മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റിലുറച്ച് മുസ്ലിം ലീഗ്. സീറ്റ് ആവശ്യം ഉന്നയിച്ചു സമ്മർദ്ദം ശക്തമാക്കാനാണ് നീക്കം. യുഡിഎഫ് യോഗം ബഹിഷ്‌കരിക്കാനും ആലോചനയുണ്ട്. ലോക്‌സഭാ സീറ്റില്ലെങ്കിൽ രാജ്യസഭാ സീറ്റ് പ്രഖ്യാപനം നടത്തണമെന്ന് ലീഗ് ആവശ്യപ്പെട്ടു. രാജ്യസഭാ സീറ്റും നൽകില്ലെന്ന കോൺഗ്രസ് നിലപാടിൽ ലീഗിന് കടുത്ത അതൃപ്തിയുണ്ട്. അതുകൊണ്ട് രാജ്യസഭാ സീറ്റിൽ നിലയുറപ്പിക്കാനാണ് നീക്കം. സീറ്റ് തന്നില്ലെങ്കിൽ കടുത്ത തീരുമാനങ്ങൾ എടുക്കുമെന്നും ലീഗ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കാനാണ് ലീഗിന്റെ ശ്രമം.

സിറ്റിങ് എംപിമാരെല്ലാം മത്സരിക്കണമെന്ന കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനത്തെ തുടർന്ന് 16 എംപിമാരും വീണ്ടും മത്സരിക്കേണ്ട സ്ഥിതിയാണ്. രാഹുൽ ഗാന്ധി വയനാട്ടിൽ വീണ്ടും ജനവിധി തേടുമെന്ന പ്രതീക്ഷയിലാണ് കെപിസിസി. താത്പര്യമില്ലെന്ന് അറിയിച്ചിരുന്ന കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ കണ്ണൂരിൽ വീണ്ടും മത്സരിക്കേണ്ടി വന്നേക്കും. അവരിരുവരും മത്സരിച്ചില്ലെങ്കിലും രാഹുലിന്റെയും സുധാകരന്റെയും സീറ്റുകൾ ലീഗിനു കൈമാറാനാവില്ലെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.

സിറ്റിങ് സീറ്റ് അല്ലാത്ത ആലപ്പുഴ മണ്ഡലം ലീഗിന്റെ ശക്തികേന്ദ്രമല്ലാത്തതിനാൽ അനുവദിക്കാനാവില്ല. ലീഗിന് അധിക സീറ്റ് അനുവദിച്ചാൽ സിപിഎമ്മും ബിജെപിയും നടത്തിയേക്കാവുന്ന എതിർ പ്രചാരണങ്ങളെ അവഗണിക്കാനാവില്ലെന്നാണ് കോൺഗ്രസ് പക്ഷം. ഒഴിവുവരുന്ന രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ ഇപ്പോൾ പ്രഖ്യാപിക്കാനാവില്ല. നിലവിൽ കോൺഗ്രസിന്റെ ജെബി മേത്തറും ലീഗിന്റെ പി.വി. അബ്ദുൽവഹാബുമാണു യുഡിഎഫിന്റെ രാജ്യസഭാ എംപിമാർ.

ജൂലൈയിൽ ഒഴിവു വരുന്ന സീറ്റ് നൽകിയാൽ മുന്നണിയുടെ മൂന്നിൽ രണ്ടു സീറ്റും ലീഗിനാകും. മാത്രവുമല്ല, ഒരേ സമുദായാംഗങ്ങൾ മാത്രമാണ് യുഡിഎഫ് രാജ്യസഭാ എംപിമാർ എന്ന പ്രചാരണം ഉണ്ടാവുകയും ചെയ്യും. അത് ഒട്ടും ഗുണം ചെയ്യില്ലെന്നുമാണ് കോൺഗ്രസ് വിലയിരുത്തൽ. അതിനാൽ രാജ്യസഭാ സീറ്റിന്റെ കാര്യം പിന്നീട് പരിഗണിക്കാം എന്നതാവും കോൺഗ്രസ് നിലപാട്.

ഇതിന് മറുപടിയായി, രാജ്യസഭാ സീറ്റ് തന്നാലും മൂന്നാം ലോകസഭാ സീറ്റ് എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് മുതിർന്ന ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ എംപി ഇന്നലെ തുറന്നടിച്ചു. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിനു ശേഷം ലോകസഭയിൽ മൂന്നാം സീറ്റെന്ന ആവശ്യത്തിൽ നിന്ന് മുസ്ലിം ലീഗ് പിറകോട്ടു പോയിട്ടില്ലെന്നാണ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചത്.

മൂന്നാം സീറ്റ് നൽകാനുള്ള പ്രായോഗിക പ്രയാസം കോൺഗ്രസ് നേതൃത്വം കഴിഞ്ഞ ദിവസം സാദിഖലി തങ്ങളെയും കുഞ്ഞാലിക്കുട്ടിയെയും അറിയിച്ചതിനു ശേഷമായിരുന്നു ഈ യോഗം. യുഡിഎഫിന്റെ സീറ്റ് വിഭജന ചർച്ച 25ന് കൊച്ചിയിൽ നടക്കും. അന്ന് മൂന്നാം സീറ്റ് പ്രശ്‌നം എങ്ങനെ പരിഹരിക്കാം എന്നതാവും ചർച്ച. വിദേശത്തു നിന്ന് 26ന് സാദിഖലി തങ്ങൾ തിരിച്ചെത്തിയ ശേഷമാവും ലീഗിന്റെ അന്തിമ തീരുമാനം.

അതേസമയം ലീഗിന് മൂന്നാം സീറ്റ് ലഭിക്കമെന്നാണ് പിഎംഎ സലാം പറയുന്നത്. ചർച്ച പുരോഗമിക്കുകയാണ്. 25ന് എറണാകുളത്ത് നടക്കുന്ന അന്തിമ ചർച്ചയിൽ തീരുമാനമുണ്ടാകും. രാജ്യസഭ സീറ്റിനെ കുറിച്ച് ചർച്ച നടന്നിട്ടില്ല. രാജ്യസഭ സീറ്റ് വേണമെന്ന് ലീഗ് ആവശ്യപ്പെട്ടിട്ടില്ലെന്നും പി.എം.എ. സലാം മാധ്യമങ്ങളോട് പറഞ്ഞു.

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കിയ കെ.എസ്. ഹംസയെയാണ് പൊന്നാനിയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി സിപിഎം മത്സരിപ്പിക്കുന്നത്. ലീഗിനും സമസ്തക്കും ഇടയിലെ അകൽച്ച മുതലെടുക്കുക, കാന്തപുരം ഗ്രൂപ്പ് അടക്കം മറ്റു മുസ്‌ലിം സംഘടനകളുമായി ഹംസക്കുള്ള അടുപ്പം വോട്ടാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ സിപിഎമ്മിനുണ്ട്.

പ്രവർത്തകനിൽ നിന്ന് സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി വരെയായ കെ.എസ്. ഹംസ തൃശൂർ ചേലക്കര തൊഴുപ്പാടം സ്വദേശിയാണ്. ലീഗ് സംഘടന സംവിധാനം അറിയാവുന്ന ഹംസക്ക് ഇത് ഫലപ്രദമായി ഉപയോഗിക്കാനാവുമെന്നാണ് സിപിഎം കരുതുന്നത്. മുഈനലി തങ്ങൾ ചെയർമാനായ ഹൈദരലി തങ്ങൾ ഫൗണ്ടേഷന്റെ കൺവീനറുമാണ് ഇദ്ദേഹം.

കഴിഞ്ഞ മാർച്ചിലാണ് ഹംസയെ അച്ചടക്കലംഘനം ആരോപിച്ച് ലീഗ് പുറത്താക്കിയത്. പാർട്ടി യോഗങ്ങളിലെ ചർച്ച മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതിന് സസ്‌പെൻഡ് ചെയ്യപ്പെട്ട ഹംസ, ലീഗ് സംസ്ഥാന കൗൺസിൽ യോഗത്തിനെതിരെ കോടതിയെ സമീപിച്ച് വാർത്തകളിൽ ഇടംനേടിയിരുന്നു. പിന്നീട് കുഞ്ഞാലിക്കുട്ടി വിരുദ്ധരുടെ കൂട്ടായ്മ രൂപപ്പെടുത്താൻ നേതൃത്വം നൽകി. അതേസമയം ഹംസയുടെ വരവോടെ പൊന്നാനിയിൽ ലീഗിന്റെ വിജയം എളുപ്പമായെന്ന് പി.എം.എ. സലാം പ്രതികരിച്ചു. ലീഗിൽ നിന്നും പുറത്താക്കപ്പെടുകയും ചെയ്ത വ്യക്തിയാണ് ഹംസ. ഹംസ സ്ഥാനാർത്ഥിയാകുമെന്ന വാർത്തയോടെ ലീഗ് പ്രവർത്തകർ ആവേശത്തിലാണ്. പൊന്നാനിയിൽ പാർട്ടി സ്ഥാനാർത്ഥിക്ക് ഭൂരിപക്ഷം വർധിക്കുമെന്നും പി.എം.എ. സലാം വ്യക്തമാക്കി.