തിരുവനന്തപുരം: മണിപ്പൂരിലേത് ക്രൈസ്തവ കൂട്ടക്കൊലയെന്ന നിലപാടിൽ ക്രൈസ്തവ സഭകൾ മാറ്റം വരുത്തുന്നോ? തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയാണ് ഓർത്തഡോക്‌സ് സഭയ്ക്ക് ശേഷം യാക്കോബായ സഭയും നിലപാട് മാറ്റിയത്.

മണിപ്പുരിലേത് അടിസ്ഥാനപരമായി രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള പ്രശ്‌നമാണെന്ന് മലങ്കര യാക്കോബായ സുറിയാനി സഭാ അധ്യക്ഷൻ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപൊലീത്ത പറഞ്ഞു. ഹിന്ദുക്കളും ക്രൈസ്തവരും മുസ്ലീങ്ങളും അക്കൂട്ടത്തിൽ ഉണ്ടെന്നുപറഞ്ഞ അദ്ദേഹം, കൂടുതൽ ബുദ്ധിമുട്ടുണ്ടായത് ക്രൈസ്തവർക്കാണെന്നും അതിനാൽ ക്രൈസ്തവ സമൂഹത്തിന് വലിയ ആശങ്കയുണ്ടെന്നും വ്യക്തമാക്കി.

മണിപ്പുർ വിഷയത്തിൽ ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിന്റെ നിലപാട് ശരിയെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിലെ തർക്കപരിഹാരത്തിന് കേന്ദ്ര സർക്കാർ മുൻഗണന നൽകണമെന്നു പറഞ്ഞ മോഹൻ ഭാഗവത്, പ്രശ്‌നങ്ങൾ പരിഹരിക്കാതെ മുന്നോട്ടുപോയതിനെ കഴിഞ്ഞദിവസം വിമർശിച്ചിരുന്നു. കേരളത്തിൽ നിന്ന് ക്രിസ്ത്യൻ മന്ത്രി വന്നത് ശുഭപ്രതീക്ഷയാണെന്നും ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപൊലീത്ത കൂട്ടിച്ചേർത്തു.

മണിപ്പുരിലുണ്ടായത് രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള പ്രശ്‌നമെന്ന് ഓർത്തഡോക്‌സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞിരുന്നു. മണിപ്പുരിലേത് ഗോത്രവർഗങ്ങൾ തമ്മിലുള്ള അടിയായി മനസ്സിലാക്കാൻ സാധിച്ചു. ക്രൈസ്തവർ കൂടുതലുള്ള ഭാഗത്തെ പള്ളികൾ ആക്രമിക്കപ്പെട്ടു. സ്വാഭാവികമായിട്ടും ഒരു ഗോത്രം മറ്റേ ഗോത്രത്തിന്റെ എല്ലാം നശിപ്പിക്കും. മറ്റു ഗോത്രങ്ങളിലെ ആരാധനാലയങ്ങളും നശിപ്പിച്ചിട്ടുണ്ടാകാം. അതിനാൽ വിഷയത്തിൽ വലിയ ആശങ്ക വേണ്ടന്നാണ് ക്രൈസ്തവർ മുഴുവൻ മനസ്സിലാക്കുന്നത്, എന്നായിരുന്നു ബസേലിയോസ് മാത്യൂസ് തൃതീയൻ ബാവ പറഞ്ഞത്.