- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൗരത്വം കൊടുക്കുന്നതിന് എതിരല്ല, എതിർക്കുന്നത് മതാടിസ്ഥാന പക്ഷപാതത്തെ; പി കെ കുഞ്ഞാലിക്കുട്ടി
ന്യൂഡൽഹി: പൗരത്വം കൊടുക്കുന്നതിന് എതിരല്ലെന്നും പൗരത്വത്തിലെ മതാടിസ്ഥാന പക്ഷപാതത്തെയാണ് എതിർക്കുന്നതെന്ന് മുസ് ലിം ലീഗ്. ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോക്‌സഭ തെരഞ്ഞെടുപ്പ് വേളയിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ കേന്ദ്ര സർക്കാർ ധ്രുതി കാണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ കേസുകൾ പിൻവലിക്കാനുള്ള ഇടത് സർക്കാറിന്റെ തീരുമാനം വൈകിപ്പോയി. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ശേഷം കേസുകൾ എങ്ങനെ പിൻവലിക്കാനാണ്. കേസുകൾ പിൻവലിക്കുന്നുവെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉപയോഗിക്കാൻ സാധിക്കും. പൗരത്വ കേസുകൾ നേരത്തെ തന്നെ പിൻവലിക്കാൻ സർക്കാറിന് സാധിക്കുമായിരുന്നുവെന്നും പി.കെ. കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
പൗരത്വ വിഷയത്തിൽ ജനങ്ങൾ ആശങ്കയിലാണെന്ന് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഈ വിഷയത്തിൽ കേസുമായി ലീഗ് മുന്നോട്ടു പോവുകയാണ്. അനുകൂല വിധി പ്രതീക്ഷിക്കുന്നുവെന്നും സാദിഖലി തങ്ങൾ മാധ്യമങ്ങളോട് വ്യക്തമാക്കി.
അതേസമയം പൗരത്വ ഭേദഗതി നിയമം ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിന് എതിരാണെന്ന് ഡിവൈഎഫ്ഐ. അന്തസ്സോടെ ജീവിക്കാൻ ഉറപ്പ് നൽകുന്ന ഭരണഘടനാ അനുച്ഛേദത്തിന്റെ ലംഘനമാണ് പൗരത്വഭേദഗതി നിയമമെന്നും ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി. നിയമം നടപ്പാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീംകോടതിയിൽ എഴുതി നൽകിയ വാദത്തിലാണ് സംഘടന ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
നിയമം നടപ്പാക്കിയാൽ പാക്കിസ്ഥാൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിൽ അനധികൃതമായി എത്തിയ മുസ്ലിം ഇതര വിഭാഗത്തിൽ പെട്ടവർക്ക് പൗരത്വം ലഭിക്കും. എന്നാൽ, ഈ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിൽ അനധികൃതമായി എത്തിയ മുസ്ലിങ്ങൾക്ക് പൗരത്വം ലഭിക്കില്ല. മതത്തിന്റെ പേരിലുള്ള ഈ വേർതിരിവ് ഭരണഘടനയുടെ 14-ാം അനുചേദത്തിന്റെ ലംഘനമാണെന്നും ഡിവൈഎഫ്ഐ എഴുതി നൽകിയ വാദത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നിയമം നടപ്പാക്കിയാൽ പൗരത്വം ലഭിക്കുന്നതിന് പാക്കിസ്ഥാൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിൽ എത്തിയ മുസ്ലിങ്ങൾക്ക് മതം മാറേണ്ടിവരുമെന്നും ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടുന്നു. നിയമം ഭരണഘടനയുടെ മതേതര സങ്കൽപ്പങ്ങൾക്ക് എതിരാണെന്നും സംഘടന വാദിക്കുന്നു. അഭിഭാഷകരായ കെ.ആർ. സുഭാഷ് ചന്ദ്രൻ, ബിജു പി. രാമൻ എന്നിവരാണ് വാദം സുപ്രീം കോടതിയിൽ എഴുതിനൽകിയത്.