കോട്ടയം: യുഡിഎഫ് തന്നെ നിരന്തരം അവഗണിച്ചുവെന്ന് ജോണി നെല്ലൂർ. രാജ്ഭവൻ മാർച്ചിൽ മുൻനിരയിൽ ഇരിപ്പിടം തന്നില്ല. രാഹുൽ ഗാന്ധി വന്ന വേദിയിൽ കസേര നൽകിയില്ലെന്നും അദ്ദേഹം കോട്ടയത്തു നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. താൻ സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിവരികയാണ്. കേരള കോൺഗ്രസ്-എമ്മിലേക്ക് മടങ്ങി പോകണമെന്നാണ് ആഗ്രഹമെന്നും ജോണി നെല്ലൂർ പറഞ്ഞു. രാഷ്ട്രീയത്തിൽനിന്നു മാറിനിന്ന ജോണി നെല്ലൂർ എറണാകുളത്തു നവകേരള സദസിന്റെ പ്രഭാത യോഗത്തിനെത്തിയിരുന്നു. ഈ യോഗത്തിൽ വച്ച് മുഖ്യമന്ത്രി ജോണി നെല്ലൂരിനോട് സജീവ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടിരുന്നു.

കേരള കോൺഗ്രസ്-എം ചെയർമാർ ജോസ് കെ. മാണിയുമായി ജോണി നെല്ലൂർ ഇതുസംബന്ധിച്ച ചർച്ചകൾ പൂർത്തിയാക്കിയതായാണ് സൂചന. അടുത്ത ദിവസം തന്നെ ജോസ് കെ. മാണി പാർട്ടി അംഗത്വം നൽകി ജോണി നെല്ലൂരിനെ സ്വീകരിക്കുമെന്നും പാർട്ടിയുടെ ഉന്നതാധികാര സമിതിയിൽ ഉൾപ്പെടുത്തുമെന്നുമാണ് വിവരം. പിറവം നിയമസഭ സീറ്റ് ഉൾപ്പെടെയുള്ളവ ചർച്ച ചെയ്തതായും സൂചനയുണ്ട്. പാർട്ടിയിൽ സീനിയർ വൈസ് ചെയർമാൻ, വൈസ് ചെയർമാൻ എന്നീ ഭാരവാഹിത്വവും ജോണി നെല്ലൂരിനു നൽകുന്നതുമായി ബന്ധപ്പെട്ടും ചർച്ചകൾ പുരോഗമിക്കുകയാണ്.

തന്റെ മാതൃപാർട്ടി കേരള കോൺഗ്രസ്-എം ആണെന്നും പാർട്ടിയിൽ നിന്നുകൊണ്ട് ഇനിയുള്ള കാലം പൊതുപ്രവർത്തനം നടത്താനാണ് ആഗ്രഹിക്കുന്നതെന്നും ജോണി നെല്ലൂർ അറിയിച്ചു. കേരള കോൺഗ്രസ്-ജേക്കബ് ഗ്രൂപ്പിന്റെ ചെയർമാനായിരുന്ന ജോണി നെല്ലൂർ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായിട്ടാണ് പാർട്ടി പിളർത്തി കേരള കോൺഗ്രസ്-ജോസഫ് ഗ്രൂപ്പിൽ ലയിച്ചത്.

അടുത്ത നാളിൽ ജോസഫ് ഗ്രൂപ്പിൽനിന്നു രാജിവച്ച് നാഷണൽ പ്രോഗ്രസീവ് പാർട്ടി രൂപീകരിച്ചെങ്കിലും പാർട്ടി ബിജെപി ലൈൻ സ്വീകരിച്ചതോടെ രാജിവച്ച് സജീവ രാഷ്ട്രീയത്തിൽനിന്നു മാറി നിൽക്കുകയായിരുന്നു. ജേക്കബ് ഗ്രൂപ്പ് പിളർത്തി യുഡിഎഫിലെ തന്നെ ജോസഫ് ഗ്രൂപ്പിൽ ലയിച്ച ജോണി നെല്ലൂരിനെ യുഡിഎഫ് സംസ്ഥാന നേതൃത്വം യുഡിഎഫിന്റെ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കിയിരുന്നു.

ജോസഫ് വിഭാഗത്തിൽ അതൃപ്തിയോടെയാണ് ജോണി നെല്ലൂർ കഴിഞ്ഞിരുന്നത്. പ്രധാന സ്ഥാനമാനങ്ങളോ നിയമസഭ സീറ്റോ ലഭിച്ചില്ല. സംഘടനാ ചട്ടകൂടില്ലാത്ത പാർട്ടിയാണ് ജോസഫ് വിഭാഗമെന്നും പ്രഖ്യാപിത ലക്ഷ്യങ്ങളിൽനിന്നു വ്യതിചലിച്ച് കുശാഗ്രബുദ്ധിക്കാരായ കുറെ നേതാക്കളുടെ പാർട്ടിയായി മാറിയെന്നും ജോണി നെല്ലൂർ കുറ്റപ്പെടുത്തി. ജോസഫ് ഗ്രൂപ്പിൽനിന്നു രാജിവച്ച് നാഷണൽ പ്രോഗ്രസീവ് പാർട്ടി ക്രൈസ്തവസഭ മേലധ്യക്ഷന്മാരുടെ പിന്തുയണയോടെ രൂപീകരിച്ചതാണെന്നും എന്നാൽ പാർട്ടിയുടെ പോക്കു ശരിയായ രീതിയിലല്ലാത്തതിനാലാണ് രാജിവച്ചതെന്നും ജോണി നെല്ലൂർ പറഞ്ഞു.

കാർഷിക മേഖലയിലെ പ്രശ്‌നങ്ങളിൽ യുഡിഎഫ് ഇടപെടുന്നില്ല. അതുപോലെ, ക്രൈസ്തവർക്കുനേരേയുള്ള അക്രമണങ്ങളിലും യുഡിഎഫ് കാര്യമായ പ്രതികരണം നടത്തുന്നില്ലെന്നും ജോണി നെല്ലൂർ കുറ്റപ്പെടുത്തി.