തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വെട്ടിലാക്കി മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ പരാമർശം. കർണാടകത്തിൽ ബിജെപി.യുമായി സഖ്യമുണ്ടാക്കുന്നതിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ ലഭിച്ചതായി ജെ.ഡി.എസ്. ദേശീയ അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഗൗഡയുടെ വെളിപ്പെടുത്തൽ സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസും മന്ത്രി കെ.കൃഷ്ണൻ കുട്ടിയും തള്ളി. ബിജെപി ബന്ധത്തിനു കേരള മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെയും പിന്തുണയുണ്ടെന്നു പറയുന്നത് അടിസ്ഥാനരഹിതമാണെന്നു മാത്യു ടി.തോമസ് പറഞ്ഞു. തെറ്റിദ്ധാരണ മൂലമോ, പ്രായാധിക്യം മൂലമോ സംഭവിച്ച പിഴവായിരിക്കാം ദേവെഗൗഡയ്‌ക്കെന്നും മാത്യു ടി.തോമസ് വിശദീകരിച്ചു.

''പിണറായി വിജയന്റെ അനുമതിയോടെയാണു ബിജെപിയുമായി സഖ്യത്തിൽ ഏർപ്പെട്ടതെന്നാണു ദേവെഗൗഡ പ്രഖ്യാപിച്ചത്. ഇതു കേരളരാഷ്ട്രീയത്തിൽ ഒട്ടനവധി തെറ്റായ വ്യാഖ്യാനങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ള പ്രസ്താവനയാണ്. തെറ്റിദ്ധാരണ മൂലം, അല്ലെങ്കിൽ പ്രായാധിക്യം മൂലം സംഭവിച്ച പിഴവാണെന്നു കരുതുന്നു. പിണറായി വിജയനും ദേവെഗൗഡയും തമ്മിൽ ആശയവിനിമയം നടത്തിയിട്ടു വർഷങ്ങളായി. യാതൊരു ചർച്ചയും നടന്നിട്ടില്ല. ബിജെപി ബന്ധത്തിന് കേരളത്തിലെ ജനതാദൾ എസ് പ്രതിനിധിയായ മന്ത്രിയോ മുഖ്യമന്ത്രിയോ അനുവാദം നൽകുകയെന്നത് തീർത്തും അസംഭവ്യമാണ്. ഒരു ഫോറത്തിലും ചർച്ചചെയ്യാതെയാണു ബിജെപിക്കൊപ്പം ചേരുകയാണെന്ന പ്രഖ്യാപനം ജെഡിഎസ് ദേശീയ അധ്യക്ഷൻ ദേവെഗൗഡ നടത്തിയത്''മാത്യു ടി.തോമസ് വിശദീകരിച്ചു.

ദേവെഗൗഡയുടെ പരാമർശത്തെ മന്ത്രി കെ.കൃഷ്ണൻകുട്ടിയും തള്ളി. മുഖ്യമന്ത്രി സമ്മതം കൊടുത്തിട്ടില്ലെന്നും ജെഡിഎസ് കേരളഘടകത്തിനു ദേവെഗൗഡയുടെ എൻഡിഎ ബന്ധത്തോടു വിയോജിപ്പാണെന്നും കൃഷ്ണൻകുട്ടി വിശദീകരിച്ചു.

ദേവ ഗൗഡയുടെ പ്രസ്താവനയും പ്രത്യാഘാതവും

''കേരളത്തിൽ ജെ.ഡി.എസ്. ഇടതുമുന്നണിക്കൊപ്പമാണ്. ഞങ്ങളുടെ ഒരു എംഎൽഎ. അവിടെ മന്ത്രിയാണ്. ബിജെപി.യുമായി ചേർന്നുപോകുന്നതിന്റെ കാരണം അവർ മനസ്സിലാക്കി. അവിടത്തെ ഞങ്ങളുടെ മന്ത്രി(കെ. കൃഷ്ണൻകുട്ടി) സമ്മതം തന്നു. പാർട്ടിയെ രക്ഷിക്കാൻ ബിജെപി.ക്കൊപ്പം ചേരുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ പൂർണ സമ്മതം തന്നതാണ്'' -ദേവഗൗഡ പറഞ്ഞു. ബിജെപി.യുമായുള്ള സഖ്യത്തെ തമിഴ്‌നാട്, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാന ഘടകങ്ങൾ അംഗീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി മുന്നണിയിലുള്ള ജെഡിഎസ് കേരളത്തിലെ മന്ത്രിസഭയിൽ തുടരുന്നതിനെ ഒത്തുകളിയായി കോൺഗ്രസ് ആരോപിച്ചിരുന്നു.

രണ്ട് എംഎൽഎമാരാണ് കേരളത്തിൽ ജെഡിഎസിനുള്ളത്. മന്ത്രി കൃഷ്ണൻകുട്ടിയും മാത്യു ടി തോമസും. നേരത്തെ പുതിയ പാർട്ടിയുണ്ടാക്കുന്നതിനെ കുറിച്ച് ജെഡിഎസ് ആലോചിച്ചിരുന്നു. അങ്ങനെ ചെയ്താൽ എംഎൽഎമാർക്ക് ആ പാർട്ടിയിൽ ചേരാൻ കഴിയില്ല. അത് അയോഗ്യതയായി മാറും. ഇതിനൊപ്പം പുതിയ പാർട്ടിയുണ്ടാക്കുന്നതോടെ മാത്യു ടി തോമസിന് പാർട്ടി സംസ്ഥാന അധ്യക്ഷ പദവിയും നഷ്ടമാകും. അതിനാൽ ജെഡിഎസിൽ തുടർന്ന് കേരളത്തിൽ ബിജെപി വിരുദ്ധ പറയനായിരുന്നു തീരുമാനം.

ജെ.ഡി.എസ്. കേരള ഘടകത്തിന്റെ ഈ നിലപാടിൽ നിന്ന് വ്യത്യസ്തമാണ് ദേവഗൗഡയുടെ വെളിപ്പെടുത്തൽ. കേരളത്തിൽ ഇടതുമുന്നണിയോടൊപ്പം നിൽക്കാനും ബിജെപി. സഖ്യത്തെ തള്ളാനുമായിരുന്നു കേരള ഘടകത്തിന്റെ തീരുമാനം. ഇക്കാര്യം സംസ്ഥാനനേതാക്കൾ ദേവഗൗഡയെ നേരിൽ അറിയിക്കുകയും ചെയ്തിരുന്നുവെന്ന് നേതാക്കൾ പറഞ്ഞിരുന്നു. കേരള ഘടകത്തിന് സ്വതന്ത്ര നിലപാട് സ്വീകരിക്കാൻ അധികാരമുണ്ടെന്ന് ദേവഗൗഡ അറിയിച്ചതായാണ് പാർട്ടി കേരള അധ്യക്ഷൻ മാത്യു ടി. തോമസ് അറിയിച്ചത്.

ഇതിനുവിരുദ്ധമായ ദേവഗൗഡയുടെ വെളിപ്പെടുത്തൽ കേരളത്തിൽ ഇടതുമുന്നണിയോടൊപ്പം നിൽക്കുന്ന പാർട്ടിഘടകത്തെ പ്രതിസന്ധിയിലാക്കും.ജെ.ഡി.എസിന്റെ ബിജെപി. ബന്ധത്തെ ഉയർത്തിക്കാട്ടി കോൺഗ്രസ് സിപിഎമ്മിനെതിരേ ആരോപണം ഉന്നയിക്കുന്നതിനിടെയാണ് ദേവഗൗഡയുടെ പ്രസ്താവനയിൽ സിപിഎം പ്രതിസന്ധിയിലായി. ഇക്കാര്യത്തിലെ അതൃപ്തി ജെഡിഎസ് കേരള ഘടകത്തെ അറിയിക്കും. കൃഷ്ണൻകുട്ടിയെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാനും സാധ്യതയുണ്ട്.