കൊച്ചി: മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാമിന് മറുപടിയുമായി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. സർക്കാരുകളോട് ബന്ധപ്പെടുന്നത് സമസ്തയുടെ ഭരണഘടനയിലുള്ളതാണെന്നും അതിനെ വിമർശിച്ചിട്ട് കാര്യമില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം കഴിഞ്ഞ ദിവസം മലപ്പുറത്ത് തട്ടം വിഷയത്തിൽ നടത്തിയ പരാമർശമാണ് ഏറെ വിവാദമായത്.

വഖഫ് പ്രക്ഷോഭത്തിൽ സമസ്ത പുറകോട്ട് പോയതിനെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു സലാമിന്റെ വാക്കുകൾ. മുഖ്യമന്ത്രിയുടെ ഫോൺ കോൾ കിട്ടിയാൽ എല്ലാമായി എന്ന് വിചാരിക്കുന്ന ആളുകളും നമ്മുടെ സമുദായത്തിലുണ്ടെന്നും ഇത്തരമൊരു നയവുമായി നടന്ന പാർട്ടിയോടുള്ള സമീപനം അവർ വ്യക്തമാക്കണമെന്നുമായിരുന്നു പിഎംഎ സലാമിന്റെ വിമർശനം. പരാമർശത്തിനെതിരെ സമസ്തയുടെ പോഷക സംഘടനകൾ പ്രതിഷേധം കടുപ്പിച്ചിരിക്കെയാണ് ഇക്കാര്യത്തിൽ മറുപടിയുമായി ജിഫ്രി മുത്തുക്കോയ തങ്ങൾ രംഗത്തെത്തിയത്. സമസ്ത എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സംഗമത്തിൽ ആണ് മുത്തുക്കോയ തങ്ങളുടെ മറുപടി.

'സർക്കാരുകൾക്ക് മുമ്പിൽ നമ്മുടെ ആവശ്യങ്ങൾ പറയുകയും അവരുമായി സൗഹാർദത്തിലായി പോകണമെന്നുമാണ് സമസ്തയുടെ ഭരണഘടനയിൽ തന്നെ പറയുന്നത്. അതിപ്പോ ഇന്ത്യ രാജ്യമാകട്ടെ, കേരളമാകട്ടെ, ഇവിടെ ഭരിക്കുന്ന സർക്കാരുമായി നല്ല ബന്ധമായിരിക്കും സമസ്തക്കുള്ളത്. ആ ബന്ധത്തിന്റെ അടിസ്ഥാനത്തിൽ നമുക്കാവശ്യമുള്ള കാര്യങ്ങൾ അവരുടെ മുന്നിൽ അവതരിപ്പിക്കും. അത് ചിലപ്പോ പോയി അവതരിപ്പിക്കും. ചിലപ്പോ ഫോണിലൂടെ അവതരിപ്പിക്കും. അങ്ങനെ പറയുമ്പോൾ അതിനെ ആക്ഷേപിച്ചിട്ട് കാര്യമില്ല'-ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.