- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് കാരണം പിഎംഎ സലാമെന്ന് ഉമർ ഫൈസി തുറന്നടിച്ചതോടെ മുസ്ലിംലീഗ് പ്രതിസന്ധിയിൽ; വിവാദത്തിൽ കോൺഗ്രസ് ഇടപെടൽ തേടി സമസ്തയിലെ ഒരു വിഭാഗം; മൂന്നാം കക്ഷിയുടെ ഇടപെടൽ തേടിയിൽ ലീഗിന് അതൃപ്തി
മലപ്പുറം: കത്തുവിവാദത്തിനു പിന്നാലെ മുസ്ലിംലീഗ്- സമസ്ത ബന്ധം കൂടുതൽ വിഷളായതോടെ മുസ്ലിംലീഗിൽ പ്രതിസന്ധി. ഇപ്പോഴത്തെ നില നീണ്ടുപോകാതെ എങ്ങനെ പ്രശ്‌നം തീർക്കുമെന്ന കാര്യത്തിലാണ് പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. ഇതിനിടെ പി എം സലാമിനെതിരെ ഉമർ ഫൈസി മുക്കം തുറന്നടിക്കുകയും ചെയ്തതോടെ പ്രതിന്ധി കൂടുതൽ രൂക്ഷമാകുകയാണ് ഉണ്ടായത്.
ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് കാരണം പിഎംഎ സലാം ആണെന്ന് ഉമർ ഫൈസി മുക്കം ആഞ്ഞടിച്ചിരുന്നു. സമസ്തയിൽ സഖാക്കൾ ഉണ്ട് എന്ന സലാമിന്റെ ആരോപണം ഗുരുതരമാണ്. ഇസ്ലാം മത വിശ്വാസിയായ ഒരാൾക്ക് ഇങ്ങനെ പറയാൻ കഴിയില്ല. മുശാവറയിൽ അംഗങ്ങളായ മതപണ്ഡിതർക്ക് രാഷ്ട്രീയമില്ലെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു.
ലീഗ് പാരമ്പര്യം തെറ്റിച്ച് വരികയും പോവുകയും ചെയ്യുന്ന ആളാണ് സലാം. സലാമിനെതിരെ ലീഗിനുള്ളിൽ തന്നെ അമർഷം ഉണ്ട്. സലാമിന്റെ അപക്വമായ വാക്കുകൾ നിയന്ത്രിക്കാൻ ലീഗ് നേതൃത്വം തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു. തട്ടം വിഷയത്തിൽ പിഎംഎ സലാം നടത്തിയ പരാമർശങ്ങളാണ് സമസത്-ലീ?ഗ് പുതിയ തർക്കത്തിന് കാരണമായത്. സലാമിന്റെ വിമർശനങ്ങൾക്കെതിരെ സമസ്തക്ക് അതൃപ്തിയുണ്ടായിരുന്നു. ഇതിൽ ലീ?ഗുമായി സംസാരിക്കാൻ സമസ്ത മുശാവറയിൽ നിന്ന് നാലംഗ സംഘത്തെ നിയോഗിച്ചെങ്കിലും സംഘത്തിന് ചർച്ചക്ക് സമയം അനുവദിക്കാതെ സാദിഖലി തങ്ങൾ വിദേശത്തേക്ക് പോവുകയായിരുന്നു. ഇതോടെ ലീഗ്-സമസ്ത ചർച്ച പ്രതിസന്ധിയിലായി.
സമയവായ ചർച്ച ഇന്ന് നടക്കുമെന്നായിരുന്നു നേരത്തെ ധാരണയുണ്ടായിരുന്നത്. എന്നാൽ സാദിഖലി തങ്ങൾ ഖത്തറിലേക്ക് പോവുകയായിരുന്നു. അതേസമയം, ചർച്ച ഇനി എന്ന് നടത്തുമെന്ന ഉറപ്പൊന്നും ലീഗ് നൽകിയിട്ടുമില്ല. ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി മുൻകൈ എടുത്ത് ധാരണയുണ്ടാക്കിയ ശേഷം ചർച്ച എന്നായിരുന്നു ആദ്യമുള്ള സൂചന. എന്നാൽ ഇപ്പോൾ ലീഗിന് അത്തരം നീക്കങ്ങളിൽ താല്പര്യമില്ല. ലീഗ് വിരുദ്ധ പ്രസ്താവന നടത്തുന്ന ഉമർഫൈസി മുക്കത്തെയടക്കം സമസ്തയുടെ സംഘത്തിൽ ഉൾപ്പെടുത്തിയതിൽ പാർട്ടിക്ക് എതിർപ്പുണ്ട്. മാത്രവുമല്ല സമസ്ത പ്രധാന പ്രശ്‌നങ്ങളെ വഴിതിരിച്ച് വിട്ട് ലീഗിനെ പ്രതിസന്ധിയിലാക്കുന്നു എന്നാണ് വിലയിരുത്തൽ.
അതിനിടെ പ്രശ്‌നത്തിൽ ഇടപെടാൻ ഒരു വിഭാഗം സമസ്ത നേതാക്കൾ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ സഹായം തേടിയതിൽ മുസ്ലിം ലീഗിൽ കടുത്ത അതൃപ്തി. ലീഗ്‌സമസ്ത ബന്ധത്തിൽ എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുമ്പോൾ പാണക്കാട് തങ്ങളുടെ മധ്യസ്ഥതയിൽ പ്രശ്‌നങ്ങൾ ചർച്ച ചെയ്തുതീർക്കുന്നതാണ് കീഴ്‌വഴക്കം. മൂന്നാമതൊരു കക്ഷിയെ ഇടപെടുത്തിയത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ലീഗ് നേതൃത്വം.
മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ.സലാം സമസ്ത പ്രസിഡന്റിനെ വിമർശിച്ചെന്നും എന്നിട്ടും പാണക്കാട് സാദിഖലി തങ്ങൾ സലാമിനെ പിന്തുണച്ചത് ന്യായമല്ലെന്നുമാണ് നേതാക്കൾ പ്രതിപക്ഷ നേതാവിനെ ധരിപ്പിച്ചതെന്നാണ് വിവരം. സലാം അടക്കമുള്ള ചില നേതാക്കൾക്കെതിരെ സമസ്ത പോഷക സംഘടനയിലെ ചില ഭാരവാഹികൾ ചേർന്നു നൽകിയ കത്ത് പാണക്കാട് സാദിഖലി തങ്ങൾ തള്ളിയതോടെയാണ് പുതിയ വിവാദം ഉടലെടുത്തത്.
അതേസമയം, സമസ്തയെ കരുവാക്കി ഒരു വിഭാഗം പാർട്ടിയെ തുടർച്ചയായി പ്രതിരോധത്തിലാക്കുന്നത് ഇനി വച്ചുപൊറുപ്പിക്കേണ്ടെന്ന നിലപാടാണു ലീഗിന്. ഇതിന്റെ പശ്ചാത്തലത്തിലാണ് സമസ്തയുമായി തർക്കമില്ലെന്നും അതിലെ ചില 'സഖാക്കളാണ്' പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നും സലാം ആഞ്ഞടിച്ചത്.
വഖഫ്- സിഐസി പ്രശ്‌നങ്ങളും ഒടുവിലായുണ്ടായ തട്ടം വിവാദവും ലീഗിന് തിരിച്ചടിയായി മാറിയത് ജിഫ്രി തങ്ങളുടെ നിലപാട് കാരണമായിരുന്നു. ഇക്കാര്യത്തിലൊക്കെ ലീഗ് ഒടുവിൽ പ്രതിക്കൂട്ടിലാകുന്ന അവസ്ഥയുണ്ടായി. സമസ്തയിൽ ഒരു വിഭാഗം പാണക്കാട് തങ്ങളെ അംഗീകരിക്കാത്ത സാഹചര്യവുമുണ്ട്. കാര്യങ്ങൾ ഇങ്ങനെയിരിക്കെ സമവായ ചർച്ച കൊണ്ട് കാര്യമില്ലെന്നാണ് ലീഗിന്റെ വിലയിരുത്തൽ. സിഐസി ഭാരവാഹി സ്ഥാനത്ത് നിന്ന് പാണക്കാട് തങ്ങളെ രാജിവെപ്പിക്കാനുള്ള ചരടുവലിയാണ് ഇപ്പോൾ സമസ്ത നടത്തുന്നത്. ചുരുക്കത്തിൽ സിപിഎം ആഗ്രഹിക്കുന്നത് പോലെ ഭിന്നിച്ച് നിൽക്കാനാണ് സമസ്ത അനുകൂലികളുടെ ശ്രമമെന്ന് നേതാക്കൾ കരുതുന്നു.