- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തെറ്റു തിരുത്തലിനു തയാറാകാത്തവരെ പാർട്ടിക്ക് വേണ്ടെന്ന പുതിയ സെക്രട്ടറിയുടെ നയം ആയുധമാക്കി ചെന്താരകത്തിന്റെ പടപ്പുറപ്പാട്; പാർട്ടിയിൽ ഒതുങ്ങേണ്ടത് പൊതുസമൂഹത്തിൽ ചർച്ചയായതിലെ അതൃപ്തിയിൽ പിണറായി; എഴുതിയ പരാതി എംവി ഗോവിന്ദന്റെ കൈയിൽ കിട്ടിയെന്ന് സൂചന; പിബിയിൽ റിസോർട്ട് വിഷയം എത്തുമോ? ഇപി-പിജെ പോരിൽ മട്ടന്നൂരും പ്രതികാരവും ചർച്ചകളിൽ
ന്യൂഡൽഹി: എല്ലാ കണ്ണുകളും പോളിറ്റ് ബ്യൂറോ യോഗത്തിലേക്ക്. സിപിഎം കേന്ദ്ര കമ്മറ്റി അംഗവും ഇടതു കൺവീനറുമായ ഇപി ജയരാജനെതിരായ സാമ്പത്തിക ക്രമക്കേട് ആരോപണം പി ജയരാജൻ എഴുതി നൽകിയതായി സൂചന. ഈ സാഹചര്യത്തിൽ പോളിറ്റ് ബ്യൂറോയിൽ ഈ വിഷയം പാർട്ടി സംസ്ഥാന സെക്രട്ടറിയായ എംവി ഗോവിന്ദൻ ഉന്നയിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. അങ്ങനെ വന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ എടുക്കുന്ന നിലപാടും നിർണ്ണായകമാകും. അതിനിടെ പി.ജയരാജൻ മുഖ്യമന്ത്രി പിണറായി വിജയനുമായി പിണറായിയിലെ അദ്ദേഹത്തിന്റെ വീട്ടിൽ കൂടിക്കാഴ്ച നടത്തിയത് പാർട്ടി കേന്ദ്രങ്ങൾ പ്രാധാന്യത്തോടെ കാണുന്നു. പാർട്ടിയിൽ ഒതുങ്ങേണ്ടത് പൊതുസമൂഹത്തിൽ ചർച്ചയായതിലെ അതൃപ്തി പിണറായി പ്രകടിപ്പിച്ചെന്നാണു വിവരം. പി.ജയരാജനോ ഇ.പി.ജയരാജനോ സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദനോ ഇന്നലെ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
വിഷയം പിബി ചർച്ച ചെയ്യുമോ എന്നു ഡൽഹിയിൽ മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ 'ഡൽഹിയിൽ തണുപ്പ് എങ്ങനെയുണ്ട്' എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. 'നിങ്ങളോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അടുത്തേക്കു വരും' എന്നും പിണറായി പറഞ്ഞു. പാർട്ടി നേരത്തേ ചർച്ച ചെയ്ത ഒരു വിഷയം അനാവശ്യമായി കുത്തിപ്പൊക്കുകയാണ് പി.ജയരാജൻ ചെയ്തതെന്ന പ്രതിഷേധത്തിലാണ് ഇ.പി.ജയരാജൻ. ഏതാനും ദിവസം മുൻപും ഇരു നേതാക്കളും പരസ്പരം കണ്ടതാണ്. അതിനു ശേഷം താൻ പങ്കെടുക്കാത്ത സംസ്ഥാന കമ്മിറ്റി യോഗത്തിൽ ജയരാജൻ ഇതിനു തുനിയുമെന്ന് ഇപി വിചാരിച്ചതല്ല. അതുകൊണ്ടു തന്നെ പ്രതിഷേധത്തിലും പ്രത്യാക്രമണത്തിനും ഇപിയും തയ്യാറെടുക്കുന്നു. അതുകൊണ്ട് തന്നെ സിപിഎം നേതൃത്വവും കരുതലെടുക്കും. വിഷയം കൈവിട്ടു പോകാതിരിക്കാൻ ശ്രദ്ധിക്കും.
കണ്ണൂരിൽ താൻ ഒഴിച്ച് പ്രധാന നേതാക്കളെല്ലാം പാർട്ടിയിലോ സർക്കാരിലോ ഉയർന്ന പദവികളിലേക്കു എത്താനായെന്ന് ചെന്താരകമെന്ന് ഏവരും വിളിക്കുന്ന പിജെ കരുതുന്നു. അണികളുടെ പിന്തുണയുടെ പേരിൽ തന്നെ ഒതുക്കി. വ്യക്തിപൂജക്ക് അടിമയാകുന്നു എന്ന നിലയിൽ 3 വർഷം മുൻപ് സംസ്ഥാന കമ്മിറ്റി രചിച്ച കുറ്റപത്രത്തിന്റെ അണിയറയിൽ അദ്ദേഹം ഇ.പി.ജയരാജനെ കാണുന്നു. അതേ സംസ്ഥാന കമ്മിറ്റിയിൽ വച്ച് അതിന് പി.ജയരാജൻ ഇപ്പോൾ തിരിച്ചടി നൽകിയിരിക്കുന്നു. പറയാനുള്ളതു പറഞ്ഞു, ബാക്കി പാർട്ടി തീരുമാനിക്കട്ടെ എന്നതാണ് പിജെയുടെ നിലപാട്.
തെറ്റു തിരുത്തലിനു തയാറാകാത്തവരെ പാർട്ടിക്ക് വേണ്ടെന്ന പുതിയ സെക്രട്ടറി എം വിഗോവിന്ദന്റെ നയം ആയുധമാക്കിയാണ് പി.ജയരാജന്റെ പടപ്പുറപ്പാട്. കണ്ണൂരിലും സംസ്ഥാന തലത്തിലും തന്നെ ഒതുക്കാൻ മുന്നിൽ നിന്ന ഇ.പി.ജയരാജനോട് കണക്ക് തീർക്കാനുള്ള അവസാന അവസരമായി ഇതിനെ 'പിജെ' കാണുന്നുണ്ട്. അധികാരത്തിന്റെ ദുർമേദസ്സ് പാർട്ടിയെ ബാധിച്ചെന്നാണ് എം വിഗോവിന്ദന്റെ വിലയിരുത്തൽ. തിരുത്തലിനുള്ള തുടക്കമായാണ് കഴിഞ്ഞ സംസ്ഥാന കമ്മിറ്റിയിൽ വച്ച രേഖയെയും ചർച്ചയെയും ഗോവിന്ദൻ വിഭാവനം ചെയ്യുന്നത്. ഇതിന് പിന്നിൽ ചില ഗൂഡാലചനയുണ്ടെന്് മുഖ്യമന്ത്രി പിണറായി വിജയനും തിരിച്ചറിയുന്നു.
കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി ആയിരിക്കെ കണ്ണൂരിലും സംസ്ഥാന നേതൃത്വത്തിനു മുന്നിലും നേരത്തേ വരികയും അദ്ദേഹം മയപ്പെടുത്തുകയും ചെയ്ത ഒരു വിഷയം പൊടുന്നനെ സംസ്ഥാന കമ്മിറ്റിയിൽ ആരോപണമായി ഉയർന്നതിനു പിന്നിൽ പുതിയ സെക്രട്ടറി എം വിഗോവിന്ദന്റെ പിൻബലം ജയരാജൻ കാണുന്നു. എൺപതോളം പേർ പങ്കെടുക്കുന്ന സംസ്ഥാന കമ്മിറ്റിയിൽ വ്യക്തിപരമായ ഒരു ആരോപണം തനിക്കെതിരെ അഴിച്ചുവിട്ടതിൽ ഇപി ഗൂഢാലോചന കാണുന്നു. കണ്ണൂരിലെ ആയുർവേദ റിസോർട്ട് പാർട്ടിയുടെ ചട്ടക്കൂട്ടിലുള്ള സ്ഥാപനമല്ല. കുടുംബാംഗങ്ങളുടെ പങ്കാളിത്തം പാർട്ടിയെ ബോധിപ്പിച്ചിട്ടുണ്ട്. മകനും ഭാര്യയും ഡയറക്ടർമാരായതും അറിയിച്ചിട്ടുണ്ട്.
പാർട്ടിയുമായി നേരിട്ടു ബന്ധമില്ലാത്ത ഒരു സ്ഥാപനത്തെ സംബന്ധിച്ച് സംസ്ഥാന കമ്മിറ്റിയിൽ അഴിമതി ആരോപണം ഉന്നയിച്ചതു സംഘടനാ മര്യാദയല്ലെന്ന നിലപാടിലാണ് ജയരാജൻ. പി.ജയരാജൻ രേഖാമൂലം പരാതി കൊടുത്താലും ഒന്നും സംഭവിക്കില്ലെന്ന വിശ്വാസത്തിലാണ് അദ്ദേഹം. ഇതിനിടെയാണ് പരാതി എഴുതി നൽകിയെന്ന സൂചനകൾ പുറത്തു വരുന്നത്. എല്ലാം ശൈലജ ടീച്ചർ ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിച്ചാൽ മട്ടന്നൂരിൽ നിയമസഭാ സ്ഥാനാർത്ഥിയാകാനുള്ള പി ജയരാജന്റെ ആഗ്രഹമാണെന്ന് ഇപി കരുതുന്നു. ഇക്കാര്യം ഇപി ചർച്ചയാക്കും. മട്ടന്നൂരിലെ തന്റെ തട്ടകത്തിൽ കയറി കളിക്കാനാണ് തനിക്കെതിരെ പിജെ ആരോപണം ഉന്നയിച്ചതെന്നാണ് ഇപിയുടെ നിലപാട്.
എം വിഗോവിന്ദന്റെ ആരോഹണവും തന്നെ അലട്ടുന്ന ആരോഗ്യപ്രശ്‌നങ്ങളും ഇപിയെ ഒരു വിശ്രമ ജീവിതം തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചിരുന്നു. ആ സൂചന സംസ്ഥാന നേതൃത്വത്തിനു തന്നെ നൽകിയ ശേഷമാണ് തിരുവനന്തപുരം വിട്ടത്. അങ്ങനെ പിൻവാങ്ങി നിൽക്കുമ്പോൾ തന്നെ അപമാനിക്കാൻ നോക്കി എന്നത് ഇപിയെ വേദനിപ്പിക്കുന്നുണ്ട്. ഇനി നിശ്ശബ്ദനാകാൻ ഇല്ലെന്നും തുറന്നു പറയാനുള്ള വേദികൾ ഉപയോഗിക്കണമെന്നുമുള്ള തീരുമാനത്തിലാണ് ഇ.പി.ജയരാജൻ. എന്നാൽ, വെള്ളിയാഴ്ച സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്ത് അതിനു തുനിയുമോ എന്നതിൽ വ്യക്തതയില്ല. അതിനിടെ തെറ്റു കണ്ടാൽ ചൂണ്ടിക്കാട്ടുമെന്നും തിരുത്താൻ ആവശ്യപ്പെടുമെന്നും പി.ജയരാജൻ പറഞ്ഞു.
കമ്യൂണിസ്റ്റ് പാർട്ടിയിൽ ചർച്ച നടന്നാൽ പാർട്ടി തകരുകയില്ല, ഊതിക്കാച്ചിയ പൊന്നുപോലെ ശുദ്ധമാകും. പല തരത്തിലാണ് ജീർണതകളെന്നും അതിനെതിരായുള്ള സമരം പാർട്ടി നടത്തുമെന്നും കാഞ്ഞങ്ങാട് തീരദേശ കമ്മിറ്റി നിർമ്മിച്ച സ്‌നേഹവീടിന്റെ താക്കോൽദാനം ക്രിസ്മസ് ദിനത്തിൽ നിർവഹിച്ച ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയെ സംഘടനാപരമായി ശക്തിപ്പെടുത്തുമ്പോൾ കണ്ണൂരിലെ പാർട്ടിയിൽ കുഴപ്പങ്ങൾ തുടങ്ങിയെന്നു പറയുന്നത് ഇത് ആഗ്രഹിക്കുന്നവരുടെ സ്വപ്നം മാത്രമാണെന്നും ജയരാജൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ