- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദി കാബിനറ്റിൽ കുമാരസ്വാമി; പിണറായി മന്ത്രിസഭയിൽ കൃഷ്ണൻകുട്ടിയും
തിരുവനന്തപുരം: കേന്ദ്രമന്ത്രിസഭയിലും കേരള മന്ത്രിസഭയിലും അംഗങ്ങളുള്ള പാർട്ടിയായി ജെഡിഎസ്. ജെഡിഎസിന്റെ ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച കുമാരസ്വാമി മോദി സർക്കാരിൽ മന്ത്രിയാണ്. കേരളത്തിൽ ജെഡിഎസ് ചിഹ്നത്തിൽ മത്സരിച്ച കെ കൃഷ്ണൻകുട്ടി വൈദ്യുതി മന്ത്രിയും. ജെഡിഎസിന്റെ കൃഷ്ണൻകുട്ടിയും മാത്യു ടി തോമസും ഇടതു മുന്നണിയുടെ ഭാഗവും. ഈ രാഷ്ട്രീയ കൗതുകത്തെ മുഖ്യമന്ത്രി പിണറായി വിജയൻ എങ്ങനെ നേരിടുമെന്നതാണ് ഉയരുന്ന ചോദ്യം. ജെഡിഎസിന്റ ദേശീയ നേതൃത്വം കുമാരസ്വാമിയുടെ കൈകളിലാണ്. അതുകൊണ്ട് തന്നെ കേരളത്തിലെ അംഗങ്ങൾ ജെഡിഎസുമായുള്ള ബന്ധം വിച്ഛേദിച്ചാൽ അയോഗ്യതാ ഭീഷണിയിലേക്ക് വരും. കൃഷ്ണൻകുട്ടിക്കും മാത്യു ടി തോമസിനും എംഎൽഎ പദം നഷ്ടമാകുന്ന സാഹചര്യവും ഉണ്ടാകും. ഇതെല്ലാം കേരളത്തിലെ ഇടതുപക്ഷത്തിന് തലവേദനയാകുന്നുണ്ട്.
ബിജെപി മുന്നണിക്കെതിരെ അതിശക്തമായ നിലപാട് എടുക്കുന്ന പാർട്ടിയാണ് സിപിഎം. ബിജെപിയുമായി കൂട്ടുകൂടുന്നവരെ അകറ്റി നിർത്തുന്ന പാർട്ടി. എന്നാൽ കേന്ദ്രത്തിൽ ബിജെപിയെ പിന്തുണയ്ക്കുന്ന പാർട്ടിയുടെ പ്രതിനിധിയെ പിണറായി സർക്കാരിൽ ഉൾപ്പെടുത്തേണ്ടിയും വരുന്നു. നേരത്തെ ദേശീയ തലത്തിൽ ജെഡിഎസ് സ്വതന്ത്ര നിലപാടാണ് എടുത്തിരുന്നത്. ബിജെപിയെ തള്ളി പറയുന്ന പാർട്ടിയുമായിരുന്നു. ഈ ഘട്ടത്തിലാണ് കേരളത്തിലെ ജെഡിഎസിനെ ഇടതുപക്ഷത്ത് ചേർത്ത് നിർത്തിയത്. മാത്യു ടി തോമസിനെ മന്ത്രിയാക്കുകയും ചെയ്തു. കർണ്ണാടകയിൽ ജെഡിഎസിന്റെ ശക്തിക്ഷയം കാര്യങ്ങൾ മാറ്റി മറിച്ചു. അധികാരത്തിനായി ബിജെപിക്കൊപ്പം കുമാരസ്വാമി എത്തി. മുൻപ്രധാനമന്ത്രി ദേവഗൗഡയും ഇതിനെ അംഗീകരിച്ചു. എൻഡിഎയിൽ കക്ഷിയാവുകയും ചെയ്തു. ഇതോടെ തന്നെ കേരളത്തിൽ പ്രശ്‌നങ്ങൾ തുടങ്ങി. ഇടതുപക്ഷത്ത് വലിയ ചർച്ചകൾ നടത്തി. എന്നാൽ മാത്യു ടി തോമസിനേയും കൃഷ്ണൻകുട്ടിയേയും കൈവിടേണ്ടതില്ലെന്നായിരുന്നു സിപിഎം തീരുമാനം. എന്നാൽ കുമാരസ്വാമി മന്ത്രിയായതോടെ പ്രതിസന്ധി സിപിഎമ്മിന് മുമ്പിൽ പുതിയ തലത്തിലെത്തി. ഇതിനെ മറികടക്കാൻ സംസ്ഥാന പാർട്ടി രൂപീകരിച്ച് കേരളത്തിലെ നേതൃത്വം ഇടതുപക്ഷത്ത് തുടരും. എന്നാൽ എംഎൽഎമാരായ കൃഷ്ണൻകുട്ടിക്കും മാത്യു ടി തോമസിനും ഈ പാർട്ടിയുടെ ഭാഗമായി ഉടൻ മാറാൻ കഴിയില്ല.
സംസ്ഥാന പാർട്ടി രൂപീകരിക്കാൻ ഒരുങ്ങി ജെഡിഎസ് (ജനതാദൾ എസ്) നീക്കം തുടങ്ങി കഴിഞ്ഞു. പാർട്ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനത്തിനായി സംസ്ഥാന നേതൃയോഗം വിളിച്ചു. ഈ മാസം 18ന് തിരുവനന്തപുരത്താണ് യോഗം നടക്കുക. ജെഡിഎസ്, എൻഡിഎ സർക്കാരിന്റെ ഭാഗമായതോടെയാണ് സംസ്ഥാന എൻഡിഎ നേതൃത്വം പുതിയ പാർട്ടി രൂപീകരിക്കാൻ തീരുമാനിച്ചത്. ജെഡിഎസ്സിന് ദേശീയ നേതൃത്വവുമായി ബന്ധമില്ലെന്ന് സംസ്ഥാന ഘടകം നേരത്തെ വ്യക്തമാക്കിയിരുന്നു. സാങ്കേതികമായി ഇപ്പോഴും ദേശീയ പാർട്ടിയുടെ ഭാഗമാണ് കേരളത്തിലെ പാർട്ടി. ജെഡിഎസ്സിന്റെ കേരള ഘടകമായി എൽഡിഎഫിൽ തുടരാൻ ആകില്ലെന്ന് സിപിഎം അറിയിച്ചിരുന്നു. ദേശീയ നേതൃത്വവുമായി സാങ്കേതികമായി ബന്ധം നിലനിൽക്കുകയാണെന്നതിനാൽ ഇത് മുന്നണിയിൽ തടസ്സമാകും. കർണ്ണാടകയിലെ പ്രജ്ജ്വൽ രേവണ്ണ വിവാദത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടി രൂപീകരണത്തെ കുറിച്ച് ജെഡിഎസ് സംസ്ഥാന ഘടകം ആലോചിച്ച് തുടങ്ങിയിരുന്നു.
ഈ വിവാദം പാർട്ടിക്കേൽപ്പിച്ച കളങ്കം വലുതാണെന്ന നിഗമനത്തിലാണ് സംസ്ഥാന നേതൃത്വം. സംസ്ഥാന പാർട്ടി രൂപീകരിച്ച് സ്വതന്ത്രമായി പ്രവർത്തിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. ഇതിനിടെയാണ് കുമാരസ്വാമി കേന്ദ്രമന്ത്രിയായത്. എംഎൽഎ മാത്യു ടി തോമസും മന്ത്രി കെ കൃഷ്ണൻകുട്ടിയും കൂറുമാറ്റ നടപടി ഉള്ളതിനാൽ പുതിയ പാർട്ടിയിൽ അംഗത്വം എടുത്തേക്കില്ല. ഇടതുമുന്നണിയിലെ ചെറു പാർട്ടികൾ ഒറ്റ പാർട്ടിയായി മാറണമെന്ന നിർദ്ദേശവും ചർച്ചയിലുണ്ട്. ജനതാദൾ എസ്, എൻസിപി, കേരള കോൺഗ്രസ് ബി, ആർഎസ്‌പി ലെനിനിസ്റ്റ് പാർട്ടികളുടെ ലയനം ആണ് പരിഗണയിൽ. ഇതിനായി ജനതാദൾ എസ്, എൻസിപി നേതൃത്വങ്ങൾ പ്രാഥമിക ചർച്ച നേരത്തെ തുടങ്ങിയിരുന്നു. അതിനിടെ ജെഡിഎസ് കേരള ഘടകം, അഖിലേഷ് യാദവ് നേതൃത്വം നൽകുന്ന സമാജ്‌വാദി പാർട്ടിയിൽ (എസ്‌പി) ലയിച്ചേക്കും എന്നും സൂചനയുണ്ട്.
ലയനത്തിനു എസ്‌പി ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവ് പച്ചക്കൊടി വീശിയതായി ദേശീയ സെക്രട്ടറി ആർ.എസ്.പ്രഭാത് പറഞ്ഞു. ദേശീയ തലത്തിൽ ബിജെപിയുമായി കൈകോർത്ത എച്ച്.ഡി.കുമാരസ്വാമിയുമായുള്ള ബന്ധം അവസാനിപ്പിച്ചു മുഖം സംരക്ഷിക്കാനാണ് ഇത്. സംസ്ഥാനത്ത് ജെഡിഎസ് എൽഡിഎഫിലും സമാജ്വാദി പാർട്ടി യുഡിഎഫിനു പുറത്തുനിന്നും പിന്തുണ നൽകുന്ന കക്ഷികളാണ്. ജെഡിഎസ് പാർട്ടിയിൽ ലയിക്കുന്നതിനെ സ്വാഗതം ചെയ്യാൻ പാർട്ടി ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവ് എസ്‌പിയുടെ സംസ്ഥാന ഘടകത്തിനു നിർദ്ദേശം നൽകി. രണ്ടു പാർട്ടികളും ഇരു മുന്നണികളുടെ ഭാഗമാണെന്നതാണു നിലവിലെ പ്രശ്‌നം.
ഉത്തർപ്രദേശിൽ കോൺഗ്രസുമായി ഉണ്ടായ കൂട്ടുകെട്ടിൽ നേടിയ വിജയം പാർട്ടിക്കു ദേശീയതലത്തിൽ നൽകിയ സ്വീകാര്യത വലുതാണെന്ന് അഖിലേഷ് യാദവ് സംസ്ഥാന നേതാക്കളെ ഓർമിപ്പിച്ചു. എന്നാൽ ഇന്ത്യാ മുന്നണിയുടെ ഭാഗമായ എൽഡിഎഫുമായി സഹകരിക്കുന്നതിൽ പ്രശ്‌നമില്ലെന്നും അഖിലേഷ് യാദവ് അറിയിച്ചതായി പ്രഭാത് പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് സജി പോത്തൻ തോമസിന്റെ നേതൃത്വത്തിൽ ചേർന്ന സംസ്ഥാന ഭാരവാഹികളുടെ ഓൺലൈൻ യോഗം ജെഡിഎസിന്റെ വരവിനെ സ്വാഗതം ചെയ്തു. സമാജ്വാദി പാർട്ടിയുമായി അനൗദ്യോഗിക ചർച്ചകൾ നടന്നിട്ടുണ്ടെന്നു മുൻ മന്ത്രിയും ജെഡിഎസ് നേതാവുമായ ജോസ് തെറ്റയിലും സ്ഥിരീകരിച്ചു.
"എസ്‌പിയുമായി ലയനം, ആർജെഡിയുമായി ലയനം, സംസ്ഥാനത്ത് പുതിയ പാർട്ടിയുടെ രൂപീകരണം എന്നിങ്ങനെ മൂന്നു വഴികളാണു മുന്നിലുള്ളത്. ഇതിൽ ആർജെഡിയുമായി ലയിക്കാൻ സാധ്യത കുറവാണ്. 18ന് നടക്കുന്ന സംസ്ഥാന കമ്മിറ്റിയിൽ അന്തിമ തീരുമാനമുണ്ടാകും" ജോസ് തെറ്റയിൽ പറഞ്ഞു.