- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേരളത്തിലെ ചില സിറ്റിങ് എംപിമാർ തോൽക്കുമെന്ന തരത്തിലുള്ള ഒരു സർവേ റിപ്പോർട്ടും കിട്ടിയിട്ടില്ല; അതെല്ലാം വെറും മാധ്യമ പ്രചരണം; ആലപ്പുഴയിൽ ഇത്തവണ കോൺഗ്രസിന് ശക്തനായ സ്ഥാനാർത്ഥിയുണ്ടാകും: കെ സി വേണുഗോപാൽ പറയുന്നു
ആലപ്പുഴ: കേരളത്തിലെ സിറ്റിങ് എംപിമാരിൽ ചിലർ തോൽക്കുമെന്ന തരത്തിലുള്ള ഒരു സർവേ റിപ്പോർട്ടും തനിക്ക് കിട്ടിയിട്ടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. സുനിൽ കനഗോലു കോൺഗ്രസ് നേതൃത്വത്തിന് എംപിമാരുടെ പ്രവർത്തനം സംബന്ധിച്ച് റിപ്പോർട്ട് കൈമാറിയെന്ന മാധ്യമവാർത്ത വസ്തുതാവിരുദ്ധവും തെറ്റിധാരണാജനകവുമാണെന്നും വേണുഗോപാൽ പറഞ്ഞു. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അത്തരത്തിൽ ഒരു സർവെ റിപ്പോർട്ടും എ.ഐ.സി.സിക്ക് കിട്ടിയിട്ടില്ല. ഇതെല്ലാം മാധ്യമ പ്രചാരണം മാത്രമാണ്. ആരുടെതാണ് റിപ്പോർട്ടെന്ന് തനിക്കറിയില്ല. 2014-ലും ഇങ്ങനെയൊരു വാർത്തയുണ്ടായിരുന്നു. അന്ന് തോൽക്കുമെന്ന് പറഞ്ഞവരെല്ലാം ജയിക്കുകയാണ് ചെയ്തെന്നും വേണുഗോപാൽ പറഞ്ഞു.
ആലപ്പുഴ മണ്ഡലത്തിൽ കോൺഗ്രസിന് ശക്തനായ സ്ഥാനാർത്ഥിയുണ്ടാകും. വിഴിഞ്ഞം തുറമുഖം ഉമ്മൻ ചാണ്ടിയുടെയും യു.ഡി.എഫ് സർക്കാരിന്റെയും കയ്യൊപ്പാണ്. ഇപ്പോൾ അതിന്റെ അവകാശവാദം ഉന്നയിക്കുന്നവർ ഉൾപ്പെടെ വിഴിഞ്ഞം തുറമുഖത്തിന്റെ ചരിത്രം പരിശോധിച്ചാൽ അതിന്റെ നിർണ്ണായക ചുവടുവെയ്‌പ്പ് ആരാണ് നടത്തിയതെന്ന് മനസിലാകും.
ഉമ്മൻ ചാണ്ടിയെന്ന ഭരണകർത്താവിന്റെ നിശ്ചയദാർഢ്യത്തിന്റെ പ്രതീകം കൂടിയാണത്. ആ സംഭാവനയെ തള്ളിപ്പറയുന്ന സിപിഎം ഉമ്മൻ ചാണ്ടിയെ വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽക്കൂടിയും അപമാനിക്കണമോയെന്ന് ചിന്തിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ജനം ആദരിക്കുന്ന നേതാക്കളെ എങ്ങനെ അപമാനിക്കാമെന്ന് എല്ലാ ദിവസവും ഗവേഷണം നടത്തുകയാണെന്നും വേണുഗോപാൽ പറഞ്ഞു.
കോൺഗ്രസ് എംപിമാരുടെ പ്രവർത്തനത്തെക്കുറിച്ചുള്ള സമ്പൂർണ സർവേ നടക്കുന്നുവെന്ന് നേരത്തെ വാർത്തയുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗോലുവിന്റെ നേതൃത്വത്തിലുള്ള പ്രൊഫഷണൽ ടീം തയ്യാറാക്കുന്ന റിപ്പോർട്ട് കെപിസിസിക്ക് കൈമാറുമെന്നായിരുന്നു വിവരം. എംപിമാരുടെ പ്രവർത്തനങ്ങളിൽ വോട്ടർമാർ തൃപ്തരാണോ ആരൊക്കെ മത്സരിച്ചാൽ ജയസാധ്യതയുണ്ട് മാറേണ്ടവർ ആരൊക്കെ അടിമുടി പരിശോധിക്കുന്നതാണ് സർവേ.
തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗോലുവിന്റെ നേതൃത്വത്തിലുള്ള ടീം സംസ്ഥാനമാകെ സഞ്ചരിച്ചാണ് സർവേ തയ്യാറാക്കിയത്. ഈ റിപ്പോർട്ട് അനുസരിച്ചാകും ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് കോൺഗ്രസ് കടക്കുകയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കെ സി വേണുഗോപാലിന്റെ പ്രതികരണം.




