കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപദേശവും തിരുത്തലുമെല്ലാം സ്വന്തം പാർട്ടിക്കാരോട് മതിയെന്നതാണ് കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിലെ പൊതു വികാരം. കോട്ടയം എംപിയായ തോമസ് ചാഴിക്കാടിനെ നവകേരള സദസിലെ വേദിയിൽ അപമാനിച്ചത് പാർട്ടി അണികൾക്ക് തീരെ പിടിച്ചിട്ടില്ല. ചാഴിക്കാടനെ പോലൊരു മുതിർന്ന നേതാവിനെ 'ഒന്നും അറിയാത്തവൻ' ആക്കി മാറ്റിയെന്നതാണ് പൊതു വികാരം. അതിനിടെ ജോസ് കെ മാണിയുടെ ദീപകിയിലെ ലേഖനവും ചർച്ചയാകുന്നു. ചിന്നക്കനാലിൽ ഗൂഡാലോയനയെന്ന് ജോസ് കെ മാണി ലേഖനത്തിൽ ആരോപിക്കുന്നു. പ്രത്യക്ഷത്തിൽ ഉദ്യോഗസ്ഥ മാഫിയയെയാണ് വിർമശിക്കുന്നത്. എന്നാൽ രാഷ്ട്രീയ നേതൃത്വം ഒന്നും അറിയില്ലെന്ന പരോക്ഷ വിമർശനമാണ് ലേഖനം.

അതായത് നവകേരള സദസിനെ പരാതി പരിഹാര പരിപാടിയായി ഉയർത്തിക്കാട്ടിയ തോമസ് ചാഴിക്കാടന് ഒന്നും അറിയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയെ പരോക്ഷമായി ചിന്നക്കനാലിൽ കളിയാക്കുന്നതാണ് ലേഖനം എന്നാണ് വിലയിരുത്തൽ. ത്‌ദ്ദേശ തിരഞ്ഞെടുപ്പിലെ ജനവധി അടക്കം ചർച്ചകളിൽ എത്തുമ്പോഴാണ് വിവാദങ്ങളിൽ നിന്നും പമാവധി അകലം പാലിക്കുന്ന ജോസ് കെ മാണി കടന്നാക്രമണം നടത്തുന്നത്. ഇടതുപക്ഷവുമായുള്ള കേരളാ കോൺഗ്രസ് ബന്ധത്തിന് ഇപ്പോഴും ഉലച്ചിലൊന്നുമില്ല. എന്നാൽ കോട്ടയം സീറ്റ് കേരളാ കോൺഗ്രസിന് നഷ്ടമാക്കുന്ന തരത്തിൽ തോമസ് ചാഴിക്കാടനെതിരായ കളിയാക്കൽ മാറുമോ എന്ന ആശങ്ക ജോസ് കെ മാണിക്കുണ്ട്. കോട്ടയത്തെ കരുത്ത് കേരളാ കോൺഗ്രസിന് ചോരാൻ മുഖ്യമന്ത്രിയുടെ പ്രസംഗം വഴിവയ്ക്കുമെന്ന ആശങ്ക പാർട്ടിയിലും ശക്തമാണ്.

ഇതിനിടെയാണ് ചിന്നക്കാനാലിലെ വിമർശനം. കേരളത്തെ സംബന്ധിക്കുന്ന യാഥാർഥ്യങ്ങൾ ഇതായിരിക്കെയാണ് ഇടുക്കി ജില്ലയിലെ ചിന്നക്കനാൽ വില്ലേജിൽ റവന്യു ഭൂമിയും കൃഷിഭൂമിയും ഉൾപ്പെടുന്ന മേഖല ഉൾപ്പെടുത്തി ഇതുവരെ നിലവിലില്ലാത്ത പുതിയൊരു റിസർവ് വനം സൃഷ്ടിച്ചെടുക്കുന്നതിനായി കരട് വിജ്ഞാപനമിറങ്ങിയത്. ഇതിന്റെ കാരണങ്ങളിലേക്കു കണ്ണോടിച്ചാൽ ഞെട്ടിക്കുന്ന ചില യാഥാർഥ്യങ്ങൾ തെളിഞ്ഞുവരുമെന്നാണ് വിമർശനം. ചിന്നക്കനാൽ റിസർവ് വനം സംബന്ധിച്ച കരട് വിജ്ഞാപനത്തിനു പിന്നിൽ ബാഹ്യശക്തികളുടെ ഇടപെടലുകളും വലിയ തോതിലുള്ള ഉദ്യോഗസ്ഥതല ഗൂഢാലോചനകളും സാമ്പത്തിക കൈമാറ്റങ്ങളും നടന്നിട്ടുണ്ടെന്ന ആക്ഷേപം പശ്ചിമഘട്ട താഴ്‌വരകളിൽ താമസിക്കുന്ന കർഷകരും കർഷക സംഘടനകളും ഉയർത്തുന്നുണ്ട്. അവരുടെ ആശങ്കകൾ പരിഹരിച്ചേ മതിയാകൂവെന്നാണ് ജോസ് കെ മാണി പറയുന്നത്.

കത്തോലിക്കാ സഭയുടെ പത്രമാണ് ദീപിക. ഇടതു സർക്കാരിനെതിരെ പല വിഷയത്തിലും ദീപിക എഡിറ്റോറിയൽ അടക്കം എഴുതി. ഈ പത്രത്തിലൂടെയാണ് ജോസ് കെ മാണിയും നിലപാട് പറയുന്നത്. ഇതും രാഷ്ട്രീയ കൗതുകങ്ങൾക്കും ചർച്ചകൾക്കും ഇടയാക്കുന്നുണ്ട്.

ദീപികയിൽ ജോസ് കെ മാണിയുടേതായി വന്ന ലേഖനം ചുവടെ

ചിന്നക്കനാൽ റിസർവ് വനം കരട് വിജ്ഞാപനത്തിലെ ഗൂഢാലോചന

ജോസ് കെ. മാണി എംപി

ചിന്നക്കനാൽ റിസർവ് വനം സംബന്ധിച്ചിറങ്ങിയ കരട് വിജ്ഞാപനത്തെത്തുടർന്ന് വലിയ പ്രതിഷേധമാണ് സമൂഹത്തിൽ ഉയർന്നുവന്നത്, പ്രത്യേകിച്ചും കർഷകരുടെ ഭാഗത്തുനിന്നും. അത്യന്തം ഗൗരവത്തോടെ കേരളം ചർച്ച ചെയ്യേണ്ട വിഷയമാണിത്. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഭൂവിസ്തൃതി വളരെക്കുറവും ജനസാന്ദ്രത വളരെ കൂടുതലുമുള്ള സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ മൊത്തം ഭൂവിസ്തൃതി 38,863 ചതുരശ്ര കിലോമീറ്ററാണ്.

രാജ്യത്തെ മൊത്തം ഭൂവിസ്തൃതിയുടെ 1.1 ശതമാനം മാത്രം. രാജ്യത്തെ ദേശീയ ശരാശരിയേക്കാൾ ഉയർന്ന തോതിൽ വനമേഖലയുള്ള സംസ്ഥാനമാണ് കേരളം. ഐക്യകേരളത്തിന്റെ രൂപീകരണത്തിനു ശേഷം വനവിസ്തൃതി കുറയുകയല്ല കൂടുകയാണു ചെയ്തിട്ടുള്ളത്. 2021 ലെ വനസർവേ പ്രകാരം ആകെയുള്ള 38,863 ചതുരശ്ര കിലോമീറ്ററിൽ 9,679 ചതുരശ്ര കിലോമീറ്റർ (24.9%) സർക്കാർ വനവും 11,574 ചതുരശ്ര കിലോമീറ്റർ (29.8%) കാർഷിക ഭൂമിയിലുള്ള വനാവരണവുമാണ്. സംസ്ഥാനത്തെ മൊത്തം വനാവരണം 21,253 ചതുരശ്ര കിലോമീറ്ററാണ് (54.7%). രാജ്യത്തെ ശരാശരി വനാവരണം 28 ശതമാനം എന്ന ലക്ഷ്യത്തിലെത്തിക്കാൻ കേന്ദ്രസർക്കാർ പെടാപ്പാട് പെടുമ്പോഴാണ് ഇന്ത്യയിലെ 54.7% വനാവരണമുള്ള സംസ്ഥാനമായി കർഷകരുടെ പ്രയത്നത്താൽ കേരളം മാറിയത്.

വെല്ലുവിളിയാകുന്ന പുരധിവാസം

ജനജീവിതത്തിനും വികസനപ്രവർത്തനങ്ങൾക്കും ആവശ്യമായ ഭൂലഭ്യത വളരെ കുറവായ കേരളത്തിൽ സമുദ്ര തീരശോഷണം വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. തീരശോഷണം മൂലം ഭവനരഹിതരാകുന്ന തീരദേശവാസികളുടെ പുനരധിവാസം ഇനിയുള്ള കാലത്ത് കേരളം ഏറ്റെടുക്കേണ്ട ഒരു വലിയ വെല്ലുവിളിയാണ്. അതോടൊപ്പം 28 ലക്ഷം ഭൂരഹിത കുടുംബങ്ങളും സംസ്ഥാനത്തുണ്ട്. സ്വന്തം ഭൂമി നഷ്ടപ്പെടുന്നവർക്കും തലചായ്ക്കാനൊരിടം നിർമ്മിക്കുന്നതിന് സ്വന്തമായി ഒരുതരി മണ്ണുപോലുമില്ലാത്തവർക്കും ഭൂമി കണ്ടെത്തേണ്ട വലിയ ബാധ്യതയുള്ള ഒരു സംസ്ഥാനത്തിന്റെ റവന്യു ഭൂമിയും കാർഷികഭൂമിയും വനവിസ്തൃതി വർധിപ്പിക്കുന്നതിനുവേണ്ടി ഉപയോഗിക്കാനുള്ള ഏതൊരു പരിശ്രമവും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും എന്ന കാര്യത്തിൽ സംശയമില്ല.

കേരളത്തെ സംബന്ധിക്കുന്ന യാഥാർഥ്യങ്ങൾ ഇതായിരിക്കെയാണ് ഇടുക്കി ജില്ലയിലെ ചിന്നക്കനാൽ വില്ലേജിൽ റവന്യു ഭൂമിയും കൃഷിഭൂമിയും ഉൾപ്പെടുന്ന മേഖല ഉൾപ്പെടുത്തി ഇതുവരെ നിലവിലില്ലാത്ത പുതിയൊരു റിസർവ് വനം സൃഷ്ടിച്ചെടുക്കുന്നതിനായി കരട് വിജ്ഞാപനമിറങ്ങിയത്. ഇതിന്റെ കാരണങ്ങളിലേക്കു കണ്ണോടിച്ചാൽ ഞെട്ടിക്കുന്ന ചില യാഥാർഥ്യങ്ങൾ തെളിഞ്ഞുവരും.

സന്പന്നരാഷ്ട്രങ്ങളുടെ താത്പര്യം

1990കളുടെ ആരംഭത്തോടെ വ്യാവസായികവളർച്ച കൈവരിച്ച സമ്പന്ന പാശ്ചാത്യരാജ്യങ്ങൾ കാർബൺ വിപത്തിലേക്ക് ശ്രദ്ധ പതിപ്പിക്കാൻ തുടങ്ങി. കൂറ്റൻ വ്യവസായശാലകളും ഇതര ആധുനിക സംവിധാനങ്ങളും പുറന്തള്ളുന്ന കാർബൺ അളവ് ഭൂമിക്കും മാനവരാശിക്കും വലിയ ഭീഷണി സൃഷ്ടിക്കുമെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് കാർബൺ ആഗിരണ സാധ്യതകളിലേക്ക് സമ്പന്നരാഷ്ട്രങ്ങളുടെ ശ്രദ്ധ പതിയുന്നത്.

തങ്ങൾ പിന്തള്ളുന്ന കാർബണിന്റെ അളവ് കുറയ്ക്കാൻ സാധിക്കില്ല എന്ന സ്വാർഥതാത്പര്യത്തിന്റെ അടിസ്ഥാനത്തിൽ അത്യാധുനിക സാങ്കേതികവിദ്യക്കും കണ്ടുപിടിത്തങ്ങൾക്കും ഫലപ്രാപ്തിയിലെത്തിക്കാൻ കഴിയുന്നതിനേക്കാൾ, കാർബൺ പിന്തള്ളൽ കുറയ്ക്കുന്നതിനു പകരം കാർബൺ ആഗിരണം സാധ്യമാകുമെന്ന് അവർ തിരിച്ചറിഞ്ഞു. ഇതിനായി നിലവിലെ വനമേഖലകൾ സംരക്ഷിക്കുകയെന്നതിലുപരി ഭൂമിയിലെ വനവിസ്തൃതി വർധിപ്പിക്കുന്നതിനുള്ള സാധ്യതകൾ അനിവാര്യമാണെന്ന നിഗമനത്തിലേക്ക് അവരെത്തി.

കാർബൺ ദുരന്തത്തിൽനിന്നു ഭൂമിയെ സംരക്ഷിക്കുന്നതിന് വനവിസ്തൃതി വർധിപ്പിക്കുന്നതിനുള്ള പദ്ധതികൾക്ക് മുൻഗണന നൽകിയ അവരുടെ കണ്ണുകൾ പതിഞ്ഞത് ആഫ്രോ-ഏഷ്യൻ രാജ്യങ്ങളിലെ നിബിഡ വനമേഖലകളിലേക്കാണ്. കാർബൺ ഫണ്ട് എന്ന പേരിൽ വലിയ ധനസമാഹരണവും ധനവിനിയോഗവുമാണ് ഏഷ്യൻ രാജ്യങ്ങളിൽ വനവിസ്തൃതി വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി പാശ്ചാത്യശക്തികൾ ഇപ്പോൾ വാരിക്കോരി ചെലവഴിച്ചുകൊണ്ടിരിക്കുന്നത്.

എൽജിഒ സംഘടനകൾ

ഇത്തരം പാശ്ചാത്യരാജ്യങ്ങൾ ലക്ഷ്യപ്രാപ്തിക്കായി പ്രവർത്തിക്കുന്നത് സർക്കാരിതര സന്നദ്ധ സംഘടനകളെ (എൻജിഒ) ഉപയോഗിച്ചാണ്. ആഗോളതലത്തിൽ ഏറ്റവുമധികം എൻജിഒകൾ പ്രവർത്തിക്കുന്നത് വനങ്ങളുടെയും ഹരിതവത്കരണത്തിന്റെയും വന്യമൃഗങ്ങളുടെയും പുഴകളുടെയും മലനിരകളുടെയും വളർത്തുമൃഗങ്ങളുടെയും പേരുകൾ സ്വീകരിച്ചും പ്രത്യേക ഉദ്ദേശ്യലക്ഷ്യങ്ങളോടെയുമാണ്. വിദേശരാജ്യങ്ങളിൽ രജിസ്ട്രേഷനും ആസ്ഥാനവുമൊക്കെയുള്ള ഇത്തരത്തിലുള്ള ധാരാളം സംഘടനകൾ ഇന്ത്യക്കകത്ത് വനമേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്.

ഇത്തരം സംഘടനകളെ നമ്മുടെ നാട്ടിൽ ചാരിറ്റബിൾ സൊസൈറ്റി ആക്ട് അനുസരിച്ച് രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകളുമായി തുലനം ചെയ്യരുത്. കാരണം, ലോകത്തിലെ പല ദരിദ്ര രാഷ്ട്രങ്ങളുടെയും വാർഷിക ബജറ്റിനേക്കാൾ പതിന്മടങ്ങ് വലുതാണ് ഇത്തരം സംഘടനകളുടേത്. ഇവർക്ക് അവരുടെ ഉദ്ദേശ്യലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കാനുള്ള എല്ലാ അനുകൂല സാഹചര്യങ്ങളും തെളിച്ചു കൊടുക്കുന്നത് നിസാരക്കാരാണെന്ന് കരുതരുത്. വനം-പരിസ്ഥിതി സംസ്ഥാന-കേന്ദ്ര മന്ത്രാലയങ്ങളിൽ പ്രവർത്തിച്ചു റിട്ടയർ ചെയ്ത നിരവധി ഉന്നത ഉദ്യോഗസ്ഥരാണ് ഇത്തരം എൻജിഒകൾക്ക് നേതൃത്വം നൽകുന്നത്.

സമൂഹത്തിൽ എല്ലാ മേഖലകളിലും സ്വാധീനവും ശക്തിയുമുള്ള പ്രമുഖരാണ് ഇവർക്ക് വഴികാട്ടികളായും സഹായികളായും നമുക്കിടയിൽ നാമറിയാതെ നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. പ്രത്യുപകാരങ്ങളിൽ പ്രലോഭിതരാകുന്ന ഇക്കൂട്ടരാണ് സമൂഹത്തിന്റെ കണ്ണിൽനിന്നു മറഞ്ഞിരുന്നുകൊണ്ട് അടിസ്ഥാന ജനവിഭാഗങ്ങളുടെ ശത്രുപക്ഷത്ത് ചേർന്ന് രാഷ്ട്രീയ നേതൃത്വത്തെയും ഭരണ നേതൃത്വത്തെയും തെറ്റിദ്ധരിപ്പിച്ച് നടപടിക്രമങ്ങൾ നീക്കുകയും ഉത്തരവുകളിറക്കുകയും ചെയ്യുന്നത്.

ആനകളുടെ മേൽവിലാസമുള്ള ഒരു എൻജിഒ നിലമ്പൂർ ഫോറസ്റ്റ് ഡിവിഷനിലെ 10 ഏക്കർ കൃഷിഭൂമി മോഹവില കൊടുത്തു വാങ്ങി വനത്തോടു കൂട്ടിച്ചേർക്കാൻ കേരളത്തിലെ വനംവകുപ്പിന് ഈ അടുത്തകാലത്ത് കൈമാറുകയുണ്ടായി. ഇവർ വാങ്ങിയ പത്തേക്കർ ഭൂമിക്ക് ചുറ്റിലുമുള്ള 151 ഏക്കർ കാർഷിക ഭൂമിയിൽനിന്നു വില കൊടുത്തു വാങ്ങി വനമാക്കുന്നതിനായി കൈമാറാൻ തയാറാണെന്ന് ഈ സംഘടന പ്രഖ്യാപിക്കുകയും ചെയ്തു. ഭൂമി സംബന്ധിച്ച രേഖകൾ ഏറ്റുവാങ്ങിയ ചടങ്ങിൽവച്ച് വനാതിർത്തിയോടു ചേർന്നു കിടക്കുന്ന കൃഷിഭൂമിയിൽനിന്നു കർഷകർ ഒഴിഞ്ഞുപോവുകയാണ് വന്യമൃഗ ആക്രമണങ്ങളിൽനിന്നു രക്ഷയ്ക്കുള്ള മാർഗമെന്ന് ഒരു ഫോറസ്റ്റ് കൺസർവേറ്റർ പരസ്യമായി പറഞ്ഞത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ലക്ഷ്യം കർഷക കൃഷിഭൂമി

ചിന്നക്കനാൽ റിസർവ് വനം കരട് വിജ്ഞാപനം പോലെ പുറപ്പെടുവിച്ച പല ഉത്തരവുകളുടെയും പശ്ചാത്തലം പരിശോധിച്ചാൽ അതിനെല്ലാം ഒറ്റ ലക്ഷ്യമേയുള്ളുവെന്ന് മനസിലാക്കാൻ സാധിക്കും. വനാതിർത്തി പങ്കിടുന്ന ജനവാസ മേഖലകളിലെ കർഷകരുടെ കൃഷിഭൂമി മാത്രമാണ് ലക്ഷ്യം. ആ ഭൂമിയിൽ കണ്ണുവച്ചുകൊണ്ടാണ് പതിറ്റാണ്ടുകളായി പല ഇടപെടലുകളും പശ്ചിമഘട്ട താഴ്‌വരകളിൽ നടക്കുന്നതെന്ന ജനങ്ങളുടെ പരാതികളിൽ വാസ്തവമില്ലാതില്ല.

എന്തുകൊണ്ടാണ് വനാതിർത്തി പങ്കിടുന്ന കാർഷികഭൂമി ചിലരുടെ ലക്ഷ്യമാകുന്നതെന്നത് ഗൗരവത്തോടെ പരിശോധിക്കേണ്ട വസ്തുതയാണ്. പാശ്ചാത്യ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്നവർക്കുവേണ്ടി വനവിസ്തൃതി വർധിപ്പിച്ചു കൊടുക്കുകയെന്നതും വൻകിടക്കാരുടെ സ്വകാര്യഭൂമി ടൂറിസം സാധ്യതകൾക്കായി ഒരുക്കിക്കൊടുക്കുകയെന്നതുമാണ് ഇവരുടെ ആത്യന്തിക ലക്ഷ്യം. പലതിനും ദുർവ്യാഖ്യാനം ചമച്ചാണ് കർഷകരെ ഉന്നം വച്ചും ജനങ്ങളെ പൊതുവിൽ ബാധിക്കുന്നതുമായ ഉത്തരവുകൾ വനമേഖലയോട് ചേർന്ന പ്രദേശങ്ങളുമായി ബന്ധപ്പെട്ട് ആസൂത്രിതമായി രൂപപ്പെടുത്തുന്നത്.

മൂന്നാറിലുള്ള ഉദ്യോഗസ്ഥർ നിർമ്മാണനിയന്ത്രണം സംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവിറക്കിയത് ഇതിനുദാഹരണമാണ്. ഇത്തരം ഉത്തരവുകളിൽ പലതും രാഷ്ട്രീയ ഭരണനേതൃത്വം അറിയാതെ ഉദ്യോഗസ്ഥർ സ്വന്തമായി ഇറക്കുന്നതും ഈ പ്രവണത അടിയന്തരമായി തടയേണ്ടതുമാണ്.

ഒരു മേഖല പരാമർശിച്ചിറങ്ങിയ അത്തരമൊരു എക്സിക്യൂട്ടീവ് ഉത്തരവ് സംസ്ഥാനത്തെ മുഴുവൻ പട്ടയഭൂമികളിലേക്കും വ്യാപിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനാവാതെ ജനജീവിതം സ്തംഭിക്കുന്ന അവസ്ഥയാണ് പിന്നീട് മലയോരങ്ങളിൽ പ്രത്യേകിച്ചും, ഇടുക്കി ജില്ലയിൽ സംജാതമായത്. ഉത്തരവിറക്കിയവരുടെ ലക്ഷ്യവും അതായിരുന്നു.

ഭൂപതിവ് നിയമം ഭേദഗതി ചെയ്തുകെണ്ട് സർക്കാർ കർഷകരക്ഷയ്ക്കായി എത്തിയപ്പോൾ തത്കാലം പത്തി മടക്കിയവർ, മുൻകാല ഗൂഢാലോചനകളുടെ തനിയാവർത്തനം പോലെ കിട്ടിയ അവസരം മുതലാക്കി കാർഷികഭൂമി ലക്ഷ്യമിട്ടു നടത്തിയ ഗൂഢാലോചനയുടെ ഉത്പന്നമാണ് ചിന്നക്കനാൽ റിസർവ് വനം സംബന്ധിച്ച കരട് വിജ്ഞാപനം. ഈ നടപടിയിലൂടെ തെളിയുന്നത് തികഞ്ഞ ജനവിരുദ്ധതയും കർഷകശത്രുതയും കാർബൺ ഫണ്ടിന്റെ തിളക്കവും മാത്രമാണ്.

എങ്ങനെയാണ് കർഷകശത്രുക്കൾ അവസരോചിതമായി പ്രവർത്തിക്കുന്നതെന്നത് പരിശോധിക്കപ്പെടേണ്ട വസ്തുതയാണ്. ചിന്നക്കനാലിൽ വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് (എച്ച്എൻഎൽ)ന് പാട്ടത്തിന് ഭൂമി നൽകിയിരുന്നു. 2000-2001ൽ പാട്ടക്കാലാവധി പൂർത്തിയായി. തുടർന്ന് 364.89 ഹെക്ടർ ഭൂമി വനം വകുപ്പ് ഏറ്റെടുത്തു. ഇതിൽ 296.28 ഹെക്ടർ ഭൂമിയിൽ റവന്യു വകുപ്പ് അവകാശവാദം ഉന്നയിച്ചു. ഈ ഭൂമി താലൂക്ക് സർവേയർ അളന്നു തിട്ടപ്പെടുത്തി. ഭൂമി വനമാക്കുന്നതിനു പകരം സർക്കാർ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്നതാണെന്ന് ചിന്നക്കനാൽ വില്ലേജ് ഓഫീസർ തഹസീൽദാർക്ക് റിപ്പോർട്ട് നൽകി. തഹസീൽദാർ ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് ഇടുക്കി ജില്ലാ കളക്ടർക്ക് നൽകുകയും ചെയ്തു. ഇപ്രകാരം അളന്നു തിട്ടപ്പെടുത്തിയ ഭൂമി ഭൂരഹിതർക്ക് നൽകണമെന്ന നിലപാടിലായിരുന്നു ഭരണ നേതൃത്വവും സർക്കാരിന് നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയ നേതൃത്വവും തത്വത്തിൽ എത്തിച്ചേർന്നത്.

ഇതിനിടയിൽ തഹസീൽദാർ നൽകിയ റിപ്പോർട്ട് സംബന്ധിച്ച ഹിയറിങ് നടത്താൻ ജില്ലാ ഭരണകൂടം തീരുമാനമെടുത്തു. ഭൂമി ലഭിക്കാനുള്ള 40,000 ത്തിലധികം അപേക്ഷകൾ പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങളുടേതടക്കം ഇടുക്കിയിൽ തന്നെ തീരുമാനത്തിനായി കിടക്കുന്നു. എന്നാൽ പെടുന്നനവേ ചിന്നക്കനാൽ വില്ലേജിലെ 7, 8 ബ്ലോക്കുകളിൽ ഉൾപ്പെടുന്ന 364.89 ഹെക്ടർ ഭൂമി 1961ലെ വനനിയമം നാലാം ചട്ടം പ്രകാരം ചിന്നക്കനാൽ റിസർവ് വനം എന്ന പേരിൽ പുതിയ സംരക്ഷിതവനം പ്രഖ്യാപിച്ച് വനംവകുപ്പ് കരട് വിജ്ഞാപനമിറക്കുകയായിരുന്നു. മാത്രമല്ല, സ്ഥലപരിശോധനാ പരാതികളിൽ അന്തിമതീരുമാനം, കോടതിയിൽ അപ്പീൽ സമർപ്പിക്കുന്നതിനുള്ള സമയപരിധി, നഷ്ടപരിഹാരം തുടങ്ങിയ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാനുള്ള രൂപരേഖ മൂന്നാർ ഡിഎഫ്ഒ, ദേവികുളം ആർഡിഒ എന്നിവർക്ക് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കഴിഞ്ഞ മാസം 28ന് ധൃതിപിടിച്ച് കൈമാറുകയും ചെയ്തു.

ധൃതിപിടിച്ച വിജ്ഞാപനം

ഇപ്രകാരം ഒരു കരട് വിജ്ഞാപനം ഇറക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഉദ്യോഗസ്ഥതലത്തിൽ നീങ്ങാനിടയായ സാഹചര്യം എങ്ങനെ ഉരുത്തിരിഞ്ഞുവെന്ന വലിയ ചോദ്യമാണ് കർഷകർ ഉയർത്തുന്നത്. കളക്ടർ വിളിച്ചുചേർത്ത ഹിയറിംഗിനു മുൻപ് ധൃതിപിടിച്ച് ചിന്നക്കനാൽ ഭൂമി സംബന്ധിച്ച് ചില വനംവകുപ്പുദ്യോഗസ്ഥർ തീരുമാനമെടുത്തത് എന്തിന് വനനിയമത്തിലെ നാലാം വകുപ്പിന്റെ പ്രസക്തിയും പ്രാധാന്യവും അറിയാതെയാണോ ഇത്തരമൊരു കരട് വിജ്ഞാപനം ഇറക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി അവർ മുന്നോട്ട് പോയത് ഇത്തരമൊരു കരട് വിജ്ഞാപനമിറക്കിയാൽ അത് മരവിപ്പിക്കാനോ പിൻവലിക്കാനോ കഴിയുമെന്ന തെറ്റായ വിവരം ഭരണനേതൃത്വത്തെ ധരിപ്പിക്കുന്നതിന് ചില വകുപ്പ് ഉദ്യോഗസ്ഥർ തയാറായോ ചിന്നക്കനാൽ റിസർവ് വനം നിശ്ചയിച്ചുകൊണ്ടുള്ള ഭൂപരിധിക്കുള്ളിൽ പട്ടയം കാത്തുകിടക്കുന്ന ഒട്ടനവധി കർഷക കുടുംബങ്ങളും നിരവധി ആദിവാസി സെറ്റിൽമെന്റുകളും ഹെക്ടർ കണക്കിന് കാർഷിക ഭൂമിയുമുണ്ട് എന്ന കാര്യം വനംവകുപ്പുദ്യോഗസ്ഥർ ഭരണ നേതൃത്വത്തിൽനിന്നു മറച്ചുവച്ചിട്ടുണ്ടോ ഈ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടിയേ മതിയാവൂ.

ചിന്നക്കനാൽ റിസർവ് വനം സംബന്ധിച്ച കരട് വിജ്ഞാപനത്തിനു പിന്നിൽ ബാഹ്യശക്തികളുടെ ഇടപെടലുകളും വലിയ തോതിലുള്ള ഉദ്യോഗസ്ഥതല ഗൂഢാലോചനകളും സാമ്പത്തിക കൈമാറ്റങ്ങളും നടന്നിട്ടുണ്ടെന്ന ആക്ഷേപം പശ്ചിമഘട്ട താഴ്‌വരകളിൽ താമസിക്കുന്ന കർഷകരും കർഷക സംഘടനകളും ഉയർത്തുന്നുണ്ട്. അവരുടെ ആശങ്കകൾ പരിഹരിച്ചേ മതിയാകൂ.