- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മന്ത്രിപദം അടക്കം ത്യജിച്ചുള്ള ഇറങ്ങിപ്പോക്കിന് മാത്യു ടി തോമസും കൃഷ്ണൻകുട്ടിയും തയ്യാറല്ല; ജെഡിഎസ് കേരള ഘടകം ഒറ്റയ്ക്ക് നിൽക്കും; ദേവഗൗഡയുമായും സി കെ നാണുവുമായും കൂട്ടില്ല; പാർട്ടി ചിഹ്നവും കൊടിയും കീറാമുട്ടിയായി തുടരുന്നു; മറ്റ് ജനതാ പാർട്ടികളിൽ ലയിക്കുക മാത്രം പോംവഴി
തിരുവനന്തപുരം: ഒറ്റയ്ക്ക് നിൽക്കാൻ തീരുമാനിച്ച് ജെഡിഎസ് കേരള ഘടകം. എച്ച് ഡി ദേവഗൗഡയുമായും, സികെ നാണുവുമായും സഹകരിക്കില്ല. സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസിന്റെ നേതൃത്വത്തിൽ ഇന്ന് ചേർന്ന സംസ്ഥാന നേതൃയോഗത്തിൽ ആണ് തീരുമാനം. എന്നാൽ പാർട്ടി ചിഹ്നത്തിലും കൊടിയിലും ഇപ്പോഴും സംസ്ഥാന ഘടകത്തിന് ധാരണയുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ പിന്നീടാകും തീരുമാനമെടുക്കുകയുള്ളു എന്ന് മാത്യു ടി തോമസ് വ്യക്തമാക്കി.
മറ്റ് ജനതാ പാർട്ടികളുമായി ലയിക്കുന്നത് പരിഗണിക്കും. സി കെ നാണു വിഭാഗവുമായി ബന്ധമില്ല, നാണുവിന്റെ നീക്കങ്ങൾ ഏകപക്ഷീയമെന്നും നേതൃയോഗം വിമർശിച്ചു. 2006ൽ ബിജെപിയുമായുള്ള ബന്ധത്തിന്റെ പേരിൽ ബന്ധം വിഛേദിച്ചപ്പോൾ ചിഹ്നവും കൊടിയും മാറ്റിയിരുന്നില്ലെന്നും മാത്യു ടി തോമസ് പറഞ്ഞു. കർണാടകയിൽ ജെഡിഎസ് ബിജെപി സഹകരണം ഉള്ളപ്പോഴാണ് അതേ ചിഹ്നത്തിൽ കേരളത്തിൽ മത്സരിച്ചത്. അന്ന് എട്ട് സീറ്റിൽ മത്സരിച്ച് അഞ്ച് സീറ്റിൽ വിജയിച്ചിരുന്നുവെന്നും മാത്യു ടി തോമസ് കൂട്ടിച്ചേർത്തു.
നേരത്തെ, ജെഡിഎസ് - ബിജെപി കൂട്ടുകെട്ടിനെ എതിർത്ത് കേരളത്തിൽ വിമത യോഗം വിളിച്ചു ചേർത്തതിന് സി കെ നാണുവിനെ ദേശീയ ഉപാധ്യക്ഷ സ്ഥാനത്ത് നിന്ന് എച്ച്ഡി ദേവഗൗഡ പുറത്താക്കിയിരുന്നു. ദേശീയ ഉപാധ്യക്ഷ പദവി കൈകാര്യം ചെയ്യവേ ദേശീയ നേതൃത്വത്തിന്റെ അറിവോ മുൻകൂർ സമ്മതമോ ഇല്ലാതെ സി കെ നാണു കേരളത്തിൽ വിളിച്ചു ചേർത്ത യോഗം ജെഡിഎസിന്റെ ഭരണഘടനക്ക് വിരുദ്ധമാണെന്ന് ദേവഗൗഡ വിശദീകരിച്ചിരുന്നു. ദേശീയ അധ്യക്ഷൻ ജീവിച്ചിരിക്കെ ഇത്തരത്തിൽ യോഗം വിളിക്കാൻ പാടുള്ളതല്ല, മുൻപ് പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് പുറത്താക്കപ്പെട്ട സി എം ഇബ്രാഹിം, നാണുവിനെ പറഞ്ഞു പാട്ടിലാക്കിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് തങ്ങളാണ് യഥാർത്ഥ ജെഡിഎസ് എന്ന് അവകാശപ്പെട്ട് സി കെ നാണു രംഗത്തെത്തിയത്. ബിജെപിക്കൊപ്പം പോയ ദേവഗൗഡയെ ജെഡിഎസിൽ നിന്ന് പുറത്താക്കിയതായി സി കെ നാണു പ്രഖ്യാപിച്ചിരുന്നു. പുതിയ ദേശീയ അധ്യക്ഷനായി വിമത വിഭാഗം നാണുവിനെ തിരഞ്ഞെടുക്കുകയും ചെയ്തു. പിളർപ്പിന് പിന്നാലെ താനാണ് ജെ ഡി എസിന്റെ അധ്യക്ഷൻ എന്നവകാശപ്പെട്ട് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജന് സി കെ നാണു കത്തയച്ചു. എൻഡിഎ വിരുദ്ധ ശക്തികൾ തങ്ങളാണെന്നും കത്തിൽ അവകാശപ്പെട്ടിരുന്നു. സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസും മന്ത്രി കെ കൃഷ്ണൻകുട്ടിയും സി കെ നാണു വിഭാഗം വിളിച്ച യോഗത്തിൽ പങ്കെടുത്തിരുന്നില്ല. കേരളത്തിലെ മന്ത്രി സ്ഥാനം രാജിവെച്ച് പാർട്ടി പ്രത്യേക ഘടകമായി ഇടതുമുന്നണിയിൽ ഉറച്ചു നിൽക്കണമെന്നായിരുന്നു സി കെ നാണു വിഭാഗം ആവശ്യപ്പെട്ടത്. എന്നാൽ മാത്യു ടി തോമസും കെ കൃഷ്ണൻകുട്ടിയും ഉൾപ്പെടുന്ന മറുവിഭാഗം സ്ഥാനങ്ങൾ ത്യജിച്ചുള്ള ഇറങ്ങിപ്പോക്കിന് എതിര് നിന്നതോടെ കേരളത്തിലെ ജെഡിഎസ് രണ്ടായി തിരിയുകയായിരുന്നു.
ഇതിന് പിന്നാലെയാണ് ജെഡിഎസ് കേരള ഘടകത്തിന് തങ്ങളുടെ നിലപാടിൽ അടിയന്തരമായി തീരുമാനം എടുക്കേണ്ടി വന്നത്. പുതിയ നീക്കത്തിലൂടെ തത്കാലം എൽഡിഎഫിൽ ഉയർന്ന പ്രതിസന്ധി മറികടക്കാമെങ്കിലും പാർട്ടി ചിഹ്നവും കൊടിയും നിയമസഭാംഗത്വവും അടക്കമുള്ളവ വരും നാളുകളിൽ കീറാമുട്ടിയാകും.




