തിരുവനന്തപുരം: സർവകലാശാല വിഷയങ്ങളിലടക്കം സർക്കാരുമായുള്ള കൊമ്പുകോർത്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ. പാർട്ടി മുഖപത്രമായ ജനയുഗത്തിലെ മുഖപ്രസംഗത്തിലാണ് കടുത്തഭാഷയിൽ ഗവർണറെ വിമർശിക്കുന്നത്. ഗവർണർ നിഴൽയുദ്ധം നടത്തുകയാണെന്നും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കീർത്തി നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.

ജനാധിപത്യ, ഭരണഘടനാ വിരുദ്ധമാണ് ഗവർണറുടെ നടപടികളെന്നും താൻപ്രമാണിത്തമാണെന്നും സിപിഐ ആരോപിക്കുന്നു. ഇല്ലാത്ത അധികാരങ്ങൾ ഉണ്ടെന്നു ഭാവിച്ച് ഉന്നതവിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിലാക്കുന്നുവെന്നും മുഖപ്രസംഗം പറയുന്നു. കേരള സർവകലാശാലയ്ക്ക് വലിയ നേട്ടങ്ങൾ ഉണ്ടായപ്പോഴൊന്നും അതിനെ അഭിനന്ദിക്കാതിരുന്ന ഗവർണർ ഇപ്പോൾ മനപ്പൂർവ്വം അതിന്റെ കീർത്തി ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്.

നിഴലിനോട് യുദ്ധം ചെയ്ത് പദവിയുടെ മഹത്വം കളയുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുന്ന സമീപനങ്ങൾ ആവർത്തിച്ചും തിരഞ്ഞെടുക്കപ്പെട്ട ഭരണസംവിധാനങ്ങളെ വെല്ലവിളിച്ചുമാണ് ഗവർണർ മുന്നോട്ട് പോകുന്നതെന്നും ജനയുഗം ആരോപിച്ചു.

'കേരള, കണ്ണൂർ സർവകലാശാലകൾക്കെതിരേ ഗവർണർ നിഴൽയുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. വൈസ് ചാൻസ്ലർമാരേയും സർവകലാശാലകളേയും രാജ്യാന്തര തലത്തിൽ പോലും അപഹസിക്കുന്ന പ്രസ്താവനകളും നടപടികളുമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. കണ്ണൂരിൽ ചരിത്ര കോൺഗ്രസിനിടെ നടന്ന പ്രതിഷേധം വിസിയുടെ ഒത്താശയോടെയാണെന്ന വില കുറഞ്ഞ പ്രസ്താവനയാണ് നടത്തിയിരിക്കുന്നത്' - മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.

കേരള, കണ്ണൂർ സർവകലാശാലകളുടെ പ്രവർത്തനങ്ങളെ തടസപ്പെടുത്തിയും അവയുടെ കീർത്തി നശിപ്പിക്കുകയും ചെയ്യുന്ന നിലപാടുകളാണ് ഗവർണറുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. സംസ്ഥാന ഭരണത്തെ പ്രതിസന്ധിയിലാക്കുംവിധം കാലാവധി കഴിയാറായ ഓർഡിനൻസുകൾ പുനർവിജ്ഞാപനം ചെയ്യുന്നത് തടസപ്പെടുത്തി.

ഓർഡിനൻസുകൾ പുതുക്കുന്നതു സംബന്ധിച്ച് ഗവർണർ സമീപനമെടുത്തപ്പോൾ ഓർഡിനൻസുകൾ റദ്ദാക്കപ്പെട്ടു. അതിനെ മറികടക്കാൻ സർക്കാർ ഇപ്പോൾ നിയമസഭ സമ്മേളനം ചേരുകയാണ്. ഈ സമ്മേളനം ചേരുന്നത് ഗവർണർക്ക് തിരിച്ചടിയായി. അതുകൊണ്ടുകൂടിയാണ് ഇല്ലാത്ത അധികാരങ്ങൾ ഉണ്ടെന്നു നടിച്ചുകൊണ്ടുള്ള ഗവർണറുടെ സമീപനമെന്നും സിപിഐ ആക്ഷേപിക്കുന്നു.

ഫെഡറൽ സംവിധാനത്തിൽ അനാവശ്യമാണ് ഗവർണർ പദവിയെന്ന് പൊതുഅഭിപ്രായമുണ്ടെങ്കിലും ഭരണഘടനാപരമായും സംസ്ഥാന സർക്കാരുകളുടെ സുഗമമായ പ്രവർത്തനത്തെ സഹായിക്കേണ്ടതുമെന്ന നിലയിലാണ് ആ പദവിയെ സമൂഹം ഇപ്പോഴും ആദരിക്കുന്നതെന്നാണ് ജനയുഗം അഭിപ്രായപ്പെടുന്നതത്. അന്ധമായ രാഷ്ട്രീയമനസും താൻപ്രമാണിത്ത ബോധവും കാരണം നിഴലിനോട് യുദ്ധം ചെയ്ത് ആ പദവിയുടെ മഹത്വം കളയുകയാണ് കേരള ഗവർണറെന്നും മുഖംപ്രസംഗത്തിൽ പറയുന്നു.