തിരുവനന്തപുരം: ഇടതുപക്ഷ മനസ്സുള്ളവരോടും ഇത്രയും അസഹിഷ്ണുതയോ? ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തോറ്റമ്പിയ ഇടതുമുന്നണി തിരുത്തി മുന്നോട്ടുപോയില്ലെങ്കിൽ ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ ഉണ്ടാകുമെന്ന് സ്‌നേഹബുദ്ധ്യാ ഉപദേശിച്ച യാക്കോബായ സഭ നിരണം മുൻ ഭദ്രാസന മെത്രാപ്പൊലീത്ത ഗീവർഗീസ് കൂറിലോസിനെ 'വിവരദോഷി' എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് അധിക്ഷേപിച്ചത്.

തള്ളിപ്പറഞ്ഞ് സ്വന്തം സഭ; പിന്തുണയുമായി കെ സി സി

മുഖ്യമന്ത്രിയുടെ വിമർശനത്തിനു പിന്നാലെ ഗീവർഗീസ് മാർ കൂറിലോസിന്റെ പരാമർശത്തെ അദ്ദേഹം ഉൾപ്പെട്ട യാക്കോബായ സുറിയാനി സഭ തള്ളിപ്പറഞ്ഞെങ്കിലും പിണറായി വിജയന്റെ പ്രസ്താവനയെ കടുത്തഭാഷയിൽ വിമർശിച്ച് കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെസിസി) രംഗത്തെതതി. സഭയിലെ ഔദ്യോഗിക ചുമതലകളിൽനിന്നു വിരമിച്ച ഗീവർഗീസ് മാർ കൂറിലോസ് തിരുമേനി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന സഭയുടെ നിലപാടോ അഭിപ്രായമോ അല്ലെന്നും അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നുമാണ് യാക്കോബായ സഭ വിശദീകരണം. യാക്കോബായ സുറിയാനി സഭയുടെ പ്രസ്താവനകളോ പ്രതികരണങ്ങളോ നിലപാടുകളോ വ്യക്തമാക്കാൻ മലങ്കര മെത്രാപ്പൊലീത്തായ്ക്കും സഭ ഭാരവാഹികൾക്കും മാത്രമേ ഉത്തരവാദിത്വമുള്ളൂവെന്നും വാർത്താക്കുറിപ്പ് വ്യക്തമാക്കുന്നു.

അതേസമയം, ഭരണാധികാരി ഏകാധിപതിയാകുന്നത് അപകടകരമാണെന്നും വിമർശനങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാകാത്തത് ഏകാധിപതികളുടെ പ്രത്യേകതയാണെന്നും ക്രൈസ്തവ സഭകളുടെ സംയുക്ത സംഘടനയായ കെസിസി കുറ്റപ്പെടുത്തി.

ചക്രവർത്തി നഗ്‌നനെങ്കിൽ വിളിച്ചുപറയുക സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും അതുൾക്കൊണ്ട് തിരുത്തുന്നതിനു പകരം വിമർശിക്കുന്നവരെ അധിക്ഷേപിക്കുന്നത് പക്വത ഇല്ലായ്മയാണെന്നും കെസിസി പ്രസ്താവനയിൽ കുറ്റപ്പെടുത്തി. പണ്ട് നികൃഷ്ട ജീവി എന്ന് ഒരു പുരോഹിതനെ വിളിച്ചയാൾ ഇന്ന് വിവരദോഷിയെന്ന മറ്റൊരു പുരോഹിതനെ വിളിക്കുമ്പോൾ വിളിക്കുന്നയാളുടെ സ്വഭാവം മാറിയിട്ടില്ലെന്ന് മനസ്സിലാക്കാമെന്നും കെസിസി കുറ്റപ്പെടുത്തി. കേരളത്തിൽ സാധാരണക്കാരന് ജീവിക്കുവാൻ കഴിയാത്ത അവസ്ഥയാണെന്നും ആരോഗ്യ മേഖലയിലേതുൾപ്പെടെ വിവിധ വിഷയങ്ങൾ ഉയർത്തി കെസിസി പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷം നേരിട്ട തിരിച്ചടിക്ക് ക്രൈസ്തവ സമൂഹത്തോട് സർക്കാർ കാട്ടുന്ന വിവേചനപരമായ ഇടപെടലുകളുൾപ്പെടെ കാരണമായിട്ടുണ്ട്. ക്രെസ്തവ സമൂഹത്തിന്റെ പ്രശ്‌നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിച്ച് ഒരു വർഷം കഴിഞ്ഞിട്ടും ജസ്റ്റിസ് ജെ ബി കോശി കമ്മിഷൻ റിപ്പോർട്ടിന്മേൽ നടപടിയായിട്ടില്ല. അതിനാൽ തെറ്റ് തിരുത്തുവാൻ സർക്കാർ തയ്യാറാകണമെന്നും കത്തോലിക്ക സഭ ഒഴികെയുള്ള എപ്പിസ്‌കോപ്പൽ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ കെസിസി ആവശ്യപ്പെട്ടു. യാക്കോബായ, ഓർത്തഡോക്സ്, സിഎസ്ഐ, മാർത്തോമ്മ, ബിലീവേഴ്സ്, തൊഴിയൂർ സഭകളാണ് കെസിസിയിലുള്ളത്.

മുഖ്യമന്ത്രിയുടെ അധിക്ഷേപം

'ഇന്ന് രാവിലെ മാധ്യമങ്ങളിൽ പഴയ ഒരു പുരോഹിതന്റെ വാക്കുകൾ കാണാൻ കഴിഞ്ഞു. പ്രളയമാണ് ഈ സർക്കാരിനെ അധികാരത്തിലേറ്റിയത്. ഇനിയൊരു പ്രളയം ഉണ്ടാകുമെന്ന് ധരിക്കേണ്ട എന്നാണ് ആ പുരോഹിതൻ പറഞ്ഞത്. പുരോഹിതന്മാരുടെ ഇടയിലും ചിലപ്പോൾ ചില വിവരദോഷികൾ ഉണ്ടാകും എന്നതാണ് ആ വാചകത്തിലൂടെ വ്യക്തമാകുന്നത്. ആരും ഇവിടെ ഒരു പ്രളയമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നില്ല. അതിനെ ശരിയായ രീതിയിൽ അതിജീവിക്കാൻ നാടാകെ ഒറ്റക്കെട്ടായി നിന്നു. അതാണ് കേരളം ലോകത്തിന് നൽകിയ പാഠമെന്നും പിണറായി പറഞ്ഞു.

ഗീവർഗീസ് കൂറിലോസ് പറഞ്ഞത്

ലോക്സഭാ തെരഞ്ഞെടുപ്പിലെ വൻ പരാജയത്തിന് കാരണം ഒന്നാം പിണറായി സർക്കാരിനെ അപേക്ഷിച്ച് രണ്ടാം സർക്കാരിന്റെ നിലവാര തകർച്ചയാണെന്ന് കൂറിലോസ് അഭിപ്രായപ്പെട്ടിരുന്നു. ഭൂരിപക്ഷം മന്ത്രിമാരുടെയും പ്രകടനം ദയനീയമാണ്. ധാർഷ്ട്യവും ധൂർത്തും ഇനിയും തുടർന്നാൽ ഇതിലും വലിയ തിരിച്ചടികൾ ആയിരിക്കും ഇടതുപക്ഷത്തെ കാത്തിരിക്കുക. എപ്പോഴും പ്രളയവും മഹാമാരികളും രക്ഷയ്ക്ക് എത്തണമെന്നില്ല. 'കിറ്റ് രാഷ്ട്രീയത്തിൽ' ഒന്നിലധികം പ്രാവശ്യം ജനങ്ങൾ വീഴില്ല, പ്രത്യേകിച്ച് കേരളത്തിൽ. തിരുത്തുമെന്ന നേതൃത്വം പറയുന്നത് സ്വാഗതാർഹമാണ്. അത് പക്ഷേ തൊലിപ്പുറത്തുള്ള തിരുത്തൽ ആവരുത്. രോഗം ആഴത്തിലുള്ളതാണ്. ചികിത്സയും ആഴത്തിൽ തന്നെ ഇറങ്ങണം. ഇടതുപക്ഷം 'ഇടത്ത് ' തന്നെ നിൽക്കണം. ഇടത്തോട്ട് ഇൻഡിക്കേറ്റർ ഇട്ടിട്ട് വലത്തോട്ട് വണ്ടിയോടിച്ചാൽ അപകടം ഉണ്ടാകും. ലക്ഷ്യസ്ഥാനത്ത് എത്തുകയുമില്ലെന്നായിരുന്നു കൂറിലോസിന്റെ പ്രതികരണം.

തിരുത്താൻ ശ്രമിച്ചാൽ സംഭവിക്കുക ഇങ്ങനെ

ഇടതുപക്ഷത്തോട് ചേർന്ന് നിൽക്കുന്നവരാണെങ്കിലും സിപിഎമ്മിനെ തിരുത്താൻ ശ്രമിച്ചാൽ എന്താണ് സംഭവിക്കുക എന്നതിന് ഉദാഹരണമാണ് ഗീവർഗ്ഗീസ് കൂറിലോസിന് എതിരായ മുഖ്യമന്ത്രിയുടെ അധിക്ഷേപം. മുഖ്യമന്ത്രിയെ പിന്തുണച്ച് പലവട്ടം പോസ്റ്റുകൾ ഇട്ടിട്ടുള്ള വ്യക്തിയാണ് യാക്കോബായ സഭ നിരണം ഭദ്രാസനം മുൻ അധിപൻ ഗീവർഗീസ് മാർ കൂറിലോസ്. 2020 ജൂലൈയിൽ മുഖ്യമന്ത്രിയെ പിന്തുണച്ച് ഗീവർഗ്ഗീസ് കൂറിലോസ് ഇട്ട പോസ്റ്റ് തന്നെ ഉദാഹരണം. പിണറായി വിജയനെ വേട്ടയാടുന്നതിന് എതിരെയായിരുന്നു ആ പോസ്റ്റ്.

പഴയ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മടിയിൽ കനമില്ലാത്തവർ വഴിയിൽ ആരെയും പേടിക്കില്ല

വേട്ടയാടപ്പെടൽ പുത്തരിയല്ലാത്ത മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ തനിക്കെതിരെ നടക്കുന്ന സംഘടിത ആക്രമണത്തെയും നെഞ്ചു വിരിച്ചും ശിരസ്സ് ഉയർത്തി പിടിച്ചും തന്നെയാണ് നേരിടുന്നത്. വിവാദ സ്വർണ്ണ കടത്തു കേസിൽ ഉൾപ്പെട്ട യഥാർത്ഥ രാജ്യദ്രോഹികളെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരുന്ന കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടവർ ഗുരുതരമായ രാജ്യദ്രോഹ കുറ്റത്തെ സെൻസേഷനലൈസ് ചെയ്തും രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നത് എത്ര ബാലിശമാണ്.

തെറ്റ് ചെയ്താൽ ഉന്നതരായാൽ പോലും ആരെയും സംരക്ഷിക്കില്ല എന്ന് വ്യക്തമായി പറയുകയും സംശയനിഴലിൽ ഉള്ളവരെ എല്ലാം പുറത്താക്കുകയും ചെയ്ത ഒരു മുഖ്യമന്ത്രിയെയാണ് നിരന്തരം രാഷ്ട്രീയമായി വേട്ടയാടുന്നത്. എന്നാൽ കനൽ വഴികളിലൂടെ നടന്നുവന്ന പിണറായി വിജയൻ എത്ര ധീരമായിട്ടാണ് ഇതിനിടയിലും കേരള ജനത തന്നെ ഏൽപ്പിച്ച കർത്തവ്യം, പ്രത്യേകിച്ച് ഒരു ദുരന്ത മുഖത്ത്, നിർവ്വഹിച്ച് മുന്നോട്ട് പോകുന്നത്. ശിവശങ്കറിനെ ഇപ്പാൾ അറസ്റ്റ് ചെയ്യും, പ്രതിയാക്കും ( ഭാവിയിൽ അങ്ങിനെ സംഭവിച്ചാൽ കൂടി അദ്ദേഹത്തെ സംരക്ഷിക്കില്ല എന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതാണ് ) എന്നൊക്കെ ' മുറിക്കുന്ന വാർത്തകൾ ' വരുമ്പോഴും നിർഭയം ആത്മവിശ്വാസത്തോടെ ജനങ്ങളെ അഭിമുഖീകരിക്കാൻ ചങ്കുറപ്പുള്ള പിണറായി വിജയനെയാണ് ഈ ദിവസങ്ങളിൽ നാം കണ്ടത്. അതു കൊണ്ട് അന്വേഷണവും നിയമവും ആ വഴികളിൽ നിങ്ങട്ടെ. നമുക്ക് കോവിഡും വെള്ള പൊക്കവും ഒക്കെ ശ്രദ്ധിച്ച് ജനങ്ങളുടെ രക്ഷയെ കരുതിയുള്ള ചർച്ചകളും പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാം . ഒരു ഇടതു സർക്കാരിനെ തകർക്കാൻ ആർക്കും ശ്രമം നടത്താം. പക്ഷേ, തെരഞ്ഞെടുത്ത് അധികാരത്തിലേറ്റിയ ജനങ്ങൾ ഒപ്പമുള്ളപ്പോൾ അതൊക്കെ വൃഥാ ശ്രമങ്ങൾ ആകും, അത്ര തന്നെ.

എന്തായാലും എൽഡിഎഫ് സർക്കാരിനെ വിമർശിച്ചതോടെ ഗീവർഗ്ഗീസ് കൂറിലോസ് മുഖ്യമന്ത്രിക്ക് വിവരദോഷിയായി മാറിയിരിക്കുകയാണ്.