- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യസഭയിലെ ഉഭയകക്ഷി ചർച്ച ഫലം കാണുമെന്ന് സിപിഎമ്മിന് ഇപ്പോഴും പ്രതീക്ഷ
കോട്ടയം: രാജ്യസഭാ സീറ്റിൽ ഇടതുപക്ഷത്ത് പ്രതിസന്ധി രൂക്ഷം. കേരളത്തിൽ ഒഴിവു വരുന്ന രാജ്യസഭ സീറ്റുകളിൽ ഒന്നിൽ ആവശ്യം ശക്തമാക്കി കേരള കോൺഗ്രസ് എം സജീവമാകുന്നു. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം രാജ്യസഭ സീറ്റ് വിഷയം ചർച്ച ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസ്, സിപിഐ പാർട്ടികളുമായി ഉഭയകക്ഷി ചർച്ച നടക്കും. ഇതിൽ കടുത്ത നിലപാട് എടുക്കാനാണ് കേരളാ കോൺഗ്രസ് തീരുമാനം.
ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തിൽ ഇന്ത്യാ മുന്നണി അധികാരത്തിൽ വരും. അപ്പോൾ നിലവിലെ സാഹചര്യത്തിൽ ജോസ് കെ മാണി കേന്ദ്രമന്ത്രിയാകും. അതുകൊണ്ട് ജോസ് കെ മാണിക്കായി രാജ്യസഭ സീറ്റ് അനുവദിക്കണമെന്നാണ് കേരള കോൺഗ്രസ് ആവശ്യം ഉന്നയിക്കുന്നത്. ഇന്ത്യാ മുന്നണി അധികാരത്തിൽ എത്തിയാൽ കേരളാ കോൺഗ്രസ് ഒരു തരത്തിലും പിന്മാറില്ല. കേരളാ കോൺഗ്രസുമായി മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ചർച്ച നടത്തുമെന്നാണ് സൂചന.രാജ്യസഭ സീറ്റുമായി ബന്ധപ്പെട്ട പ്രശ്നം ഇടതു മുന്നണിയിൽ രമ്യമായി പരിഹരിക്കുമെന്ന പ്രതീക്ഷയാണ് മുന്നണി നേതൃത്വം പങ്കുവയ്ക്കുന്നത്. വിഷയത്തിൽ സിപിഐയേയും കേരള കോൺഗ്രസിനേയും അനുനയിപ്പിക്കാനാകുമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ.
കേരളത്തിൽ രാജ്യസഭയിൽ നിന്നും എളമരം കരീം, ബിനോയ് വിശ്വം, ജോസ് കെ മാണി എന്നിവർ വിരമിക്കുന്ന മൂന്ന് ഒഴിവുകളാണുള്ളത്. മൂന്നു സീറ്റിൽ ഒരെണ്ണം യുഡിഎഫിന് ലഭിക്കും. ശേഷിക്കുന്ന രണ്ടു സീറ്റുകളിൽ ഒരെണ്ണം സിപിഎം നിലനിർത്തും. അവശേഷിക്കുന്ന സീറ്റിനായിട്ടാണ് സിപിഐയും കേരള കോൺഗ്രസും രംഗത്തുള്ളത്. ആർജെഡിയും രാജ്യസഭാ സീറ്റ് ആവശ്യപ്പെടുന്നുണ്ട്. യുഡിഎഫിൽ നിന്നും ഇടതുപക്ഷത്തേക്ക് കേരളാ കോൺഗ്രസ് എത്തുമ്പോൾ അവർക്ക് രാജ്യസഭാ അംഗത്വമുണ്ടായിരുന്നു.
പ്രശ്‌ന പരിഹാരത്തിന് ജോസ് കെ മാണിക്ക്, കേരള ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ സ്ഥാനം നൽകാനാണ് സിപിഎം ആലോചന. കാബിനറ്റ് റാങ്കുള്ള പദവിയാണിത്. അതല്ലെങ്കിൽ കേരള ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷ സ്ഥാനം ജോസ് കെ മാണിക്ക് നൽകാനും സിപിഎം ആലോചിക്കുന്നുണ്ട്. രാജ്യസഭയിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ടത് ജൂൺ 07 മുതൽ 13 വരെയാണ്. ഇതിന് മുമ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വരും. ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാൽ കേരളാ കോൺഗ്രസ് വിട്ടു വീഴ്ചയ്ക്ക് തയ്യാറാകില്ല. മറിച്ചാണെങ്കിൽ അനുനയം സാധ്യമാകുമെന്നാണ് സിപിഎം കണക്കു കൂട്ടൽ.
ജോസ് കെ മാണിക്ക് സീറ്റ് നൽകാൻ സാധിക്കില്ലെന്നും തങ്ങൾക്ക് സീറ്റു വേണമെന്ന് സിപിഐയും കടുംപിടുത്തത്തിലാണ്. രാജ്യസഭാ സീറ്റിനെച്ചൊല്ലിയുള്ള തർക്കം പരസ്യമായതോടെയാണ് ഉഭയകക്ഷി ചർച്ച നടത്താൻ സിപിഎം തീരുമാനിച്ചത്. രാജ്യസഭാംഗത്വവുമായാണ് കേരള കോൺഗ്രസ് എം ഇടതുമുന്നണിയുടെ ഭാഗമായത്. പിന്നീടിത് രാജിവച്ചെങ്കിലും 2021 നവംബറിൽ ഇടതുമുന്നണിയുടെ ഭാഗമായി വീണ്ടും രാജ്യസഭയിലെത്തി.
ഈ സാഹചര്യത്തിൽ സീറ്റ് തങ്ങൾക്ക് അവകാശപ്പെട്ടതാണൊണ് കേരളകോൺഗ്രസിന്റെ വാദം. ഇതോടൊപ്പമാണ് ആർ.ജെ.ഡിയും എൻ.സി.പിയും സീറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. എൻസിപി സീറ്റുചോദിക്കുന്ന പി സി ചാക്കോയ്ക്ക് വേണ്ടിയാണ്.