശോകനെ സ്ഥലം മാറ്റാനുള്ള തീരുമാനമെടുത്തിരുന്നെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാരണമാണ് ഉത്തരവ് വൈകിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിന് കാരണം പൂരം അലങ്കോലമായതുകൊണ്ടാണെന്ന് വരെ വിലയിരുത്തൽ ഉയർന്നിരുന്നു.

തൃശ്ശൂർ പൂരം അലങ്കോലപ്പെട്ടതിനെത്തുടർന്നാണ് സ്ഥലം മാറ്റാൻ തീരുമാനിച്ചിരുന്നത്. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് പൊലീസ് ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെ തുടർന്ന് തർക്കം ഉടലെടുക്കുകയും വെടിക്കെട്ട് വൈകുകയുമായിരുന്നു. രാവിലെ 7.15-ഓടെയാണ് വെടിക്കെട്ട് ആരംഭിച്ചത്.

പൊലീസ് കമ്മിഷണർ അങ്കിത് അശോകന്റെ നേതൃത്വത്തിൽ വെടിക്കെട്ടുസ്ഥലത്തുനിന്ന് ഭൂരിഭാഗം ജീവനക്കാരെയും കമ്മിറ്റി അംഗങ്ങളെയും ഒഴിവാക്കാനുള്ള നീക്കവും തർക്കത്തിനിടയാക്കിയിരുന്നു. പൂരത്തിന് ആനകൾക്ക് നൽകാൻ കൊണ്ടുവന്ന പട്ടയും കുടമാറ്റത്തിനെത്തിച്ച കുടയും കമ്മിഷണർ അങ്കിത് അശോകൻ തടയുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. 'എടുത്തു കൊണ്ട് പോടാ പട്ട' എന്ന് കമ്മിഷണർ ആക്രോശിക്കുന്നതും വീഡിയോയിൽ വ്യക്തമായിരുന്നു. തുടർന്ന് അങ്കിത് അശോകനെ സ്ഥലം മാറ്റാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകുകയും ചെയ്തു. എന്നാൽ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തിരഞ്ഞെടുപ്പ് കമ്മിഷൻ അതിന് അനുവാദം നൽകിയിരുന്നില്ല.

ഐഎഎസ് തലപ്പത്തും വലിയ മാറ്റങ്ങളാണുണ്ടായത്. ശ്രീറാം സാംബശിവ റാവുവിനെ തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടറാക്കി. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറായിരുന്ന എംജി രാജമാണിക്യം ഐഎഎസിനെ റവന്യൂ (ദേവസ്വം) സെക്രട്ടറിയായി നിയമിച്ചു. ആരോഗ്യവകുപ്പ് സെക്രട്ടറി രാജൻ എൻ കോബ്രഗഡെയ്ക്ക് സാംസ്‌കാരിക വകുപ്പിന്റെ അധിക ചുമതല നൽകി.

അവധിയിൽ നിന്ന് തിരിച്ചെത്തിയ ടിവി അനുപമയെ തദ്ദേശ സ്വയംഭരണ വകുപ്പിൽ സ്‌പെഷ്യൽ സെക്രട്ടറിയായും നിയമിച്ചു. മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടറായിരുന്ന ഹരിത വി കുമാരിയെ വനിതാ ശിശുക്ഷേമ വകുപ്പിലേക്കും മാറ്റിയിട്ടുണ്ട്. പ്രേംകുമാറിനെ ഐഎഎസ് വാട്ടർ അഥോറിറ്റിയുടെ എംഡിയായും നിയമിച്ചു.