- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോളാർ സമരം അവസാനിച്ചത് എങ്ങനെ? ജോൺ മുണ്ടക്കയം 'ഇടനില' പറയുമ്പോൾ
തിരുവനന്തപുരം: സോളാർ സമരത്തിൽ സിപിഎം ഒടുവിൽ പിന്നോട്ട് പോയോ? സോളാർ കേസുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സമരം പെട്ടെന്ന് അവസാനിക്കാനുള്ള കാരണം വെളിപ്പെടുത്തുകയാണ് അന്ന് മലയാള മനോരമ ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായ ജോൺ മുണ്ടക്കയം. സിപിഎമ്മാണ് സമരം അവസാനിപ്പിക്കാൻ ഫോർമുല മുമ്പോട്ട് വച്ചതെന്നാണ് വെളിപ്പെടുത്തൽ. അതായത് സമരം ഏകപക്ഷീയമായി തീർന്നത് സിപിഎം ആഗ്രഹത്തിന്റെ പ്രതിഫലനമാണെന്നാണ് ജോൺ മുണ്ടക്കയം പറയുന്നത്. രണ്ട് മാധ്യമ പ്രവർത്തകരാണ് ഇടനിലക്കാരായതെന്നും അദ്ദേഹം പറയുന്നു.
സോളാർ വിഷയം ചൂടുപിടിച്ച് കൊണ്ടിരിക്കെ പെട്ടെന്ന് പ്രതിപക്ഷം സമരം അവസാനിപ്പിച്ചതിനെക്കുറിച്ച് പലതരം വിവാദങ്ങളുണ്ട്. അതിന് പുതിയ തലം നൽകുന്നതാണ് ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ. സെക്രട്ടേറിയറ്റ് ഉപരോധസമരത്തിന്റെ ക്ലൈമാക്സ് പാളിയതിൽ പ്രവർത്തകർ പൊതുവെ നിരാശരായിരുന്നു. ഇതിന് പുതിയ മാനങ്ങൾ ഈ വെളിപ്പെടുത്തൽ നൽകും. സിപിഎമ്മാണ് ഒത്തുതീർപ്പിന് മുൻകൈയെടുത്തതും തട്ടിപ്പ് ഫോർമുല അവതരിപ്പിച്ചതെന്നുമാണ് ജോൺ മുണ്ടക്കയം പറഞ്ഞു വയ്ക്കുന്നത്. ലേഖനത്തിൽ മുണ്ടക്കയം പറയുന്നത് ശരിയാണെന്ന് അന്ന മന്ത്രിയായിരുന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനും പ്രതികരിച്ചു. വിഷയത്തിൽ സിപിഎം പ്രതികരിക്കുമോ എന്നതാണ് നിർണ്ണായകം.
കൈരളി ചാനൽ എംഡി ജോൺ ബ്രിട്ടാസ് സമരം അവസാനിപ്പിക്കേണ്ടേ എന്ന് ചോദിച്ച് വിളിക്കുകയും പിന്നാലെയുള്ള സംഭവ വികാസങ്ങളിലൂടെയാണ് സമരം അവസാനിപ്പിച്ചതെന്നും ജോൺ മുണ്ടക്കയം വ്യക്തമാക്കുകയാണ്. അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ അതിവിശ്വസ്തനായിരുന്നു ബ്രിട്ടാസ്. യുഡിഎഫ് സർക്കാരിൽ നല്ല സ്വാധീനമുള്ള വ്യക്തിയായിരുന്നു ജോൺ മുണ്ടക്കയം. സമകാലിക മലയാളത്തിൽ പ്രസിദ്ധീകരിക്കുന്ന ജോൺ മുണ്ടക്കയത്തിന്റെ പ്രത്യേക ലേഖനമായ 'സോളാർ ഇരുണ്ടപ്പോൾ' എന്ന ലേഖനത്തിന്റെ മൂന്നാം ഭാഗത്തിലാണ് പുതിയ വെളിപ്പെടുത്തൽ. 'രണ്ട് പത്രക്കാർ അവസാനിപ്പിച്ച സോളാർ സമരം' എന്ന മൂന്നാം ഭാഗത്തിൽ കൊടുമ്പിരികൊണ്ട സമരം എങ്ങനെയാണ് അവസാനിക്കുന്നതെന്ന് തുറന്ന് കാട്ടുകയാണ് ലേഖകൻ.
"കേരളത്തിന്റെ എല്ലാ ഭാഗത്ത് നിന്നും പ്രവർത്തകരെ അണിനിരത്തി സിപിഎം സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിയസമരം എങ്ങനെ പെട്ടെന്ന് അവസാനിപ്പിച്ചു എന്നതിനെക്കുറിച്ച് പല സംശയങ്ങളും പല കേന്ദ്രങ്ങളിൽ നിന്നും ഉയർന്നിരുന്നു. സത്യത്തിൽ രണ്ട് പത്രലേഖകർ തമ്മിൽ നടത്തിയ ഒരു ഫോൺ സംഭാഷണത്തിൽ നിന്നുമായിരുന്നു അതിന്റ തുടക്കം," അദ്ദേഹം പറയുന്നു. സമരത്തിന്റെ പുരോഗതി നിരീക്ഷിച്ച് ഓഫീസിലിരിക്കുകയായിരുന്ന തനിക്ക് പിണറായി വിജയന്റെ വിശ്വസ്തൻ കൂടിയായ ജോൺ ബ്രിട്ടാസിന്റെ ഫോൺ കോൾ വരികയായിരുന്നുവെന്ന് ജോൺ വ്യക്തമാക്കി.
'സമരം എങ്ങനെയെങ്കിലും അവസാനിപ്പിക്കേണ്ടേ?' എന്നതായിരുന്നു ഫോൺകോളിലെ ചോദ്യമെന്നും അവസാനിപ്പിക്കണമെന്ന് തോന്നിത്തുടങ്ങിയോയെന്ന് താൻ തിരിച്ചു ചോദിച്ചുവെന്ന് പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുകളിൽ നിന്നുമുള്ള നിർദ്ദേശ പ്രകാരമാണ് ബ്രിട്ടാസിന്റെ ഫോൺ കോളെന്ന് തനിക്ക് മനസിലായെന്നും ജോൺ പറയുന്നു. "ഉടനെ പത്രസമ്മേളനം നടത്തി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചാൽ സമരം പിൻവലിക്കാൻ തയ്യാറാണെന്ന് ഉമ്മൻ ചാണ്ടിയെ അറിയിക്കാമോ എന്നായിരുന്നു ബ്രിട്ടാസിന്റെ അടുത്ത ചോദ്യം. "ജുഡീഷ്യൽ അന്വേഷണം നേരത്തെ തന്നെ മുഖ്യമന്ത്രി പറഞ്ഞതാണല്ലോ" എന്നു ഞാൻ ചൂണ്ടിക്കാട്ടി.
"അതെ, അതു പത്രസമ്മേളനം വിളിച്ചു പറഞ്ഞാൽ മതി" എന്നു ബ്രിട്ടാസ്. നിർദ്ദേശം ആരുടേതാണെന്നു ഞാൻ ചോദിച്ചു. നേതൃതലത്തിലുള്ള തീരുമാനമാണെന്ന് ഉറപ്പു വരുത്തി. ശരി സംസാരിച്ചു നോക്കാം എന്നു പറഞ്ഞു ഞാൻ ഫോൺ കട്ടു ചെയ്തു," ജോൺ ലേഖനത്തിൽ വ്യക്തമാക്കി. ഉമ്മൻ ചാണ്ടിയെ വിളിച്ച് ബ്രിട്ടാസ് പറഞ്ഞ കാര്യം അറിയിച്ചുവെന്നും അദ്ദേഹം പറയുന്നു. പാർട്ടി തീരുമാനം ആണോയെന്ന് ചോദിച്ച ഉമ്മൻ ചാണ്ടി പി കെ കുഞ്ഞാലിക്കുട്ടിയെ വിളിച്ച് വിവരം പറയാമോയെന്നും ജോണിനോട് ചോദിച്ചതായി അദ്ദേഹം വ്യക്തമാക്കി.
"ഞാൻ കുഞ്ഞാലിക്കുട്ടിയെ വിളിച്ച് വിവരം പറഞ്ഞു. കുഞ്ഞാലിക്കുട്ടി തിരുവഞ്ചൂരിനെ ബന്ധപ്പെട്ടു. തിരുവഞ്ചൂർ ബ്രിട്ടാസിനേയും തുടർന്നു കോടിയേരി ബാലകൃഷണനേയും വിളിച്ചു സംസാരിച്ചു. തുടർന്ന്, ഇടതു പ്രതിനിധിയായി എൻകെ പ്രേമചന്ദ്രൻ യുഡിഎഫ് നേതാക്കളെ കണ്ടു. അതോടെ സമരം തീരാൻ അരങ്ങൊരുങ്ങി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. വൈകാതെ പത്രസമ്മേളനം നടത്തി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. മിനിറ്റുകൾക്കുള്ളിൽ സമരവും പിൻവലിച്ചു," തലസ്ഥാനത്തെ പിടിച്ചു കുലുക്കിയ സമരം അങ്ങനെ അവസാനിച്ചുവെന്നാണ് മുണ്ടക്കയം പറയുന്നത്.
എന്നാൽ അന്ന് സമരക്കാർക്കൊപ്പം നിന്നിരുന്ന ഡോ. തോമസ് ഐസക്ക് ഉൾപ്പെടെയുള്ള നേതാക്കൾ ഈ കഥ അറിഞ്ഞിരുന്നില്ലെന്നും സമരം ഒത്തുതീർപ്പായത് ഒരു ചാനലിൽനിന്നു വിളിച്ചറിയിച്ചപ്പോൾ മാത്രമാണ് ഐസക് അറിഞ്ഞതെന്നും അദ്ദേഹം പറയുന്നു. സമരം പെട്ടെന്ന് അവസാനിപ്പിച്ചതിലുള്ള അതൃപ്തി ഐസക് മാധ്യമങ്ങളിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. ഐസക് പറഞ്ഞതിൽ അന്നത്തെ പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന് എതിർപ്പുണ്ടായിരുന്നു. ഇതോടെ ഭരണപക്ഷവും പ്രതിപക്ഷവും ഒത്തുകളിച്ചാണ് സമരം അവസാനിപ്പിച്ചതെന്ന പ്രചരണം ശക്തമായെന്നും ജോൺ മുണ്ടക്കയം ലേഖനത്തിൽ ചൂണ്ടിക്കാട്ടി.