- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉദ്യോഗസ്ഥരെ ശകാരിച്ച് ഗണേശ് കുമാർ
തിരുവനന്തപുരം: ഇലക്ട്രിക് ബസുകൾ ലാഭകരമല്ലെന്ന മന്ത്രി കെ.ബി ഗണേശ് കുമാറിന്റെ വാദത്തെ തള്ളുന്ന കെ എസ് ആർ ടി സിയുടെ വാർഷിക റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇലക്ട്രിക് ബസിന്റെ ഡിസംബർ വരെയുള്ള സർവീസുകളുടെ എണ്ണവും അതിലൂടെ ഉണ്ടായിട്ടുള്ള ലാഭവും പൂർണമായും വ്യക്തമാക്കുന്നതാണ് വാർഷിക റിപ്പോർട്ട്.
റിപ്പോർട്ട് കെഎസ്ആർടിസി, ഗതാഗത മന്ത്രി ഗണേശ് കുമാറിന് സമർപ്പിച്ചു. കഴിഞ്ഞ 9 മാസത്തിനിടെ 2.89 കോടി രൂപ ഇ-ബസിന് ലാഭം കിട്ടിയെന്നാണ് കണക്ക്. റിപ്പോർട്ട് പഠിച്ചശേഷമാകും തുടർനടപടി. അതേസമയം റിപ്പോർട്ട് മാധ്യമങ്ങൾക്ക് ലഭിച്ചതിൽ മന്ത്രി ഉദ്യോഗസ്ഥരെ ശകാരിച്ചു. വാർഷിക കണക്ക് ചോർന്നതിൽ ഗതാഗത മന്ത്രി വിശദീകരണം തേടിയിട്ടുണ്ട്.
വാങ്ങിയ വിലയും കിട്ടുന്ന കളക്ഷനും തട്ടിച്ചുനോക്കുമ്പോൾ ഇലക്ട്രിക് ബസുകൾ ലാഭകരമല്ലെന്നാണ് ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാറിന്റെ പക്ഷം. ഈ നിലയിൽ തുടരേണ്ടതില്ലെന്ന അഭിപ്രായം കൂടി പങ്കുവച്ചതോടെ എതിർപ്പും ശക്തമായി. ഈ പശ്ചാത്തലത്തിലാണ് കൃത്യമായ കണക്കുകൾ നൽകാൻ കെഎസ്ആർടിസി സിഎംഡിക്ക് മന്ത്രി നിർദ്ദേശം നൽകിയത്. ബിജു പ്രഭാകർ വിദേശത്തായതിനാൽ ജോയിന്റ് എംഡി പ്രമോജ് ശങ്കറാണ് മന്ത്രിക്ക് റിപ്പോർട്ട് കൈമാറിയത്. അതേസമയം, തനിക്ക് കിട്ടും മുമ്പേ റിപ്പോർട്ടിന്റെ ഉള്ളടക്കം മാധ്യമങ്ങൾ വാർത്തയാക്കിയതിൽ മന്ത്രി ഉദ്യോഗസ്ഥരെ ശകാരിച്ചു. ഇതിന് പുറമെ മന്ത്രി വിശദീകരണവും തേടി.
അതേസമയം, ഏപ്രിൽ മാസത്തിൽ തലസ്ഥാനത്തെ നിരത്തിലെത്തിയ ഇലക്ട്രിക് ബസുകൾ ഡിസംബർ മാസം വരെ 2.88 കോടി രൂപ ലാഭമൂണ്ടാക്കിയെന്നാണ് കെ.എസ്.ആർ.ടി.സിയുടെ കണക്ക്. ഏപ്രിൽ മുതൽ ഡിസംബർ വരെ ഇലക്ട്രിക് ബസുകൾ 18901 സർവീസ് തലസ്ഥാന നഗരത്തിലാകെ നടത്തിയത്. നിലവിലെ സാഹചര്യത്തിൽ ഇലക്ട്രിക് ബസ് ഒരു കിലോമീറ്റർ ഓടാൻ 28. 45 രൂപയാണ് വേണ്ടിവരുന്നതെന്ന് റിപ്പോർട്ട് പറയുന്നു.
ശമ്പളത്തിനും ഇന്ധനത്തിനുമടക്കം ചെലവുവരുന്ന തുകയും ചേർത്തുള്ളതാണ് ഈ 28. 45 രൂപ. ഒരു കിലോമീറ്റർ ഓടുമ്പോൾ കിട്ടുന്ന വരുമാനമാകട്ടെ ശരാശരി 36.66 രൂപയാണ്. അതായത് ചെലവുകൾ കഴിഞ്ഞുള്ള തുക പരിശോധിച്ചാൽ ഒരു കിലോമിറ്റർ ഓടുമ്പോൾ ഇലക്ട്രിക് ബസിൽ നിന്നും 8 .21 രൂപ ലാഭം ലഭിക്കുന്നു.
ഇനി ഇലട്രിക് ബസുകൾ വാങ്ങേണ്ടെന്നും നിലവിൽ സിറ്റി സർവീസിന് ഈടാക്കുന്ന പത്ത് രൂപ നിരക്ക് പുനഃപരിശോധിക്കുമെന്നുമാണ് ഗണേശ് കുമാർ അഭിപ്രായപ്പെട്ടത്. ഒപ്പം നിലവിലോടുന്ന റൂട്ടുകൾ പുനക്രമീകരിക്കാൻ പദ്ധതിയുണ്ടെന്നും വ്യക്തമാക്കി. എന്നാൽ, മന്ത്രിയുടെ വാദം അംഗീകരിക്കാനാവില്ലെന്ന് എംഎൽഎ വി.കെ പ്രശാന്തും മേയർ ആര്യ രാജേന്ദ്രനും നിലപാട് സ്വീകരിച്ചു. നയപരമായ തീരുമാനങ്ങൾ പുനഃപരിശോധിക്കുമ്പോൾ ജനപക്ഷത്ത് നിൽക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പറഞ്ഞിരുന്നു.