തിരുവനന്തപുരം: രാജ്യസഭ സീറ്റിനെച്ചൊല്ലി ഇടതുമുന്നണിയിൽ തർക്കം സജീവമാകുമ്പോൾ പുതിയ ഫോർമുലയും തയ്യാർ. രാജ്യസഭാ സീറ്റ് സിപിഐയും സിപിഎമ്മും കേരളാ കോൺഗ്രസ് എമ്മിന് വിട്ടു കൊടുക്കില്ല. സീറ്റിനായി സിപിഐയും കേരള കോൺഗ്രസ് എമ്മും രംഗത്തെത്തിയ സാഹചര്യത്തിൽ പ്രശ്നപരിഹാരത്തിനുള്ള പോംവഴിയെ കുറിച്ച് സിപിഎം ചിന്തിക്കുന്നുണ്ട്. രാജ്യസഭാംഗത്വ കാലാവധി അവസാനിക്കുന്ന കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിക്ക് ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ പദവി നൽകുന്നത് ആലോചിക്കുന്നതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

2027 ൽ ഒഴിവു വരുന്ന രാജ്യസഭ സീറ്റ് കേരള കോൺഗ്രസിന് നൽകാമെന്നും സിപിഎം ഉറപ്പു നൽകിയേക്കും. മുന്മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ മുമ്പ് ഭരണ പരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി പ്രവർത്തിച്ചിട്ടുണ്ട്. കാബിനറ്റ് റാങ്കുള്ള പദവിയാണ് ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ സ്ഥാനം. ഫലത്തിൽ കേരളാ കോൺഗ്രസിന് ഒരു കാബിനറ്റ് പദവി കൂടി കിട്ടും. നിലവിൽ മന്ത്രിയും ഇടതു മുന്നണിയുടെ വിപ്പും കേരളാ കോൺഗ്രസ് എമ്മിന് സ്ഥാനമായുണ്ട്. ഇതിനൊപ്പമാണ് ഭരണപരിഷ്‌കരണ കമ്മീഷൻ ചെയർമാൻ പദവിയിലെ വാഗ്ദാനം. ഇടതു മുന്നണിയിൽ എൻസിപിയും ആർജെഡിയും രാജ്യസഭാ സീറ്റിന് വേണ്ടി സജീവമായി രംഗത്തുണ്ട്. ഈ സാഹചര്യത്തിലാണ് സിപിഎം പുതിയ നീക്കം നടത്തുന്നത്. എൻസിപിക്കും ആർജെഡിക്കും ഒരു കാരണവശാലും രാജ്യസാഭാ സീറ്റ് നൽകില്ല.

നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ കേരള കോൺഗ്രസിനെ ഒഴിവാക്കിയേക്കുമെന്നാണ് എക്സ്പ്രസ് സൂചിപ്പിക്കുന്നത്. അതേസമയം സീറ്റ് കൂടിയേ തീരു എന്ന നിലപാടിലാണ് കേരള കോൺഗ്രസ്. സീറ്റ് നിഷേധിക്കപ്പെട്ടാൽ മധ്യതിരുവിതാംകൂറിൽ പാർട്ടിയുടെ സാധ്യത കൂടുതൽ പരുങ്ങലിലാകും. കൂടാതെ യുഡിഎഫിലേക്ക് തിരികെ പോകണമെന്ന വാദം കേരള കോൺഗ്രസിൽ കൂടുതൽ ശക്തമാകുമെന്നും പാർട്ടി നേതാക്കൾ സൂചിപ്പിക്കുന്നു. കേരള കോൺഗ്രസിന്റെ നിലപാടിനെത്തുടർന്നാണ് കേരളത്തിൽ ഭരണത്തുടർച്ച ഉണ്ടായതെന്ന് ജോസ് കെ മാണി അഭിപ്രായപ്പെട്ടിരുന്നു. ജോസ് കെ മാണിയെ കൂടെ കൂട്ടാൻ യുഡിഎഫ് വീണ്ടും ശ്രമം നടത്തുന്നുണ്ട്.

മൂന്ന് രാജ്യസഭാ സീറ്റുകളിലാണ് ജൂലൈയിൽ ഒഴിവ് വരുന്നത്. ഇതിൽ ഒന്നും നിലവിൽ യുഡിഎഫിനുള്ളതല്ല. മൂന്നാം ലോക്സഭാ സീറ്റിന് പകരം രാജ്യസഭാ സീറ്റ് നൽകാമെന്ന് മുസ്ലിം ലീഗിന് കോൺഗ്രസ് ഉറപ്പ് നൽകിയിരുന്നു. എന്നാൽ അത് അടുത്ത തവണത്തെ ഒഴിവാണെന്നാണ് അനൗദ്യോഗിക ധാരണ. അതുകൊണ്ട് തന്നെ ഇത്തവണത്തെ ഒഴിവിൽ കോൺഗ്രസിന് മത്സരിക്കാം. നിലവിൽ കോൺഗ്രസിനും മുസ്ലിം ലീഗിനും രാജ്യസഭയിൽ ഓരോ അംഗങ്ങളാണുള്ളത്. അതുകൊണ്ടാണ് ഇത്തവണ നറുക്ക് കോൺഗ്രസിനും അടുത്ത തവണ മുസ്ലിം ലീഗിനും നൽകാനുള്ള ധാരണ. എന്നാൽ ഇടതുപക്ഷത്തെ പൊട്ടിത്തെറികൾ പരിശോധിച്ചാകും അന്തിമ തീരുമാനം എടുക്കുക.

ജോസ് കെ മാണിയും ബിനോയ് വിശ്വവും എളമരം കരിമുമാണ് ജൂലൈ ഒന്നിന് വിരമിക്കുന്നവർ. ഇതിൽ കേരളാ കോൺഗ്രസ് എം ചെയർമാൻ കൂടിയായ ജോസ് കെ മാണിക്ക് രാജ്യസഭയിൽ വീണ്ടും പോയേ പറ്റൂവെന്ന നിലപാടിലാണ്. സിപിഐയുടെ സംസ്ഥാന സെക്രട്ടറി കൂടിയായ ബിനോയ് വിശ്വത്തിന്റെ ഒഴിവ് സിപിഐയും വിട്ടു കൊടുക്കില്ല. ദേശീയ സാഹചര്യത്തിൽ സിപിഎമ്മും വിട്ടൂവീഴ്ച കാട്ടില്ല. അതിനാൽ ഈ തർക്കം ഇടതുപക്ഷത്ത് പൊട്ടിത്തെറിയാകുമെന്ന് കോൺഗ്രസ് വിലയിരുത്തുന്നുണ്ട്. ലോക്സഭയിൽ ഇടതുപക്ഷത്തിന് തിരിച്ചടിയുണ്ടായാൽ ഈ തർക്കം രാഷ്ട്രീയ മാറ്റങ്ങൾക്ക് പോലും വഴിയൊരുക്കും. അതുകൊണ്ട് തന്നെ കാത്തിരുന്ന് തീരുമാനത്തിനാകും കോൺഗ്രസ് ശ്രമിക്കുക. ഇതു മനസ്സിലാക്കിയാണ് സിപിഎം ഇടപെടൽ.

കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയാണ് രാജ്യസഭയിലെ പാർട്ടിയുടെ അംഗം. ഈ പദവിയുമായാണ് കേരളാ കോൺഗ്രസ് ഇടതു മുന്നണിയിലേക്ക് വന്നത്. ഇതിനൊപ്പം ലോക്സഭാ എംപിയും ഇടതുപക്ഷത്തേക്ക് കൂറുമാറുമ്പോൾ കേരളാ കോൺഗ്രസിനുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കോട്ടയം ലോക്സഭാ സീറ്റിനൊപ്പം രാജ്യസഭാ സീറ്റും കേരളാ കോൺഗ്രസിന് മാറ്റിവയ്ക്കാൻ കഴിയില്ലെന്നാണ് പാർട്ടിയുടെ നിലപാട്. പിണറായി വിജയനുമായി ജോസ് കെ മാണിക്ക് നല്ല ബന്ധമുണ്ട്. അതുകൊണ്ട് തന്നെ പിണറായി വിജയന്റെ നിലപാട് അനുകൂലമാകുമെന്നാണ് കേരളാ കോൺഗ്രസിന്റെ പ്രതീക്ഷ. ഇതിനിടെയാണ് പുതിയ ചർച്ചകൾ.

എളമരം കരിമും ജൂലൈയിൽ കാലാവധി പൂർത്തിയാക്കുന്ന രാജ്യസഭാ അംഗമാണ്. ഈ ഒഴിവിൽ രാജ്യസഭയിലെത്താൻ എംഎ ബേബി അടക്കം ആഗ്രഹിക്കുന്നുണ്ട്. ജോൺ ബ്രിട്ടാസും വി ശിവദാസനും എഎ റഹിമുമാണ് സിപിഎമ്മിന്റെ മറ്റ് രാജ്യസഭാ അംഗങ്ങൾ. ദേശീയ രാഷ്ട്രീയത്തിൽ നിറയാൻ രാജ്യസഭയിൽ നിലവിലുള്ള നാല് അംഗങ്ങളെ സിപിഎമ്മിനും അനിവാര്യതയാണെന്ന വിലയിരുത്തൽ ഉയരുന്നുണ്ട്. ലോക്സഭയിൽ സിപിഎമ്മിന് സീറ്റ് കൂടിയാൽ ഇത് അനിവാര്യതയാകും. അല്ലെങ്കിലും രാജ്യസഭയിലെങ്കിലും പരമാവധി ശബ്ദമുയർത്തി ദേശീയ ശ്രദ്ധയിൽ നിൽക്കാൻ സിപിഎം ദേശീയ നേതൃത്വം ആഗ്രഹിക്കുന്നുണ്ടെന്നതാണ് വസ്തുത.