തിരുവനന്തപുരം: കേരളത്തിലെ മുന്നണി സംവിധാനത്തിൽ യുഡിഎഫിന്റെ നട്ടെല്ലായി നില കൊള്ളുന്നത് മുസ്ലിംലീഗാണ്. കോൺഗ്രസിന്റെ വിജയങ്ങളിൽ പലപ്പോഴും നിർണായകമാകുന്നത് ലീഗിന്റെ കരുത്തു തന്നെയാണ്. എന്നാൽ, കുറച്ചുകാലമായി സമസ്തയിലും മറ്റും നടക്കുന്ന പടലപ്പിണക്കങ്ങളും സിപിഎം ലീഗിന്റെ വോട്ടുബാങ്കിനെ ലക്ഷ്യമാക്കി ഇറങ്ങിക്കളിക്കുകയും ചെയ്യുന്നതോടെ ലീഗ് അൽപ്പം ക്ഷീണത്തിലാണ്.

എന്നാൽ ദേശീയ തലത്തിൽ കോൺഗ്രസ് കൂടുതൽ ക്ഷീണിച്ചതോടെ കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ട് ലീഗും രംഗത്തുവന്നു. കോൺഗ്രസിന്റെ ദൗർബല്യം മുതലെടുക്കാനാണ് ലീഗിന്റെ ശ്രമം. ഇക്കുറി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് ആവശ്യപ്പെട്ടാണ് മുസ്ലിംലീഗ് രംഗത്തുവന്നിരിക്കുന്നത്. എപ്പോഴും പറയുംപോലെ അല്ല, ഇത്തവണ സീറ്റ് വേണമെന്ന് കർശന ആവശ്യം ഉന്നയിച്ചിരിക്കുകയാണ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി.

ഇത്തവണ സീറ്റ് വേണമെന്ന് തന്നെയാണ് അഭിപ്രായെമന്നും നടന്നത് പ്രാഥമിക ചർച്ചകൾ മാത്രമെന്നും കുഞ്ഞാലിക്കുട്ടി വിശദമാക്കി. സാദിഖലി തങ്ങൾ വിദേശത്ത് നിന്നെത്തിയാൽ പാർട്ടി ഇക്കാര്യം ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ യുഡിഎഫ് യോഗത്തിൽ ഇക്കാര്യം ലീഗ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, തങ്ങൾ നിസ്സഹായരാണെന്നാണ് കോൺഗ്രസ് നേതാക്കൾ അറിയിച്ചത്.

യൂത്ത് ലീഗിനാണ് ഒരു സീറ്റ് വേണമെന്ന ആവശ്യം. തെരഞ്ഞെടുപ്പിൽ യുവാക്കൾക്ക് അവസരം വേണമെന്ന് പി കെ ഫിറോസ് അടക്കമുള്ളവർ ഉന്നയിച്ചിട്ടുണ്ട്. 2011ലെ അഞ്ചാം മന്ത്രിവേണമെന്ന മുസ്ലീലിഗിന്റെ ശക്തമായ നിലപാടിന്റെ സമാനതയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. എന്നാൽ ലീഗിന് വഴങ്ങരുതെന്ന നിലപാടിലാണ് കോൺഗ്രസ് പാർട്ടിലെ നേതാക്കൾ. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് കൂടി വേണമെന്ന ആവശ്യം നേരത്തേ മുതൽ മുസ്ലിം ലീഗും യൂത്ത് ലീഗും ഉന്നയിക്കുന്നുണ്ട്.സീറ്റ് ചർച്ചകളിൽ നിന്ന് നേരത്തെ പിന്മാറിയത് മുന്നണി ബന്ധം തകരാതിരിക്കാനാണ്.

വിട്ടുവീഴ്ചയെന്നത് ലീഗിന്റെ മാത്രം ബാധ്യതയല്ല. ലീഗിന്റെത് ന്യായമായ അവകാശമാണ്. ലീഗ് എല്ലാകാലത്തും മുന്നണിയിൽ വിട്ടുവീഴ്ച ചെയ്യുന്നതിൽ പാർട്ടിക്ക് അകത്ത് പ്രശ്‌നങ്ങളുണ്ടെന്നു ലീഗ് നേതൃത്വം സമ്മതിക്കുന്നു. കെ സുധാകരൻ മത്സരിക്കാത്ത കണ്ണൂർ സീറ്റ് ലക്ഷ്യം വച്ചാണ് ലീഗ് സീറ്റ് ആവശ്യം ഉന്നയിക്കുന്നത്. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കാത്ത പക്ഷം ആ സീറ്റും ലീഗ് ആവശ്യപ്പെടും. കേരള കോൺഗ്രസ് മുന്നണി വിട്ടതോടെ ഒരു സീറ്റ് അധികം യുഡിഎഫിന്റെ കയ്യിലുണ്ട്. അതിനാൽ തങ്ങൾക്ക് സീറ്റ് കൂടയേ തീരുവെന്നാണ് ലീഗിന്റെ വാശിയും. കോട്ടയം സീറ്റ് കേരള കോൺഗ്രസ് (ജോസഫ് )വിഭാഗത്തിന് നൽകാൻ ധാരണയായിട്ടുണ്ട്.

അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മൂന്നാമതൊരു സീറ്റ് ലഭിച്ചില്ലെങ്കിൽ സംസ്ഥാനത്തിന് പുറത്ത് ഒരു സീറ്റ് അധികം വേണെന്നതാണ് ലീഗിന്റെ ആവശ്യം. കേരളത്തിലെയും തമിഴ്‌നാട്ടിലെയും സിറ്റിങ് സീറ്റുകൾക്ക് പുറമെ മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ ഏതെങ്കിലുമൊന്നിൽ ഒരു സീറ്റ് കൂടി ഇന്ത്യ മുന്നണിയിൽനിന്ന് നേടാനാണ് നീക്കം.

മുസ്ലിം വോട്ടുകൾ നിർണായകമാകുന്ന മൂന്ന് സീറ്റുകളിൽ ഏതെങ്കിലുമൊന്നാണ് ലീഗിന്റെ മനസ്സിൽ. മഹാരാഷ്ട്രയിലെ അമരാവതിയാണ് അതിലൊന്ന്. കോൺഗ്രസിന്റെയും എൻസിപിയുടെയും പിന്തുണയോടെ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച സിനിമാ താരം നവനീത് കൗർ റാണയാണ് നിലവിലെ എംപി. രണ്ടാമതായി വന്നത് ശിവസേനയും.

രണ്ടാമത്തെ ചോയ്സ് ഉത്തർപ്രദേശിലെ മീററ്റാണ്. കഴിഞ്ഞ തവണ ബിജെപി വിജയിച്ച സീറ്റിൽ ബിഎസ്‌പി രണ്ടാമതും കോൺഗ്രസ് മൂന്നാമതുമായിരുന്നു. ഇന്ത്യ മുന്നണിയുടെ ഭാഗമായ ത്യണമൂൽ കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ മുർഷിദാബാദാണ് ലീഗിന് നോട്ടമുള്ള മൂന്നാം സീറ്റ്. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഇവിടെ മുമ്പ് ലീഗിന് ജനപ്രതിനിധികളുണ്ടായിരുന്നു. മൂന്നിൽ ഏതെങ്കിലുമൊരു സീറ്റ് ലഭിച്ചാൽ യൂത്ത് ലീഗ് ദേശീയ കമ്മിറ്റി നിർദേശിക്കുന്നയാൾക്ക് മത്സരിക്കാൻ അവസരം നൽകും.

പൊന്നാനി, മലപ്പുറം സീറ്റുകളിലും തമിഴ്‌നാട്ടിലെ രാമനാഥപുരം സീറ്റിലുമാണ് ലോക്സഭയിൽ ലീഗ് മത്സരിക്കുന്നത്. പൊന്നാനിയിൽ ഇ ടി മുഹമ്മദ് ബഷീറും മലപ്പുറത്ത് അബ്ദുസമദ് സമദാനിയും രാമനാഥപുരത്ത് നവാസ് ഗനിയും വിജയിച്ചതോടെ നൂറ് ശതമാനം വിജയമായിരുന്നു 2019ൽ ലീഗ് നേടിയത്.