ബംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയനെ വെട്ടിലാക്കി മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ പരാമർശം. കർണാടകത്തിൽ ബിജെപി.യുമായി സഖ്യമുണ്ടാക്കുന്നതിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ ലഭിച്ചതായി ജെ.ഡി.എസ്. ദേശീയ അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ വെളിപ്പെടുത്തിയിരുന്നു. കേരളത്തിലെ പ്രതിപക്ഷത്തിന് സിപിഎമ്മിനെ ബിജെപി ബന്ധം ആരോപിച്ച് പ്രതിക്കൂട്ടിൽ നിർത്താനുള്ള സുവർണ്ണാവസരമാണ് ഈ പ്രസ്താവന. ഈ സാഹചര്യത്തിൽ സിപിഎം വ്യക്തമായ തീരുമാനങ്ങളിലേക്ക് കടക്കും.

പാർട്ടി കേരള ഘടകവും സഖ്യനീക്കത്തെ പിന്തുണച്ചതായും അദ്ദേഹം അറിയിച്ചു. ബിജെപി.യുമായി സഖ്യമുണ്ടാക്കിയതിനെതിരേ കലാപമുയർത്തിയ സി.എം. ഇബ്രാഹിമിനെ സംസ്ഥാനാധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയതറിയിച്ച വാർത്താ സമ്മേളനത്തിലാണ് ദേവഗൗഡയുടെ വെളിപ്പെടുത്തൽ. എന്നാൽ ഒരു ചർച്ചയും ജെഡിഎസുമായി നടത്തിയിട്ടില്ലെന്നാണ് സിപിഎം നൽകുന്ന സൂചന. ദേവഗൗഡ പച്ചക്കള്ളം പറയുന്നുവെന്നാണ് സിപിഎം നേതൃത്വം മറുനാടനോട് നൽകിയ വിശദീകരണം. മുഖ്യമന്ത്രി പിണറായി വിജയനേയും ഇത് അലോസരപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ ജെഡിഎസിന് മന്ത്രിസ്ഥാനം നഷ്ടമാകാൻ സാധ്യതയും ഏറെയാണ്.

''കേരളത്തിൽ ജെ.ഡി.എസ്. ഇടതുമുന്നണിക്കൊപ്പമാണ്. ഞങ്ങളുടെ ഒരു എംഎ‍ൽഎ. അവിടെ മന്ത്രിയാണ്. ബിജെപി.യുമായി ചേർന്നുപോകുന്നതിന്റെ കാരണം അവർ മനസ്സിലാക്കി. അവിടത്തെ ഞങ്ങളുടെ മന്ത്രി(കെ. കൃഷ്ണൻകുട്ടി) സമ്മതം തന്നു. പാർട്ടിയെ രക്ഷിക്കാൻ ബിജെപി.ക്കൊപ്പം ചേരുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ പൂർണ സമ്മതം തന്നതാണ്'' -ദേവഗൗഡ പറഞ്ഞു. ബിജെപി.യുമായുള്ള സഖ്യത്തെ തമിഴ്‌നാട്, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാന ഘടകങ്ങൾ അംഗീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി മുന്നണിയിലുള്ള ജെഡിഎസ് കേരളത്തിലെ മന്ത്രിസഭയിൽ തുടരുന്നതിനെ ഒത്തുകളിയായി കോൺഗ്രസ് ആരോപിച്ചിരുന്നു.

രണ്ട് എംഎൽഎമാരാണ് കേരളത്തിൽ ജെഡിഎസിനുള്ളത്. മന്ത്രി കൃഷ്ണൻകുട്ടിയും മാത്യു ടി തോമസും. നേരത്തെ പുതിയ പാർട്ടിയുണ്ടാക്കുന്നതിനെ കുറിച്ച് ജെഡിഎസ് ആലോചിച്ചിരുന്നു. അങ്ങനെ ചെയ്താൽ എംഎൽഎമാർക്ക് ആ പാർട്ടിയിൽ ചേരാൻ കഴിയില്ല. അത് അയോഗ്യതയായി മാറും. ഇതിനൊപ്പം പുതിയ പാർട്ടിയുണ്ടാക്കുന്നതോടെ മാത്യു ടി തോമസിന് പാർട്ടി സംസ്ഥാന അധ്യക്ഷ പദവിയും നഷ്ടമാകും. അതിനാൽ ജെഡിഎസിൽ തുടർന്ന് കേരളത്തിൽ ബിജെപി വിരുദ്ധ പറയനായിരുന്നു തീരുമാനം.

ജെ.ഡി.എസ്. കേരള ഘടകത്തിന്റെ ഈ നിലപാടിൽ നിന്ന് വ്യത്യസ്തമാണ് ദേവഗൗഡയുടെ വെളിപ്പെടുത്തൽ. കേരളത്തിൽ ഇടതുമുന്നണിയോടൊപ്പം നിൽക്കാനും ബിജെപി. സഖ്യത്തെ തള്ളാനുമായിരുന്നു കേരള ഘടകത്തിന്റെ തീരുമാനം. ഇക്കാര്യം സംസ്ഥാനനേതാക്കൾ ദേവഗൗഡയെ നേരിൽ അറിയിക്കുകയും ചെയ്തിരുന്നുവെന്ന് നേതാക്കൾ പറഞ്ഞിരുന്നു. കേരള ഘടകത്തിന് സ്വതന്ത്ര നിലപാട് സ്വീകരിക്കാൻ അധികാരമുണ്ടെന്ന് ദേവഗൗഡ അറിയിച്ചതായാണ് പാർട്ടി കേരള അധ്യക്ഷൻ മാത്യു ടി. തോമസ് അറിയിച്ചത്.

ഇതിനുവിരുദ്ധമായ ദേവഗൗഡയുടെ വെളിപ്പെടുത്തൽ കേരളത്തിൽ ഇടതുമുന്നണിയോടൊപ്പം നിൽക്കുന്ന പാർട്ടിഘടകത്തെ പ്രതിസന്ധിയിലാക്കും.ജെ.ഡി.എസിന്റെ ബിജെപി. ബന്ധത്തെ ഉയർത്തിക്കാട്ടി കോൺഗ്രസ് സിപിഎമ്മിനെതിരേ ആരോപണം ഉന്നയിക്കുന്നതിനിടെയാണ് ദേവഗൗഡയുടെ പ്രസ്താവനയിൽ സിപിഎം പ്രതിസന്ധിയിലായി. ഇക്കാര്യത്തിലെ അതൃപ്തി ജെഡിഎസ് കേരള ഘടകത്തെ അറിയിക്കും. കൃഷ്ണൻകുട്ടിയെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാനും സാധ്യതയുണ്ട്.