- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത് സ്‌റ്റേ ചെയ്തില്ല
ന്യൂഡൽഹി: ആദായ നികുതി റിട്ടേൺ അടയ്ക്കാൻ വൈകിയതിന്റെ പേരിൽ കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത് സ്‌റ്റേ ചെയ്തില്ല. പാർട്ടിയുടെ ആവശ്യം ആദായനികുതി ട്രിബ്യൂണൽ തള്ളി. ഹൈക്കോടതിയിൽ പോകാനായി പത്തു ദിവസത്തേക്ക് കോൺഗ്രസ് സ്റ്റേ ആവശ്യപ്പെട്ടെങ്കിലും സാങ്കേതിക വിഷയം ചൂണ്ടിക്കാട്ടിയാണ് ആദായനികുതി ട്രിബ്യൂണൽ സ്റ്റേ ആവശ്യം തള്ളിയത്.
ആദായനികുതിവകുപ്പ് തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലുള്ള 115 കോടി രൂപ മരവിപ്പിച്ചെന്ന വിവരം ഫെബ്രുവരി 16-നാണ് കോൺഗ്രസ് പുറത്തുവിടുന്നത്. 2018-19 സാമ്പത്തിക വർഷത്തിലെ കുടിശ്ശികയും പിഴയുമടക്കം 210 കോടി രൂപ നികുതിയടക്കാനുണ്ടെന്ന കാരണം പറഞ്ഞാണ് ആദായനികുതി വകുപ്പിന്റെ നടപടി. പണം പിടിച്ചെടുത്ത സാഹചര്യത്തിൽ കോൺഗ്രസ് ഇൻകംടാക്സ് അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിച്ച് പരാതി നൽകുകയായിരുന്നു.
അക്കൗണ്ട് മരവിപ്പിച്ചാൽ ബില്ലുകൾ മാറാൻ സാധിക്കില്ലെന്നും ശമ്പളം നൽകാൻ സാധിക്കില്ലെന്നും പാർട്ടി അറിയിച്ചു. വാദം കേൾക്കാനിരിക്കെ ആദായനികുതി വകുപ്പ് കോൺഗ്രസിന്റെ മൂന്ന് അക്കൗണ്ടുകളിൽ നിന്ന് 65 കോടി രൂപ പിൻവലിച്ചതായി കോൺഗ്രസ് ട്രഷറർ അജയ് മാക്കൻ ആരോപിച്ചു. "രാഷ്ട്രീയ പാർട്ടികൾ വരുമാന നികുതി അടയ്ക്കുന്നത് സാധാരണമാണോ? ബിജെപി വരുമാന നികുതി അടയ്ക്കുന്നുണ്ടോ? ഇല്ല, പിന്നെ എന്തുകൊണ്ടാണ് 210 കോടി രൂപ കോൺഗ്രസിനോട് നികുതി അടയ്ക്കാൻ ആവശ്യപ്പെടുന്നത്?" അജയ് മാക്കൻ ചോദിച്ചു.
അഞ്ച് കൊല്ലം മുമ്പ് ആദായ നികുതി റിട്ടേൺ അടയ്ക്കാൻ വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ കഴിഞ്ഞ ദിവസം മരവിപ്പിച്ചത്. 210 കോടി പിഴയും ചുമത്തി. അറിയിപ്പ് പോലും നല്കാതെയാണ് കോൺഗ്രസിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചത്. ചെക്കുകൾ ബാങ്കുകൾ സ്വീകരിക്കാതെ വന്നതോടെയാണ് അക്കൗണ്ടുകൾ ആദായ നികുതി വകുപ്പ് മരവിപ്പിച്ചതായി കോൺഗ്രസ് തിരിച്ചറിഞ്ഞത്.
കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും നാല് അക്കൗണ്ടുകൾ മരവിപ്പിച്ചു. കോൺഗ്രസ് ക്രൗഡ് ഫണ്ടിങ്ങിലൂടെയും മെമ്പർഷിപ്പിലൂടെയും സമാഹരിച്ച പണം അക്കൗണ്ടുകളിലുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് നടന്ന 2018-19 വർഷം ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ 45 ദിവസം വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ തെരഞ്ഞെടുപ്പ് കാലത്ത് നടപടിയെന്നതാണ് ശ്രദ്ധേയം.
പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ചെറുക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കമാണിതെന്നാണ് കോൺഗ്രസിന്റെ ആരോപണം. ദേശീയ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നും ബിജെപി സർക്കാരിന്റെ സാമ്പത്തിക ഭീകരതയാണിതെന്നും നേരത്തേ പാർട്ടി വിമർശിച്ചിരുന്നു