മലപ്പുറം: ലോക്‌സഭാ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനായുള്ള മുസ്ലിം ലീഗിന്റെ നിർണായക പാർലമെന്ററി യോഗം ഇന്ന് ചേരും. മലപ്പുറത്തിനും പൊന്നാനിക്കും പുറമെ തമിഴ്‌നാട് രാമനാഥപുരത്തെ സ്ഥാനാർത്ഥിയെയും ഇന്ന് പ്രഖ്യാപിച്ചേക്കും. എന്നാൽ രാജ്യസഭയുടെ കാര്യത്തിലും യുവപ്രാതിനിധ്യത്തിന്റെ കാര്യത്തിലും ലീഗിൽ അനിശ്ചിതത്വം തുടരുകയാണ്.

മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീറും രാമനാഥപുരത്ത് സിറ്റിങ് എംപി നവാസ് ഖനിയും മത്സരിച്ചേക്കും. പൊന്നാനിയിൽ അബ്ദു സമദ് സമദാനിക്കാണ് സാധ്യത കല്പിക്കുന്നതെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ഇത്തവണ ലീഗിന് ലഭിക്കുന്ന രാജ്യസഭാ സീറ്റിൽ ആരെന്നതിൽ ആശയക്കുഴപ്പം തുടരുകയാണ്. പിഎംഎ സലാം, പി.കെ ഫിറോസ്, ഫൈസൽ ബാബു തുടങ്ങിയവരെയും പരിഗണിക്കുന്നുണ്ട്. രാവിലെ പത്ത് മണിക്ക് പാണക്കാടാണ് യോഗം.

രാജ്യസഭാ സീറ്റ് ആർക്ക് നൽകണമെന്ന കാര്യത്തിലും യുവപ്രാതിനിധ്യം എന്ന ആവശ്യത്തെ പരിഗണിക്കുന്നതിലും ലീഗിൽ ഇപ്പോഴും തുടരുന്ന അനിശ്ചിതത്വം സ്ഥാനാർത്ഥി നിർണയത്തെ സങ്കീർണമാക്കുകയാണ്. രാവിലെ പത്ത് മണിക്ക് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ വച്ചാണ് മുസ്ലിം ലീഗ് പാർലമെന്ററി യോഗം ചേരുന്നത്. ലോക്‌സഭയിലേക്ക് ലീഗ് മത്സരിക്കുന്ന മൂന്ന് മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾ പ്രഖ്യാപിക്കും.

മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീറും രാമനാഥപുരത്ത് സിറ്റിങ് എംപി നവാസ് ഖനിയും മത്സരിച്ചേക്കുമെന്നാണ് വിവരം. എന്നാൽ പൊന്നാനിയുടെ കാര്യത്തിൽ ഇപ്പോഴും അന്തിമ തീരുമാനമായിട്ടില്ല. നിലവിൽ മലപ്പുറം എംപിയായ സമദാനിക്കാണ് സാധ്യത കൂടുതലെങ്കിലും അന്തിമ തീരുമാനത്തിലേക്ക് എത്തിയിട്ടില്ല. ഇത്തവണ ലീഗിന് ലഭിച്ച രാജ്യസഭാ സീറ്റിൽ ആരെന്നതിൽ ആശയക്കുഴപ്പം തുടരുന്നതാണ് കാലതാമസത്തിന് കാരണം.

പ്രാതിനിധ്യം ആവശ്യപ്പെട്ട് യൂത്ത് ലീഗും പരസ്യമായി രംഗത്ത് വന്നതോടെ രാജ്യസഭയിലേക്കും പൊന്നാനിയിലേക്കും ആര് എന്നത് നാളത്തെ യോഗത്തിലായിരുക്കും തീരുമാനമാവുക. സമദാനി പൊന്നാനിയിൽ ആണെങ്കിൽ പിഎംഎ സലാം, പികെ ഫിറോസ്, ഫൈസൽ ബാബു എന്നിവരെയാണ് രാജ്യസഭയിലേക്ക് പരിഗണിക്കുക. പിഎംഎ സലാം രാജ്യസഭയിലേക്ക് പോവുകയാണങ്കിൽ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തുടരണോ വേണ്ടയോ എന്നതിലും പാർട്ടിയിൽ ഭിന്നതയുണ്ട്. എന്നാൽ സമദാനി രാജ്യസഭയിലേക്ക് പോകാൻ തയ്യാറായാൽ കെ എം ഷാജി, പി കെ ഫിറോസ്, ഫൈസൽ ബാബു എന്നിവരുടെ പേരുകളാണ് പൊന്നാനിയിലേക്ക് പരിഗണിക്കപ്പെടുക. ഇനിയും ചിത്രം വ്യക്തമാകാത്ത സാഹചര്യത്തിൽ സാദിഖലി ശിഹാബ് തങ്ങളുടെ തീരുമാനമായിരിക്കും നിർണായകമാവുക.

അതേസമയം രാജ്യസഭാ സീറ്റിലേക്ക് നാളെ പ്രഖ്യാപനം ഉണ്ടാകുമോ എന്നതിലും ലീഗിൽ ആശയക്കുഴപ്പമുണ്ട്. കോൺഗ്രസ് സീറ്റ് ഉറപ്പ് നൽകിയങ്കിലും തിരഞ്ഞെടുപ്പിന് ശേഷം പിൻവലിയുമോ എന്നതാണ് ലീഗ് നേതൃത്വത്തിന്റെ ആശങ്ക. എന്നാൽ മൂന്നാം സീറ്റിൽ നിന്നും വിട്ടുവീഴ്‌ച്ച ചെയ്തിട്ടും രാജ്യസഭാ സീറ്റിൽ തുടരുന്ന അനിശ്ചിതത്വത്തിനെതിരെ പാർട്ടിയിൽ വിമർശനം ശക്തമാണ്. രാജ്യസഭാ സീറ്റ് പ്രഖ്യാപനം നടത്താൻ ആയില്ലെങ്കിൽ അണികളുടെ വികാരം നേതൃത്വത്തിന് എതിരാകുമെന്നതും ലീഗ് നേതൃത്വത്തെ ആശങ്കയിലാക്കുന്നുണ്ട്.