കോട്ടയം: സംസ്ഥാനത്ത് ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളിലൊന്ന് ആവശ്യപ്പെടാൻ കേരള കോൺഗ്രസ് എമ്മിൽ ധാരണ. ഇക്കാര്യത്തിൽ വിട്ടുവീഴ്‌ച്ചയില്ലാത്ത നിലപാട് സ്വീകരിക്കാനാണ് പാർട്ടി തീരുമാനം എടുത്തിരിക്കുന്നത്. ഇന്ന് ചേർന്ന പാർട്ടി സ്റ്റിയറിങ് കമ്മിറ്റിയിൽ ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.

രാജ്യസഭ സീറ്റു സംബന്ധിച്ച് ഇടതുമുന്നണിയും സിപിഎമ്മും തീരുമാനമെടുക്കുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി മാധ്യമങ്ങളോട് വ്യക്തമാക്കി. കേരള കോൺഗ്രസ് ഇടതുമുന്നണിയുടെ ഭാഗമായ ശേഷം കേരളത്തിൽ എൽഡിഎഫിന് തുടർഭരണത്തിന് വഴിയൊരുക്കിയതായി ജോസ് കെ മാണി പറഞ്ഞു. ഓരോ തവണയും മുന്നണിയെ മാറിമാറി പരീക്ഷിക്കുന്ന ശീലമാണ് കേരളത്തിലെ വോട്ടർമാർക്ക് ഉണ്ടായിരുന്നത്. അതിലൊരു മാറ്റമുണ്ടാകാൻ കാരണമായത് കേരള കോൺഗ്രസിന്റെ തീരുമാനമാണെന്ന് എല്ലാവരും വിലയിരുത്തിയ കാര്യമാണെന്ന് ജോസ് കെ മാണി പറഞ്ഞു.

സിപിഎമ്മും രാഷ്ട്രീയ പാർട്ടികളുമെല്ലാം അക്കാര്യം വിലയിരുത്തിയിട്ടുണ്ട്. രാജ്യസഭ സീറ്റുമായി ബന്ധപ്പെട്ട് പരസ്യപ്രതികരണത്തിന് ഇല്ല. കേരള കോൺഗ്രസ് യുഡിഎഫ് മുന്നണി വിട്ടു വരുമ്പോൾ രാജ്യസഭ എംപി സ്ഥാനമുണ്ടായിരുന്നു. അതുകൊണ്ട് രാജ്യസഭ സീറ്റ് ലഭിച്ചേ മതിയാകൂ എന്ന് ഇടതുമുന്നണിയിൽ ഉന്നയിക്കാനാണ് പാർട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചത്.

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി, സിപിഎം നേതാവ് എളമരം കരീം എന്നിവരുടെ സീറ്റുകളാണ് എൽഡിഎഫിൽ ഒഴിവു വരുന്നത്. മൂന്നു സീറ്റുകളിൽ ഒന്ന് പ്രതിപക്ഷത്തിന് ലഭിക്കും. ശേഷിക്കുന്ന രണ്ടെണ്ണത്തിൽ ഒന്നിനു വേണ്ടിയാണ് സിപിഐയും കേരള കോൺഗ്രസും ചരടുവലി സജീവമാക്കിയത്. എൽഡിഎഫിന് ലഭിക്കുന്ന ഒരു സീറ്റ് സിപിഎം എടുക്കും. ശേഷിക്കുന്ന ഒരു സീറ്റ് വേണമെന്ന് സിപിഐയും ആവശ്യപ്പെട്ടിട്ടുണ്ട്.

കേരള കോൺഗ്രസ് (എം) സീറ്റ് ആവശ്യപ്പെടുന്നതിനിടെയാണ് സിപിഐ നിലപാട് കടുപ്പിക്കുന്നത്. എന്നാൽ രാജ്യസഭാ സീറ്റ് വിഷയം മുന്നണി ചർച്ച ചെയ്തിട്ടില്ലെന്നും മുന്നണിയിൽ പ്രതിസന്ധി ഉണ്ടാകില്ലെന്നുമാണ് എൽ.ഡി.എഫ് നേതൃത്വത്തിന്റെ വിലയിരുത്തൽ. മൂന്ന് സീറ്റിന്റെ കാലാവധിയാണ് ജൂലൈ ഒന്നിന് അവസാനിക്കുന്നത്. ഇതിൽ രണ്ട് സീറ്റിലാണ് ഇടത് മുന്നണിക്ക് ജയിക്കാൻ കഴിയുക. എന്നാൽ, എളമരം കരീം ഒഴിയുമ്പോൾ ജയിക്കാൻ കഴിയുന്ന ഒരു സീറ്റ് ഏറ്റെടുക്കാനാണ് സിപിഎമ്മിന്റെ നീക്കം.

ആറു കൊല്ലം മുമ്പ് രാജ്യസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുമ്പോൾ യുഡിഎഫ് പ്രതിനിധിയായാണ് ജോസ് കെ മാണി മത്സരിച്ചതും ജയിച്ചതും. പിന്നീട് കേരളാ കോൺഗ്രസ് ഇടതു പക്ഷത്ത് എത്തി. ഈ സാഹചര്യത്തിലാണ് ഇത്തവണ കാലാവധി കഴിയുന്ന മൂന്ന് സീറ്റും ഇടതുപക്ഷത്തിന്റേതായത്. കഴിഞ്ഞ തവണ യുഡിഎഫിൽ പ്രശ്ന പരിഹാര ഫോർമുല എന്ന നിലയിലാണ് ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റ് നൽകിയത്.

മുസ്ലിം ലീഗ് ഇടപെടലിനെ തുടർന്നായിരുന്നു കോൺഗ്രസിന്റെ വീട്ടുവീഴ്ച. ഈ സീറ്റ് മാണി പാർട്ടിക്ക് നൽകിയ ശേഷമാണ് കെഎം മാണിയുടെ മരണം. ഇതിന് ശേഷം ജോസ് കെ മാണിയും കൂട്ടരും ഇടതുപക്ഷത്ത് എത്തുകയും ചെയ്തു. സിപിഐയ്ക്കുംകേരള കോൺഗ്രസ് എമ്മിനും അഭിമാനപ്രശ്നമാണ് രാജ്യസഭ സീറ്റ്. കാരണം രണ്ട് പാർട്ടിയുടേയും ഏറ്റവും പ്രധാനപ്പെട്ട നേതാക്കന്മാർ കൈവശം വെച്ചിരിക്കുന്ന സീറ്റുകളാണിത്.

അതുകൊണ്ട് കാലാവധി കഴിഞ്ഞാലും ജയിക്കാൻ കഴിയുന്ന രാജ്യസഭ സീറ്റിന് വേണ്ടി അവകാശവാദമുന്നണിയിക്കാനാണ് രണ്ട് പാർട്ടികളുടേയും തീരുമാനം. സിപിഎം സീറ്റ് വേണ്ടെന്ന് വച്ചാൽ ഈ പ്രശ്നം പരിഹരിക്കാം. അതേസമയം എംഎ ബേബി അടക്കമുള്ളവർക്ക് രാജ്യസഭാ സീറ്റിൽ നോട്ടമുണ്ട്. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബേബി കുറച്ചു കാലമായി പാർലമെന്ററീ രാഷ്ട്രീയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ്.