തിരുവനന്തപുരം:മന്ത്രി കൃഷ്ണൻകുട്ടിയും മാത്യു ടി. തോമസും തങ്ങളുടെ എംഎ‍ൽഎ.സ്ഥാനം സംരക്ഷിക്കാനാണ് ജെ.ഡി.എസുമായുള്ള(ജനതാദൾ -എസിൽ) ബന്ധം വേർപെടുത്താതെ മുന്നോട്ടുപോകുന്നതെന്നാണ് വിമർശനം ജെഡിഎസിൽ ശക്തം. ജോസ് തെറ്റയിലും തൽകാലം സംസ്ഥാന നേതൃത്വത്തെ തള്ളി പറയില്ല.ദേശീയ വൈസ് പ്രസിഡന്റ് സി.കെ. നാണു ബിജെപി. സഖ്യത്തെ എതിർക്കുന്നവരെ ഏകോപിപ്പിക്കാനായി ദേശീയ എക്സിക്യുട്ടീവ് വിളിച്ചത് ജെഡിഎസിൽ പിളർപ്പ് അനിവാര്യമാക്കും.

ദേവഗൗഡയുമായി ബന്ധം വേർപ്പെടുത്തിനിൽക്കുന്ന ജനതാദൾ -എസിൽ തുടർനടപടികളെക്കുറിച്ച് ആശയക്കുഴപ്പം ശക്തമാണ്. ബിജെപി. സഖ്യത്തെ എതിർത്തുള്ള നിലപാട് പ്രഖ്യാപിച്ചെങ്കിലും അതിനനുസൃതമായ നടപടികൾ ഉണ്ടാകുന്നില്ലെന്നതാണ് പാർട്ടിയിലുയരുന്ന വിമർശം. മുഖ്യമന്ത്രി പിണറായിയും സിപിഎമ്മും മാത്യു ടി തോമസിനേയും കൃഷ്ണൻകുട്ടിയേയുമാണ് അംഗീകരിക്കുന്നത്. ഈ സാഹചര്യത്തിൽ ജെ.ഡി.എസ്.

നാണുവിനെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് സംസ്ഥാനനേതൃത്വത്തിൽനിന്നുണ്ടാകുന്നത്. സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസോ, മന്ത്രി കെ. കൃഷ്ണൻകുട്ടിയോ അറിഞ്ഞല്ല നാണു ദേശീയ എക്സിക്യുട്ടീവ് യോഗം വിളിച്ചത്. ബിജെപി.യുമായി സഖ്യമെന്ന തീരുമമാനത്തിൽ ദേശീയനേതൃത്വം നിൽക്കുമ്പോൾ അതിനെതിരേ നാണുവിളിച്ച യോഗം കേരളത്തിലെ രാഷ്ട്രീയത്തിൽ നിർണ്ണായകമാകും. സിപിഎം എടുക്കുന്ന നിലപാടാണ് നിർണ്ണയാകം.

''ശരിയായകാര്യം തെറ്റായരീതിയിൽ കൈകാര്യംചെയ്തതിന്റെ പ്രതിഫലമാണ് പാർട്ടിയിലെ ഇപ്പോഴത്തെ പ്രശ്‌നം'' -എന്നാണ് ദേശീയ ജനറൽ സെക്രട്ടറിയായ ജോസ് തെറ്റയിലിന്റെ അഭിപ്രായം. നാണുവിളിച്ച യോഗത്തിൽ താനടക്കമുള്ള സംസ്ഥാനത്തെ നേതാക്കൾ പങ്കെടുക്കുന്നില്ല. യോഗംചേരാനുള്ള കൂട്ടായചർച്ച ഉണ്ടായിട്ടില്ല. യോഗത്തിന് ആരൊക്കെയാണ് വരുന്നതെന്നും അറിയില്ല എന്നതിനാലാണ് സഹകരിക്കാത്തത്-ജോസ് തെറ്റയിൽ പറയുന്നു.

ഇന്നാണ് വിളിച്ച ദേശീയ എക്സിക്യുട്ടീവ് യോഗം. ദേശീയ വൈസ് പ്രസിഡന്റ് സി.എം. ഇബ്രാഹിം ഉൾപ്പെടെയുള്ള നേതാക്കൾ ഇതിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്. സി.കെ. നാണുവിന്റെ യോഗം തങ്ങൾ അറിഞ്ഞിട്ടില്ല എന്നാണ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസും മന്ത്രി കെ. കൃഷ്ണൻ കുട്ടിയും പറയുന്നത്.

ഒക്ടോബർ 7 ന് കൊച്ചിയിൽ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ ദേവഗൗഡയ്ക്കെതിരെ സമാന ചിന്താഗതിക്കാരുടെ യോഗം വിളിച്ചുകൂട്ടാൻ സി.കെ നാണുവിനെ ചുമതലപ്പെടുത്തിയിരുന്നു. ബിജെപിയുമായി സഖ്യത്തിലാകാനുള്ള തീരുമാനത്തെ എതിർക്കുന്ന കേരള നേതാക്കൾ ഇതോടെ വെട്ടിലായിരിക്കുകയാണ്.

സി.കെ.നാണു വിളിക്കുന്ന വിമത യോഗത്തിൽ എംഎൽഎമാരായ മാത്യു ടി. തോമസും കെ.കൃഷ്ണൻ കുട്ടിയും പങ്കെടുത്താൽ അവർക്ക് കൂറുമാറ്റ നിരോധന നിയമ പ്രകാരം നിയമസഭാംഗത്വത്തിന് അയോഗ്യത കൽപ്പിക്കപ്പെടും. ഇടതു മുന്നണിയും സമ്മർദത്തിലാണ്. ദേവഗൗഡയെ ദേശീയ അധ്യക്ഷനായി അംഗീകരിക്കുന്ന മാത്യു ടി. തോമസ് വിഭാഗത്തെ കൂടെ നിർത്താൻ എൽഡിഎഫിന് കഴിയാതെ വരുമെന്നാണ് വിലയിരുത്തൽ.