- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാം സീറ്റിൽ നിലപാട് കടുപ്പിച്ച് മുസ്ലിംലീഗ്
കോഴിക്കോട്: മൂന്നാം സീറ്റ് ആവശ്യം കടുപ്പിക്കാൻ മുസ്ലിംലീഗ്. നിരന്തരം കോൺഗ്രസ് നോക്കളുമായി സംസാരിക്കുന്നുണ്ട്. എന്നിരുന്നാലും നാളെ നടക്കാനിരിക്കുന്ന ചർച്ച പരാജയപ്പെടുമെന്നാണ് ലീഗ് കണക്കാക്കുന്നത്. കോൺഗ്രസിന്മേൽ സമ്മർദ്ദം ശക്തമാക്കാനുള്ള ശ്രമമാണ് ലീഗ് നടത്തുന്നത്. ചർച്ച പരാജയപ്പെട്ടാൽ ലീഗ് ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച നിലപാട് ലീഗ് കോൺഗ്രസിനെ അറിയിച്ചുവെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
അങ്ങനെയെങ്കിൽ മലബാറിൽ ഏതെങ്കിലുമൊരു സീറ്റിൽ ഒറ്റയ്ക്ക് മത്സരിക്കാനാകും ലീഗ് തീരുമാനം. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നതിനാൽ വയനാട്ടിൽ ലീഗ് മത്സരിക്കില്ല. കോഴിക്കോട് ആയിരിക്കും ലീഗ് ലക്ഷ്യം വയ്ക്കുക. ലീഗിനെ എങ്ങനെയെങ്കിലും അനുനയിപ്പിക്കുക എന്നതാണ് കോൺഗ്രസിന് മുന്നിലുള്ള ഏക പോംവഴി. ഇതിന്റെ ഭാഗമായി നിരന്തരം ലീഗുമായി പാർട്ടി ചർച്ച നടത്തുന്നുണ്ടെങ്കിലും മൂന്നാം സീറ്റിൽ വിട്ടുവീഴ്ച ചെയ്യാൻ ഇരുവിഭാഗവും തയാറാകുന്നില്ലെന്നതാണ് യാഥാർത്ഥ്യം.
അതേസമയം സീറ്റിന്റെ പേരിൽ വിവാദം മുറുകവേ സിപിഎമ്മും ഇടങ്കോലിട്ട് രംഗത്തുണ്ട്. ലീഗിനെ തങ്ങളിലേക്ക് അടുപ്പിക്കാൻ തയ്യാറാണെന്ന വിധത്തിലാണ പ്രതികരണങ്ങൾ പുറത്തുവരുന്നത്. ലീഗിന്റെ മൂന്നാം സീറ്റ് എന്ന ആവശ്യത്തിൽ ഇടതിൽ നിന്നും പിന്തുണയുണ്ട്. ലീഗിനെ അങ്ങേയറ്റം അവഗണിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്ന് എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ. പ്രതികരിച്ചു. ഏറെക്കാലമായി ഇതു തുടർന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം സീറ്റ് എന്ന ലീഗിന്റെ ആവശ്യത്തിൽ യു.ഡി.എഫിന്റെ സമീപനം ചൂണ്ടിക്കാട്ടിയാണ് ഇ.പിയുടെ വിമർശനം.
തദ്ദേശതിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് അഞ്ചിടങ്ങളിൽ ജയിച്ചു. എന്നാൽ, കോൺഗ്രസ് ദയനീയമായി തോറ്റു. മുസ്ലിം ലീഗ് ഇല്ലെങ്കിൽ ഏതെങ്കിലും ഒരു സീറ്റിൽ കോൺഗ്രസ് ജയിക്കുമോ? ലീഗിന്റെ പിന്തുണയിലാണ് ജയിച്ചുവരുന്നത്. ആ പരിഗണനയെങ്കിലും ലീഗിന് കൊടുക്കണ്ടേ, ഇ.പി. ചോദിച്ചു.
അവഗണന, പരിഹാസം, അങ്ങേയറ്റത്തെ ഇടിച്ചുതാഴ്ത്തൽ തുടങ്ങിയവയെല്ലാം കാണുമ്പോൾ സ്വാഭാവികമായും ലീഗിന്റെ അണികളിൽ വികാരം ഉണ്ടാകും. അത് കോൺഗ്രസിനെതിരായി വരുന്നു. ലീഗ് നേതൃത്വം വിചാരിച്ചാൽപോലും ആ അണികളുടെ വികാരം ഇല്ലാതാക്കാൻ സാധിക്കില്ല. കോൺഗ്രസിനെ പോലെത്തന്നെ സീറ്റ് നേടാനുള്ള അർഹത യുഡിഎഫിൽ ലീഗിനുണ്ട്, ഇ.പി. ജയരാജൻ പറഞ്ഞു. അതേസമയം, സിപിഎമ്മിനോട് ലീഗിന് ശത്രുതാപരമായ നിലപാടൊന്നും ഉണ്ടായിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
ഇതിനിടെ, മൂന്നാംസീറ്റ് ആവശ്യത്തിൽ ഇത്തവണ കോൺഗ്രസിൽ നിന്ന് ഒരു തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു. 'മൂന്നാം സീറ്റുമായി ബന്ധപ്പെട്ട തീരുമാനത്തിന് വേണ്ടിയാണ് കാത്തിരിക്കുന്നത്. തീരുമാനത്തിന്റെ കാര്യത്തിൽ വളരെ കൃത്യമായ ധാരണയുണ്ട്. തീരുമാനം ഇല്ലാതെ പറ്റില്ല. ഇത് വലിയൊരു പ്രശ്നമായി തുടരുകയാണ്. അതുകൊണ്ടുതന്നെയാണ് നിലപാട് മാറ്റില്ലെന്ന് ആവർത്തിച്ചുപറയുന്നത്', ഇ.ടി പറഞ്ഞു. ഒരു സീറ്റ് കൊടുക്കുന്നതിൽ എന്താണ് തെറ്റെന്ന് ഇടത് നേതാക്കൾ ചോദിക്കുന്നു. ലീഗ് എന്തിന് അപമാനം സഹിച്ച് നിൽക്കുന്നുവെന്നാണ് ഇന്നലെ മന്ത്രി പി.രാജീവ് ചോദിച്ചത്.
അതേസമയം, രാജ്യസഭാ സീറ്റ് എന്ന വിഷയം ഇതുവരെ തങ്ങളുടെ മുമ്പിൽ എത്തിയിട്ടില്ലെന്നും നേതൃത്വം ആലോചിച്ചശേഷം കൂടുതൽ കാര്യങ്ങൾ പറയാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മുസ്ലിം ലീഗുമായുള്ള സീറ്റ് തർക്കം ഡൽഹിക്ക് വിടാതെ കേരളത്തിൽത്തന്നെ തീർക്കാനാണ് യു.ഡി.എഫ്. ശ്രമിക്കുന്നത്. അനൗദ്യോഗിക ആശയവിനിമയത്തിലൂടെ ധാരണയിലെത്താനും ഞായറാഴ്ച കൊച്ചിയിൽ യു.ഡി.എഫ്. നേതൃയോഗം ചേർന്ന് സീറ്റ് വിഭജനം പൂർത്തിയാക്കാനുമാണ് നേതൃത്വം ഉദ്ദേശിക്കുന്നത്. കോൺഗ്രസ് നടത്തുന്ന സമരാഗ്നി യാത്രയ്ക്ക് ആറ്റുകാൽ പൊങ്കാല കാരണം ഞായാറാഴ്ച ഇടവേളയുണ്ട്.