കോട്ടയം: ലോക്‌സഭ തിരഞ്ഞെടുപ്പിൽ മൂന്നാം സീറ്റിനായി മുസ്ലിംലീഗ് തുടക്കത്തിൽ വലിയ താൽപ്പര്യം കാണിച്ചിരുന്നില്ല. രണ്ട് സീറ്റു കൊണ്ടു തൃപ്തിപ്പെടുമെന്നതായിരുന്നു പ്രതീതി. എന്നാൽ, ഇപ്പോൾ പൊടുന്നനെ ലീഗ് നിലപാട് കടുപ്പിച്ചിതിന്റെ അമ്പരപ്പിലാണ് നേതൃത്വം. നിലവിലെ സ്ഥിതിയിൽ ലീഗിന് മൂന്നാമതൊരു ലോക്‌സഭ സീറ്റ് നൽകിയാൽ മുന്നണിക്ക് തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലിലാണ് കെപിസിസി.

ജൂൺ മാസത്തിൽ നടക്കാനിരിക്കുന്ന രാജ്യസഭ തിരഞ്ഞെടുപ്പിലെ വിജയസാധ്യതയുള്ള സീറ്റിനായുള്ള വിലപേശൽ തന്ത്രമാണ് ലീഗ് നടത്തുന്നതെന്ന സംശയവും കോൺഗ്രസിനുണ്ട്. ഈ സീറ്റുകളിലേക്ക് സി പി ജോൺ അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു. ഇതിനിടെയാണ് ലീഗ് മൂന്നാം സീറ്റിൽ ആവശ്യം കടുപ്പിച്ചത്.

മുന്നണിയിലെ സീറ്റു വിഭജനം വേഗത്തിൽ പൂർത്തിയാക്കി നേരത്തെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് നീങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് പൊടുന്നനെ കുഞ്ഞാലിക്കുട്ടിയുടെ മൂന്നാം സീറ്റാവശ്യം എത്തിയത്. ലീഗിൻ ഇക്കാര്യത്തിൽ വേണ്ടത്ര ചർച്ചകൾ നടന്നിട്ടുണ്ടോ എന്ന കാര്യം അടക്കം സംശയമാണ്. കഴിഞ്ഞ തവണയും അതിനു മുമ്പത്തെ തവണയും ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് മൂന്നാം സീറ്റ് ആവശ്യം ലീഗ് മുന്നോട്ട് വച്ചിരുന്നെങ്കിലും അവസാനം പിൻവാങ്ങുന്നതായിരുന്നു പതിവ്.

എന്നാൽ, കുഞ്ഞാലിക്കുട്ടിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയിലെ കാർക്കശ്യത്തിന്റെ സ്വരം സീറ്റ് വിഭജനത്തിൽ അലോസരമുണ്ടാക്കുമോ എന്ന ആശങ്കയിലാണ് കോൺഗ്രസ്. ലീഗിന് മൂന്നാം സീറ്റു കൊടുത്താൽ ഉമ്മൻ ചാണ്ടി സർക്കാരിനെ വെട്ടിലാക്കിയ അഞ്ചാം മന്ത്രി വിവാദത്തിനു സമാനമായ സാഹചര്യം ഇപ്പോഴത്തെ സാമൂഹ്യ അന്തരീക്ഷത്തിൽ രൂപപ്പെടുമെന്ന് കോൺഗ്രസിന് പേടിയുണ്ട്. അതു ബോധ്യപ്പെടുത്തി ലീഗിനെ സീറ്റാവശ്യത്തിൽ നിന്ന് പിന്തിരിപ്പിക്കാനാകും അടുത്ത ഉഭയകക്ഷി യോഗത്തിൽ കോൺഗ്രസ് ശ്രമിക്കുക. ദേശീയ സാഹചര്യം മുൻനിർത്തി പിന്തിരിപ്പിക്കാനും ശ്രമിക്കും.

എന്നാൽ വരുന്ന ജൂണിൽ കേരളത്തിൽ 3 രാജ്യസഭ സീറ്റുകൾ ഒഴിവു വരുന്നുണ്ട്. ഇപ്പോഴത്തെ നിലയിൽ അതിലൊന്നിൽ യുഡിഎഫിന് ജയം ഉറപ്പാണ്. ലോക്‌സഭ സീറ്റിന്റെ പേരിൽ ലീഗ് നടത്തുന്ന വിലപേശൽ ഈ രാജ്യസഭ സീറ്റ് ലക്ഷ്യമിട്ടാണെന്ന വിലയിരുത്തലും കോൺഗ്രസ് നേതാക്കളിൽ ചിലർ പങ്കുവയ്ക്കുന്നു. കണ്ണൂർ സീറ്റിലാണ് ലീഗിന്റെ കണ്ണ്. ഇവിടെ സുധാകരൻ മത്സരിക്കുന്നില്ലെന്നതാണ് പ്രധാനമായ കാര്യം.

കേരളത്തിലെ മുന്നണി സംവിധാനത്തിൽ യുഡിഎഫിന്റെ നട്ടെല്ലായി നില കൊള്ളുന്നത് മുസ്ലിംലീഗാണ്. കോൺഗ്രസിന്റെ വിജയങ്ങളിൽ പലപ്പോഴും നിർണായകമാകുന്നത് ലീഗിന്റെ കരുത്തു തന്നെയാണ്. എന്നാൽ, കുറച്ചുകാലമായി സമസ്തയിലും മറ്റും നടക്കുന്ന പടലപ്പിണക്കങ്ങളും സിപിഎം ലീഗിന്റെ വോട്ടുബാങ്കിനെ ലക്ഷ്യമാക്കി ഇറങ്ങിക്കളിക്കുകയും ചെയ്യുന്നതോടെ ലീഗ് അൽപ്പം ക്ഷീണത്തിലാണ്.

എന്നാൽ ദേശീയ തലത്തിൽ കോൺഗ്രസ് കൂടുതൽ ക്ഷീണിച്ചതോടെ കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ട് ലീഗും രംഗത്തുവന്നു. കോൺഗ്രസിന്റെ ദൗർബല്യം മുതലെടുക്കാനാണ് ലീഗിന്റെ ശ്രമം. വിട്ടുവീഴ്ചയെന്നത് ലീഗിന്റെ മാത്രം ബാധ്യതയല്ല. ലീഗിന്റെത് ന്യായമായ അവകാശമാണ്. ലീഗ് എല്ലാകാലത്തും മുന്നണിയിൽ വിട്ടുവീഴ്ച ചെയ്യുന്നതിൽ പാർട്ടിക്ക് അകത്ത് പ്രശ്നങ്ങളുണ്ടെന്നു ലീഗ് നേതൃത്വം സമ്മതിക്കുന്നു. കെ സുധാകരൻ മത്സരിക്കാത്ത കണ്ണൂർ സീറ്റ് ലക്ഷ്യം വച്ചാണ് ലീഗ് സീറ്റ് ആവശ്യം ഉന്നയിക്കുന്നത്.

വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കാത്ത പക്ഷം ആ സീറ്റും ലീഗ് ആവശ്യപ്പെടും. കേരള കോൺഗ്രസ് മുന്നണി വിട്ടതോടെ ഒരു സീറ്റ് അധികം യുഡിഎഫിന്റെ കയ്യിലുണ്ട്. അതിനാൽ തങ്ങൾക്ക് സീറ്റ് കൂടയേ തീരുവെന്നാണ് ലീഗിന്റെ വാശിയും. കോട്ടയം സീറ്റ് കേരള കോൺഗ്രസ് (ജോസഫ് )വിഭാഗത്തിന് നൽകാൻ ധാരണയായിട്ടുണ്ട്.

അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മൂന്നാമതൊരു സീറ്റ് ലഭിച്ചില്ലെങ്കിൽ സംസ്ഥാനത്തിന് പുറത്ത് ഒരു സീറ്റ് അധികം വേണെന്നതാണ് ലീഗിന്റെ ആവശ്യം. കേരളത്തിലെയും തമിഴ്‌നാട്ടിലെയും സിറ്റിങ് സീറ്റുകൾക്ക് പുറമെ മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ ഏതെങ്കിലുമൊന്നിൽ ഒരു സീറ്റ് കൂടി ഇന്ത്യ മുന്നണിയിൽനിന്ന് നേടാനാണ് നീക്കം.

മുസ്ലിം വോട്ടുകൾ നിർണായകമാകുന്ന മൂന്ന് സീറ്റുകളിൽ ഏതെങ്കിലുമൊന്നാണ് ലീഗിന്റെ മനസ്സിൽ. മഹാരാഷ്ട്രയിലെ അമരാവതിയാണ് അതിലൊന്ന്. കോൺഗ്രസിന്റെയും എൻസിപിയുടെയും പിന്തുണയോടെ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച സിനിമാ താരം നവനീത് കൗർ റാണയാണ് നിലവിലെ എംപി. രണ്ടാമതായി വന്നത് ശിവസേനയും.

രണ്ടാമത്തെ ചോയ്‌സ് ഉത്തർപ്രദേശിലെ മീററ്റാണ്. കഴിഞ്ഞ തവണ ബിജെപി വിജയിച്ച സീറ്റിൽ ബിഎസ്‌പി രണ്ടാമതും കോൺഗ്രസ് മൂന്നാമതുമായിരുന്നു. ഇന്ത്യ മുന്നണിയുടെ ഭാഗമായ ത്യണമൂൽ കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ മുർഷിദാബാദാണ് ലീഗിന് നോട്ടമുള്ള മൂന്നാം സീറ്റ്. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഇവിടെ മുമ്പ് ലീഗിന് ജനപ്രതിനിധികളുണ്ടായിരുന്നു. മൂന്നിൽ ഏതെങ്കിലുമൊരു സീറ്റ് ലഭിച്ചാൽ യൂത്ത് ലീഗ് ദേശീയ കമ്മിറ്റി നിർദേശിക്കുന്നയാൾക്ക് മത്സരിക്കാൻ അവസരം നൽകും.