- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദേവഗൗഡയുടേത് അൽപ്പത്തവും അസംബന്ധവും നിറഞ്ഞ പ്രസ്താവനയെന്ന് സിപിഎം; ദേവഗൗഡയുമായി പിണറായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് മന്ത്രി കൃഷ്ണൻകുട്ടി; പരിഹസിച്ച് പ്രതിപക്ഷവും; ബിജെപി ഗൂഢാലോചന ആരോപിച്ച് പിടിച്ചു നിൽക്കാൻ ഇടതു ശ്രമം; ജെഡിഎസ് ചൂടുള്ള ചർച്ചയാകുമ്പോൾ
തിരുവനന്തപുരം: ജെഡിഎസ്-ബിജെപി സഖ്യം പിണറായി വിജയന്റെ പൂർണ സമ്മതത്തോടെയെന്ന എച്ച്.ഡി.ദേവഗൗഡയുടെ വെളിപ്പെടുത്തൽ നിഷേധിച്ച് മന്ത്രി കെ.കൃഷ്ണൻകുട്ടി. പിണറായി ദേവഗൗഡയുമായി യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ജെഡിഎസ്-ബിജെപി സഖ്യത്തിന് പാർട്ടി കേരളഘടകം സമ്മതം മൂളിയിട്ടില്ല. ഇക്കാര്യത്തിൽ യോജിക്കാൻ കഴിയില്ലെന്ന് പാർട്ടി ദേശീയ അധ്യക്ഷനായ ദേവഗൗഡയെ കണ്ട് തങ്ങൾ അറിയിച്ചതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇതിന് വിരുദ്ധമായി ദേവഗൗഡ പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം.
അതിനിടെ ദേവഗൗഡയുടെ വാദത്തെ തള്ളി സിപിഎമ്മും രംഗത്തു വന്നു. അൽപ്പത്തവും അസംബന്ധവും നിറഞ്ഞ പ്രസ്താവനയാണ് ദേവ ഗൗഡ നടത്തിയതെന്ന് സിപിഎം സംസ്ഥാന സമിതി അംഗം കെ. അനിൽ കുമാർ പ്രതികരിച്ചു. മന്ത്രി കൃഷ്ണൻകുട്ടിയെ പോലെ ജെഡിഎസ് കേരള ഘടകവും ഗൗഡയുടെ പ്രസ്താവന തള്ളിയിട്ടുണ്ട്. ബിജെപി.യുമായി സഖ്യമുണ്ടാക്കിയതിനെതിരേ കലാപമുയർത്തിയ സി.എം. ഇബ്രാഹിമിനെ ജെഡിഎസ് കർണാണടക അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയതറിയിച്ച് കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ദേവ ഗൗഡയുടെ വിവാദ പരാമർശം. ആ പത്രസമ്മേളനം ബിജെപി ഗൂഢാലോചനയാണെന്ന വാദമാകും സിപിഎം ഉയർത്തുക.
ബിജെപിയുമായുള്ള സഖ്യത്തിന് ജെഡിഎസ് കേരളഘടകത്തിന് പിണറായി അനുമതി നൽകിയെന്നായിരുന്നു ദേവഗൗഡയുടെ വെളിപ്പെടുത്തൽ. ഇതുകൊണ്ടാണ് ഇടത് സർക്കാരിൽ ഇപ്പോഴും ജെഡിഎസിന് മന്ത്രിയുള്ളതെന്നും ദേവഗൗഡ പറഞ്ഞു. പാർട്ടിയെ രക്ഷിക്കാനാണ് തങ്ങൾ ബിജെപിയുമായി സഖ്യത്തിന് തയാറായതെന്ന് പിണറായിക്ക് ബോധ്യപ്പെട്ടിരുന്നു. അതുകൊണ്ട് സഖ്യത്തിന് അദ്ദേഹം പൂർണസമ്മതം നൽകിയെന്നും ദേവഗൗഡ കൂട്ടിച്ചേർത്തു. കേരളത്തിൽ വലിയ രാഷ്ട്രീയ ചർച്ചയാണ് ദേവഗൗഡയുടെ വാക്കുകൾ.
'കേരളത്തിൽ ജെ.ഡി.എസ്. ഇടതുമുന്നണിക്കൊപ്പമാണ്. ഞങ്ങളുടെ ഒരു എംഎൽഎ. അവിടെ മന്ത്രിയാണ്. ബിജെപി.യുമായി ചേർന്നുപോകുന്നതിന്റെ കാരണം അവർ മനസ്സിലാക്കി. അവിടത്തെ ഞങ്ങളുടെ മന്ത്രി(കെ. കൃഷ്ണൻകുട്ടി) സമ്മതം തന്നു. പാർട്ടിയെ രക്ഷിക്കാൻ ബിജെപി.ക്കൊപ്പം ചേരുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ പൂർണ സമ്മതം തന്നതാണ്', ദേവ ഗൗഡ പറയുകയണ്ടായി. മുൻ പ്രധാനമന്ത്രിയായ ദേവ ഗൗഡയെ പോലൊരാൾ തന്റെ പാർട്ടിയുടെ രാഷ്ട്രീയം തീരുമാനിക്കുന്നത് മറ്റൊരു പാർട്ടിയുടെ മുഖ്യമന്ത്രിയുമായി ചർച്ചചെയ്തിട്ടാണെന്ന് പറയുന്നത് രാഷ്ട്രീയത്തിലെ അൽപ്പത്തമാണ്, അസംബന്ധമാണ്', സിപിഎം സംസ്ഥാന കമ്മിറ്റി അംഗം അനിൽ കുമാർ പറഞ്ഞു.
ജെഡിഎസിന്റെ ദേശീയ നേതൃത്വം എടുത്ത തീരുമാനത്തോട് യോജിച്ചുപോകാൻ കഴിയില്ലെന്ന് തങ്ങൾ നേരത്തെ അറിയിച്ചതാണെന്ന് മന്ത്രി കെ.കൃഷ്ണൻ കുട്ടിയും വ്യക്തമാക്കി. 'എന്റെ അറിവിൽ ജെഡിഎസ് തീരുമാനത്തിന് മുഖ്യമന്ത്രി പിന്തുണ നൽകിയിട്ടില്ല. എന്തുകൊണ്ടാണ് ദേവഗൗഡ അങ്ങനെ പറഞ്ഞതെന്ന് അറിയില്ല. അവിടുത്തെ രാഷ്ട്രീയ സാഹചര്യത്തിന്റെ ഭാഗമായി പറഞ്ഞതാകും. ബിജെപിയുമായി ഒരിക്കലും യോജിച്ച് പോകാൻ കഴിയില്ല. ജെഡിഎസ് കേരള ഘടകം സ്വതന്ത്രമായി നിൽക്കുകയാണ്', കൃഷ്ണൻകുട്ടി പറഞ്ഞു.
ഇതിനിടെ, കേരളത്തിൽ ബിജെപിയുടെ ബി ടീമാണ് സിപിഎം എന്ന് കോൺഗ്രസ് എംപി കെ.മുരളീധരൻ വിമർശിച്ചു. ജനതാ ദളിന്റെ അഖിലേന്ത്യാ ഘടകം ബി.ജെ പിക്ക് ഒപ്പം ചേർന്നപ്പോൾതന്നെ അവരെ എൽ.ഡി.എഫ് ഒഴിവാക്കണമായിരുന്നു. കൃഷ്ണൻ കുട്ടിയെ ഈ മാനദണ്ഡത്തിൽ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയില്ല. ബിജെപിയെ പരോക്ഷമായി പിന്തുണയ്ക്കുകയാണ് സിപിഎമ്മെന്നും മുരളീധരൻ കുറ്റപ്പെടുത്തി. രമേശ് ചെന്നിത്തലയും പ്രതികരണവുമായി എത്തി.