- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിപിഎം ക്ഷണം നിരസിക്കാൻ യോഗം പോലും ചേരേണ്ടതില്ലെന്ന നിലപാടിൽ സാദിഖലി; കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം ഭാവിയിലെ പാലം സേഫായിരിക്കട്ടെ എന്ന നിലയിൽ; സാങ്കേതികമായി ലീഗിന് പങ്കെടുക്കാനാകില്ലെന്ന് വിശദീകരണം; കോൺഗ്രസിന് ഇസ്രയേൽ അനുകൂല നിലപാടെന്ന് സിപിഎം
കോഴിക്കോട്: മുതിർന്ന മുസ്ലിംലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീർ നടത്തിയ ഒരു പ്രതികരണത്തിന്റെ പേരിൽ യുഡിഎഫിൽ ഉണ്ടായ പ്രതിസന്ധി ചില്ലറയല്ല. ഫലസ്തീൻ വിഷയം കേരളത്തിൽ വോട്ടു ബാങ്ക് വിഷയമാക്കി മാറ്റാൻ സിപിഎം ശ്രമിക്കുന്നതിനിടെയാണ് സിപിഎമ്മിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ലീഗിന് ക്ഷണം എത്തിയത്. നല്ല ഉദ്ദേശ്യത്തോടെ ആയിരുന്നില്ല ഈ ക്ഷണം. എന്നാൽ, ഇടി മുഹമ്മദ് ബഷീർ അനുകൂലമായ നിലപാട് സ്വീകരിച്ചതോടെ മുന്നണിയിൽ പ്രതിസന്ധിയായി. ഇപ്പോൾ നോ പറഞ്ഞ് തൽക്കാലം മുന്നണിയിലെ പ്രതിസന്ധിയിൽ നിന്നും തടിയൂരിയിരിക്കയാണ് ലീഗ്.
വിഷയത്തിൽ ലീഗ് നിലപാട് അറിയിക്കാൻ വേണ്ടി യോഗം പോലും ചേരേണ്ടതില്ലെന്ന നിലപാടാണ് പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ സ്വീകരിച്ചത്. അങ്ങനെ യോഗം ചേർന്നാൽ പോലും അത് പലവിധത്തിൽ വ്യാഖ്യാനങ്ങൾക്ക് ഇടവരും എന്നതു കൊണ്ടാണ് സാദിഖലി അത്തരമൊരു നിലപാട് സ്വീകരിച്ചത്. ഇതോടെ സിപിഎം ക്ഷണം നിരസിച്ചു കൊണ്ടുള്ള തീരുമാനവും എത്തി. ഇക്കാര്യം വിശദീകരിച്ച പി കെ കുഞ്ഞാലിക്കുട്ടി പക്ഷേ, ഒരു പാലം സേഫായിരിക്കട്ടെ എന്ന നിലയിലാണ്. സാങ്കേതികമായി ലീഗിന് പങ്കെടുക്കാനാകില്ലെന്ന് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
യു.ഡി.എഫിലെ കക്ഷി എന്ന നിലയിൽ സാങ്കേതികമായി റാലിയിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നും റാലി നടത്താനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സിപിഎമ്മിന് ലീഗ് പൂർണമായും തള്ളിയില്ല എന്നതാണ് പ്രത്യേകത. ഫലസ്തീൻ വിഷയത്തിൽ ലീഗിന് വ്യക്തമായ നിലപാടുണ്ട്. കേന്ദ്ര സർക്കാർ ഫലസ്തീൻ വിഷയത്തിൽ മുൻ കോൺഗ്രസ് സർക്കാരുകളെടുത്ത നിലപാടിലേക്ക് മടങ്ങിവരണം. കൂട്ടക്കുരുതി അവസാനിപ്പിക്കാൻ രാജ്യം ഇടപെടണം. കേരളത്തിൽ കളശ്ശേരി വിഷയത്തിൽ എല്ലാ പാർട്ടികളും ഒറ്റക്കെട്ടായി നിന്നില്ലേ. അതുപോലെ ഫലസ്തീൻ വിഷയത്തിലും ഇങ്ങനെ ഒരു നിലപാട് സർക്കാരിന് ആലോചിക്കാവുന്നതെ ഉള്ളൂ. സിപിഎം. ക്ഷണം വന്നിട്ടുണ്ട്. ക്ഷണിച്ചതിൽ നന്ദിയുണ്ട്. പരിപാടി നന്നായി നടത്തട്ടെ. അതിൽ മതസംഘടനകളൊക്കെ പങ്കെടുക്കുന്നുണ്ട്.
എല്ലാവരും കൂടുതൽ ശക്തിയും പിന്തുണയും സംഭരിച്ചുകൊണ്ട് ഫലസ്തീനൊപ്പം നിൽക്കുന്നതിൽ ഞങ്ങൾക്കും സന്തോഷമാണ്. യു.ഡി.എഫിലെ ഒരു കക്ഷി എന്ന നിലയിൽ സാങ്കേതികമായി ഞങ്ങൾക്ക് ആ പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ല. ക്ഷണത്തിൽ നന്ദിയുണ്ട്. ഇത്തരമൊരു പരിപാടി നടത്താനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ചെറുതും വലുതുമായ എല്ലാ പാർട്ടികളും ഫലസ്തീൻകാർക്ക് പിന്തുണ നൽകണം. ഇ.ടി പറഞ്ഞതും ആ അർഥത്തിലാണ്. എല്ലാ വിഷയങ്ങളിലും രാഷ്ട്രീയം കലർത്തണ്ട കാര്യമില്ല. -കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സിപിഎമ്മിന്റെ റാലിയിൽ പങ്കെടുക്കേണ്ടെന്നാണ് മുസ്ലിംലീഗ് തീരുമാനം. ലീഗ് സിപിഎമ്മിലേക്ക് അടുക്കുന്നവെന്ന തരത്തിൽ ചർച്ചകളുണ്ടാക്കുകയും ഇത് മുന്നണി ബന്ധത്തിൽ വിള്ളലുണ്ടാക്കാൻ സാധ്യതയുണ്ടെന്നും കോൺഗ്രസ് നേതാക്കൾ ആശങ്ക അറിയിച്ചിരുന്നു. റാലിയിൽ പങ്കെടുക്കുന്നത് യു.ഡി.എഫിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്ന് ലീഗ് നേതാക്കളും വിലയിരുത്തി. ഇത്തരമൊരു ധ്വനി ഈ സാഹചര്യത്തിൽ നല്ലതല്ലെന്നും റാലിയിൽ പങ്കെടുക്കേണ്ടതില്ലെന്ന് പാണക്കാട് സാദിഖലി തങ്ങളും നിലപാടെടുത്തതോടെ ലീഗ് നേതൃത്വം റാലിയിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിക്കുകയായിരുന്നു. നവംബർ 11-നാണ് സിപിഎം കോഴിക്കോട്ട് ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിക്കുന്നത്.
അതേസമയം ലീഗ് പിന്മാറ്റത്തിന് പിന്നാലെ കോൺഗ്രസിനെ വിമർശിച്ചു കൊണ്ടാണ് സിപിഎം രംഗത്തു വന്നത്. കോൺഗ്രസ് സ്വീകരിക്കുന്നത് ഇസ്രയേൽ അനുകൂല നിലപാടാണെന്നും അതാണ് പ്രശ്നമെന്നും സിപിഎം. കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ പറഞ്ഞു. നെഹ്റുവിന്റെ കാലത്ത് കോൺഗ്രസിന് ഫലസ്തീൻ അനുകൂല നിലപാടുണ്ടായിരുന്നു. അക്കാലത്ത് കോൺഗ്രസ് അധിനിവേശവിരുദ്ധവും സാമ്രാജ്യവിരുദ്ധവുമായ ഒരു ചേരിചേരാനയം ഉയർത്തിപ്പിടിച്ചുവന്നു. എന്നാൽ 1991-92 കാലത്തോടെ നരസിംഹറാവു ഇന്ത്യയുടെ പ്രധാനമന്ത്രിയും കോൺഗ്രസ് അധ്യക്ഷസ്ഥാനത്തും എത്തിച്ചേർന്നതോടെ ഇന്ത്യയുടെ ഇസ്രയേലിനോടുള്ള മാറ്റത്തിൽ കാതലായ മാറ്റംവന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നരസിംഹറാവുവിന്റെ കാലത്താണ് ഇന്ത്യ, ഇസ്രയേലുമായി ബന്ധം സ്ഥാപിക്കുന്നതിനുള്ള വ്യഗ്രത കാണിച്ചതെന്നും മോഹനൻ ആരോപിച്ചു. ആ കാലഘട്ടത്തിലെല്ലാം ഐക്യരാഷ്ട്രസംഘടനയുടെ ഒരു പ്രധാന പദവിയിലിരുന്ന് ഇടപെട്ട ഒരാളാണ് ശശി തരൂർ. അദ്ദേഹം ഇന്ന് കോൺഗ്രസിന്റെ പരമോന്നത നേതൃത്വത്തിന്റെ ഭാഗമാണ്, പ്രവർത്തകസമിതി അംഗമാണ്. അദ്ദേഹമാണ് കോഴിക്കോട്ട് ലീഗ് സംഘടിപ്പിച്ച റാലിയിൽ പങ്കെടുത്തുകൊണ്ട്, ഹമാസ് ഭീകരാക്രമണം നടത്തി അതിനുള്ള സ്വാഭാവിക മറുപടി എന്ന് ഇസ്രയേൽ ആക്രമണത്തെ വിശേഷിപ്പിച്ചത്, മോഹനൻ പറഞ്ഞു.
പതിറ്റാണ്ടുകളായി ഫലസ്തീനികൾക്കെതിരേ നടത്തുന്ന ആക്രമണത്തെ തള്ളിപ്പറയാൻ തയ്യാറാകുന്നില്ലല്ലോ. ഇത് ബിജെപിയെടുക്കുന്ന നിലപാടിനോട് ഒത്തുചേർന്നു പോകുന്ന സമീപനമാണ്. കോൺഗ്രസിന് അതിൽനിന്ന് വ്യത്യസ്തമായ നിലപാട് സ്വീകരിക്കാൻ പറ്റില്ലെന്നും മോഹനൻ ആരോപിച്ചു. ആര്യാടൻ ഷൗക്കത്ത് മുൻകയ്യെടുത്ത് മലപ്പുറത്ത് സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യറാലിക്ക് വിലക്ക് ഏർപ്പെടുത്തുകയാണ് കോൺഗ്രസ് നേതൃത്വമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




