- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ ഭാവനയെന്ന് ജോൺ ബ്രിട്ടാസ്
ന്യൂഡൽഹി: സോളാർ കേസ് ഒത്തുതീർപ്പാക്കാൻ ഇടനിലക്കാരനായി പ്രവർത്തിച്ചെന്ന മുതിർന്ന മാധ്യപ്രവർത്തകൻ ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് ജോൺ ബ്രിട്ടാസ് എംപി. ജോൺ മുണ്ടക്കയം പറഞ്ഞതിൽ പകുതി മാത്രമാണ് ശരിയെന്ന് ജോൺ ബ്രിട്ടാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് തന്നെ ബന്ധപ്പെട്ടതെന്നും ഇപ്പോൾ പുറത്തുവന്ന വെളിപ്പെടുത്തൽ ജോൺ മുണ്ടക്കയത്തിന്റെ ഭാവനയാണെനും ബ്രിട്ടാസ് പറഞ്ഞു.
'സമരം അവസാനിപ്പിക്കാൻ തിരുവഞ്ചൂർ രാധാകൃഷ്‌നാണ് തന്നെ ബന്ധപ്പെട്ടത്. അന്ന് അദ്ദേഹം ആഭ്യന്തരമന്ത്രിയായിരുന്നു. ഇന്ന് കോൺഗ്രസിലുള്ള വളരെ പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളായ ചെറിയാൻ ഫിലിപ്പിന്റെ ഫോണിലാണ് ബന്ധപ്പെട്ടത്. കൈരളിയുടെ ഓഫീസിൽ ഞാൻ ഇരിക്കുമ്പോൾ ചെറിയാൻ ഫിലിപ്പിന്റെ ഫോണിൽ അദ്ദേഹം സംസാരിക്കുകയായിരുന്നു. സർക്കാർ ഏത് നിലയ്ക്കുള്ള ഒത്തുതീർപ്പിന് തയ്യാറാണെന്നും പ്രതിപക്ഷത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറാണെന്നും നിർദ്ദേശങ്ങളുണ്ടെങ്കിൽ അറിയിക്കണമെന്നും തിരുവഞ്ചൂർ പറഞ്ഞു.'
'ഇക്കാര്യം സിപിഎം നേതൃത്വത്തെ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അല്ലാതെ ജോൺ മുണ്ടക്കയത്തെ ഞാൻ വിളിക്കുകയോ തിരുവഞ്ചൂരിനെ ഞാൻ വിളിക്കുകയോ ചെയ്ത സംഭവമുണ്ടായിട്ടില്ല. ഇക്കാര്യത്തിൽ ജീവിക്കുന്ന ദൃക്‌സാക്ഷിയാണ് ചെറിയാൻ ഫിലിപ്പ്. ജോൺ മുണ്ടക്കയത്തിന്റെ അടുത്ത സുഹൃത്ത് കൂടിയായിരിക്കാം. മാധ്യമപ്രവർത്തകർക്ക് ചെറിയാൻ ഫിലിപ്പിനെ നേരിട്ട് വിളിച്ച് അന്വേഷിക്കാവുന്നതാണ്. അന്നത്തെ കോൾ ലിസ്റ്റ് എടുത്താൽ കൃത്യമായ വിവരം ലഭിക്കും'- ജോൺ ബ്രിട്ടാസ് പറഞ്ഞു.
നേരത്തെ സോളാർ കേസുമായി ബന്ധപ്പെട്ട് സിപിഎം. നടത്തിയ സെക്രട്ടേറിയറ്റ് വളയൽ സമരം ജുഡീഷ്യൽ അന്വേഷണമെന്ന ഒത്തുതീർപ്പ് ഫോർമുലയിൽ അവസാനിപ്പിക്കുകയായിരുന്നുവെന്ന് വെളിപ്പെടുത്തൽ. അന്ന് പാർട്ടി ചാനലിന്റെ വാർത്താവിഭാഗം മേധാവിയും പിണറായി വിജയന്റെ വിശ്വസ്തനുമായ ജോൺ ബ്രിട്ടാസാണ് ഇതിനുള്ള ഇടപെടുലുകൾ നടത്തിയതെന്നും മുതിർന്ന മാധ്യമപ്രവർത്തകനായ ജോൺ മുണ്ടക്കയം വെളിപ്പെടുത്തിയിരുന്നു. ഇതാണ് വിവാദത്തിന് വഴിവെച്ചത്. രണ്ടു പത്രലേഖകർ തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിൽനിന്നായിരുന്നു ഇതിന്റെ തുടക്കമെന്ന മുഖവുരയോടെയാണ് സമകാലിക മലയാളം ആഴ്ചപ്പതിപ്പിലെ ലേഖനത്തിൽ ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ.
അപ്രതീക്ഷിതമായി സർക്കാർ സെക്രട്ടേറിയറ്റിന് രണ്ടുദിവസം അവധി നൽകിയതും പാർട്ടിക്കും നിയന്ത്രിക്കാൻ കഴിയാതെ പോയ, സമരക്കാർ നേരിട്ട പ്രകൃതിയുടെ വിളിയും സമരം അവസാനിപ്പിക്കാൻ കാരണമായെന്ന് അദ്ദേഹം എഴുതുന്നു. സമരം എങ്ങനെയെങ്കിലും അവസാനിപ്പിക്കേണ്ടേയെന്ന് ജോൺ ബ്രിട്ടാസ്, ജോൺ മുണ്ടക്കയത്തോട് ഫോണിൽ ചോദിച്ചു. മുകളിൽനിന്നുള്ള നിർദ്ദേശപ്രകാരമാണ് ബ്രിട്ടാസിന്റെ കോളെന്ന് അദ്ദേഹത്തിന് മനസിലായി. ഉടനെ പത്രസമ്മേളനം നടത്തി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചാൽ സമരം പിൻവലിക്കാൻ തയ്യാറാണെന്ന് ഉമ്മൻ ചാണ്ടിയേ അറിയിക്കാമോ എന്നായിരുന്നു ബ്രിട്ടാസ് ചോദിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.
'ജുഡീഷ്യൽ അന്വേഷണം നേരത്തെ മുഖ്യമന്ത്രി പറഞ്ഞതാണല്ലോയെന്ന് ചോദിച്ചപ്പോൾ, അത് പത്രസമ്മേളനം വിളിച്ച് പറഞ്ഞാൽ മതിയെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. നേതൃതലത്തിലുള്ള തീരുമാനമാണെന്ന് ഉറപ്പുവരുത്തി. ബ്രിട്ടാസ് പറഞ്ഞത് ഉമ്മൻ ചാണ്ടിയെ അറിയിച്ചു. പാർട്ടി തീരുമാനം ആണോയെന്ന് ഉമ്മൻ ചാണ്ടി ചോദിച്ചപ്പോൾ, ആണെന്നാണ് മനസിലാക്കുന്നതെന്ന് മറുപടി കൊടുത്തു. പി.കെ. കുഞ്ഞാലിക്കുട്ടിയെ അറിയിക്കാമോയെന്ന് ഉമ്മൻ ചാണ്ടി ചോദിച്ചു. ഇതേത്തുടർന്ന് അദ്ദേഹത്തേയും വിളിച്ച് കാര്യം അറിയിച്ചു. കുഞ്ഞാലിക്കുട്ടി തിരുവഞ്ചൂരിനെ ബന്ധപ്പെട്ടു. തിരുവഞ്ചൂർ ബ്രിട്ടാസിനേയും കോടിയേരി ബാലകൃഷ്ണനേയും വിളിച്ചു സംസാരിച്ചു. ഇടതു പ്രതിനിധിയായി എൻ.കെ. പ്രേമചന്ദ്രൻ യു.ഡി.എഫ്. നേതാക്കളെ കണ്ടു. ഇതോടെ സമരം തീരാൻ അരങ്ങൊരുങ്ങിയെന്നും' അദ്ദേഹം കുറിച്ചു.
അടിയന്തരയോഗത്തിനുശേഷം ഉമ്മൻ ചാണ്ടി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. മിനിറ്റുകൾക്കുള്ളിൽ സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ എ.കെ.ജി. സെന്ററിൽ അടിയന്തരയോഗം ചേർന്ന് സമരം പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു. അപ്പോഴും ബേക്കറി ജങ്ഷനിൽ സമരക്കാർക്ക് ഒപ്പമുണ്ടായിരുന്ന തോമസ് ഐസക്ക് ഒത്തുതീർപ്പ് അറിഞ്ഞിരുന്നില്ല. ഒരു ചാനലിൽനിന്ന് വിളിച്ചറിയിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയുന്നത്. അത് തോമസ് ഐസക്കിന് വലിയ ഷോക്കായിരുന്നുവെന്നും ജോൺ മുണ്ടക്കയം എഴുതി.
പിന്നീട് മാധ്യമങ്ങളെ കണ്ട തോമസ് ഐസക് സമരം പെട്ടെന്നു പിൻവലിച്ചതിൽ അതൃപ്തി പ്രകടിപ്പിച്ചു. ഒന്നോ രണ്ടോ ദിവസം കൂടി സമരം തുടർന്നിരുന്നെങ്കിൽ ആ സമ്മർദ്ദത്തിൽ ഉമ്മൻ ചാണ്ടി രാജിവെക്കുമായിരുന്നു എന്നാണ് അന്ന് തോമസ് ഐസക് പറഞ്ഞത്. സമരം തീർത്തത് പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ള രഹസ്യ ധാരണയുടെ ഭാഗമാണെന്ന ആരോപണത്തിൽ പിണറായി വിജയനു തന്നെ വിശദീകരണവുമായി രംഗത്തുവരേണ്ടിവന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ ശരിവെച്ച് മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്തെത്തി. ജോൺ ബ്രിട്ടാസുമായി സംസാരിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 'പലകാര്യങ്ങളും അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചിട്ടുണ്ടാകും. ഒരുസമരം ഒത്തുതീർപ്പാക്കുന്നതിനുവേണ്ടി നടപടി വന്നാൽ, അതിനോട് പോസിറ്റീവായി പ്രതികരിക്കുകയല്ലേ വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്ന ഒരു സർക്കാർ ചെയ്യേണ്ടത്? ഞങ്ങൾ അത് കൃത്യമായി ചെയ്തു, അതിൽ ഒരു മടിയുണ്ടായില്ല', തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.
അതേസമയം, സമരം അവസാനിപ്പിക്കാൻ ടി.പി. ചന്ദ്രശേഖരൻ വധക്കേസ് അന്വേഷണത്തിൽ ഒത്തുതീർപ്പുണ്ടായിരുന്നു എന്ന അന്നത്തെ ആരോപണം തിരുവഞ്ചൂർ നിഷേധിച്ചു. 'ടി.പി. ചന്ദ്രശേഖരൻ കേസിൽ ഒരു ഡീൽ എന്ന ആരോപണം നിഷേധിക്കുകയാണ്. അതിനെക്കുറിച്ച് ഞങ്ങൾ ചിന്തിച്ചിട്ടില്ല, മനഃസാക്ഷിയുള്ള ആർക്കും അതിനെക്കുറിച്ച് ചിന്തിക്കാൻ കഴിയില്ല', അദ്ദേഹം വ്യക്തമാക്കി.