തിരുവനന്തപുരം: കേരളത്തിലെ ജെഡിഎഎസ് എംഎൽഎമാർ ദേശീയ നേതൃത്വത്തിനൊപ്പം ഉറച്ചു നിൽക്കും. ഫലത്തിൽ ബിജെപിയുമായി ദേശീയ തലത്തിൽ സഖ്യമുള്ള ജെഡിഎസ് ഇടതുപക്ഷത്ത് കേരളത്തിൽ തുടരുകയും ചെയ്യും. ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗവുമായുള്ള ബന്ധം വേർപെടുത്തിയെന്ന് പറയുന്നുണ്ടെങ്കിലും ജെ.ഡി.എസ്. കേരളഘടകം സാങ്കേതികമായി അഖിലേന്ത്യാ പാർട്ടിയുടെ ഭാഗമാണ്. മറിച്ചൊരു നീക്കം ജെഡിഎസ് എംഎൽഎമാർ ആലോചിക്കുന്നില്ലെന്നതാണ് വസ്തുത.

ബിജെപി.യുമായി സഹകരിക്കാനുള്ള ദേവഗൗഡയുടെ തീരുമാനത്തിനെതിരേ നിലകൊള്ളുന്നവരെ ഒരുമിപ്പിക്കാൻ ദേശീയ വൈസ് പ്രസിഡന്റ് സി.കെ. നാണു യോഗംവിളിച്ചതോടെ ജെ.ഡി.എസ്. സംസ്ഥാന നേതൃത്വം വെട്ടിലായിട്ടുണ്ട്. സംസ്ഥാനനേതൃത്വത്തിൽ ആലോചിച്ചല്ല ഇത്തരമൊരു യോഗംവിളിച്ചതെന്നും പാർട്ടിക്കാർ അതുമായി സഹകരിക്കേണ്ടെന്നും നിർദേശിച്ച് സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് പത്രക്കുറിപ്പ് ഇറക്കി. ഫലത്തിൽ സികെ നാണു ഇനി ജെഡിഎസിന്റെ കേരളാ ഘടകത്തിൽ ഉണ്ടാകില്ല. നീലലോഹിത ദാസൻ നാടാർ ഈ യോഗത്തിൽ പങ്കെടുക്കുമോ എന്നതാണ് നിർണ്ണായകം. അങ്ങനെ വന്നാൽ ജെഡിഎസ് കേരളത്തിൽ രണ്ടായി പിളരും. പിളരുന്നവരെ ഇടതുപക്ഷം ചേർത്ത് നിർത്തുമോ എന്നതും നിർണ്ണായകമാണ്.

പാർട്ടിയിൽനിന്ന് രാജിവെക്കുകയോ, പകരം വേറെ പാർട്ടി രൂപവത്കരിക്കുകയോ, മറ്റേതെങ്കിലും പാർട്ടിയിൽ ലയിക്കുകയോ ചെയ്താൽ നിലവിലുള്ള നിയമസഭാംഗങ്ങളായ കെ. കൃഷ്ണൻകുട്ടിക്കും മാത്യു ടി. തോമസിനും കൂറുമാറ്റ നിരോധനനിയമം ബാധകമാകാം. സ്പീക്കറാണ് ഇതിൽ അന്തിമവിധി പറയേണ്ടത്. ഇതിന് ശേഷം കോടതിയിലും വിഷയം എത്തും. അങ്ങനെ എംഎൽഎ സ്ഥാനം പ്രതിസന്ധിയിലാക്കാൻ കൃഷ്ണൻകുട്ടിയും മാത്യു ടി തോമസും ആഗ്രഹിക്കുന്നില്ല. സികെ നാണുവിന്റെ യോഗത്തെ വിമത പ്രവർത്തനമായാണ് ദേവഗൗഡ കാണുന്നത്.

ദേവഗൗഡയുമായുള്ള ബന്ധം വിടർത്താനും ദേശീയതലത്തിൽ ബിജെപി. വിരുദ്ധ നിലപാടുള്ളവരുമായി സഹകരിക്കാനുമായിരുന്നു ജെ.ഡി.എസ്. സംസ്ഥാന നേതൃയോഗങ്ങളിലെ തീരുമാനം. എന്നാൽ ഇത് തട്ടിപ്പാണെന്ന വിലയിരുത്തൽ അന്നേ ഉയർന്നിരുന്നു. സികെ നാണു വിളിച്ച യോഗവുമായി മാത്യു ടി തോമസും സഹകരിക്കുമെന്നാണ് ഏവരും കരുതിയത്. എന്നാൽ സഹകരണമില്ലെന്ന പ്രഖ്യാപനം ഏവരേയും ഞെട്ടിച്ചു. സംസ്ഥാന നേതൃയോഗങ്ങളിലെ രാഷ്ട്രീയ തീരുമാനത്തിന് അനുസൃതമായ നടപടിയായാണ് പാർട്ടി ദേശീയ എക്സിക്യൂട്ടീവ് തന്നെ മുതിർന്ന നേതാവ് സി.കെ. നാണു വിളിച്ചത്.

വിവാദങ്ങൾ ഉയരുമ്പോൾ സംസ്ഥാന നേതൃത്വത്തിന് വ്യക്തമായ വിശദീകരണവുമില്ല. മുതിർന്ന നേതാക്കളായ മാത്യു ടി. തോമസ്, കെ. കൃഷ്ണൻകുട്ടി, ജോസ് തെറ്റയിൽ എന്നിവരോടൊന്നും ആലോചിക്കാതെയാണ് സി.കെ. നാണു യോഗംവിളിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സി.എം. ഇബ്രാഹിം കോവളത്തെ യോഗത്തിന് എത്തും. കർണാടകയുൾപ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളിൽനിന്ന് ബിജെപി. സഖ്യത്തോട് എതിർപ്പുള്ളവർ യോഗത്തിനെത്തും.

ബിജെപി.യുടെ എൻ.ഡി.എ. സഖ്യത്തിൽ നിൽക്കുന്ന ജെ.ഡി.എസ്. കേരളത്തിൽ ഇടതുമുന്നണിയുടെ ഭാഗമാണെന്നത് എൽ.ഡി.എഫിന് തലവേദനയാണ്. ബിജെപി -സിപിഎം. ധാരണയുടെ ഉദാഹരണമായി പ്രതിപക്ഷം ഇക്കാര്യം നിരന്തരം പറഞ്ഞുകൊണ്ടിരിക്കുകയുമാണ്. ജെ.ഡി.എസിനെ കേരളത്തിൽ ഇടതുമുന്നണിയിൽ നിലനിർത്തുന്നതിന് കുമാരസ്വാമി മുഖ്യമന്ത്രി പിണറായി വിജയന് നന്ദിപറയുകയും കൂടി ചെയ്തതോടെ പ്രതിപക്ഷം ആരോപണം കടുപ്പിച്ചു. ഈ വിവാദത്തിന് പുതിയ തലം നൽകുന്നതാണ് സികെ നാണുവുമായി സഹകരിക്കില്ലെന്ന കേരള ഘടകത്തിന്റെ തീരുമാനം.