- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാദത്തിനു പിന്നാലെ 'കാഫിർ' പോസ്റ്റ് പിൻവലിച്ച് കെ.കെ. ലതിക
കോഴിക്കോട്: വടകരയിലെ വർഗീയത നിറഞ്ഞ തീവ്രപ്രചരണം സിപിഎമ്മിന് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്. തെരഞ്ഞെടുപ്പു തോൽവിക്ക് ശേഷവും കടുംപിടുത്തം എന്നോണമാണ് ഇക്കാര്യത്തിൽ തുടർപ്രചരണങ്ങൾ നടന്നത്. എന്നാൽ, ഈ വിവാദം സിപിഎമ്മിനെ ശരിക്കും തിരിഞ്ഞു കുത്തി തുടങ്ങി. വിവാദമായ 'കാഫിർ' പ്രയോഗത്തിന്റെ സ്‌ക്രീൻഷോട്ട് ഷെയർ ചെയ്ത മുൻ എംഎൽഎ കെ കെ ലതിക ശരിക്കും പുലിവാല് പിടിച്ച അവസ്ഥയിലാണ്.
വിവാദമായ പോസ്റ്റ്, ഫേസ്‌ബുക്കിൽ നിന്ന് സിപിഎം സംസ്ഥാന സമിതി നേതാവു കൂടിയായ കെ.കെ. ലതിക പിൻവലിച്ചു. പിന്നാലെ ഫേസ്‌ബുക് പ്രൊഫൈലും ലോക്ക് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ടു കെ.കെ. ലതികയെ ചോദ്യം ചെയ്തതിനു പിന്നാലെയാണു ഈ നടപടി എന്നതും ശ്രദ്ധേയമാണ്. പോസ്റ്റ് വ്യാജമാണെന്നറിഞ്ഞിട്ടും ഫേസ്‌ബുക്കിൽനിന്ന് നീക്കം ചെയ്തില്ലെന്നും ലതികയെ അറസ്റ്റ് ചെയ്യണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് 'യൂത്ത് ലീഗ് നെടുമ്പ്രമണ്ണ' എന്ന വാട്‌സാപ് ഗ്രൂപ്പിൽനിന്ന് യൂത്ത് ലീഗ് നേതാവ് പി.കെ.മുഹമ്മദ് ഖാസിമിന്റെ പേരിലുള്ള സ്‌ക്രീൻഷോട്ടാണു പുറത്തുവന്നത്. എന്നാൽ സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ചതിനു പിന്നിൽ ആരാണെന്നു കണ്ടെത്താനായിട്ടില്ലെന്നു വടകര പൊലീസ് ശനിയാഴ്ച ഹൈക്കോടതിയെ അറിയിച്ചു.
ഖാസിമിനെതിരെ പ്രഥമദൃഷ്ട്യാ തെളിവൊന്നും കണ്ടെത്താനായിട്ടില്ലെന്നും അതേസമയം, ഖാസിമിന്റെ പങ്ക് തള്ളിക്കളയാനുമാവില്ല എന്നും വടകര റൂറൽ എസ്‌പി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. കോഴിക്കോട് റൂറൽ സൈബർ സെല്ലിന്റെ സഹായത്തോടെ ഖാസിമിന്റെ ഫോൺ പരിശോധിച്ചതിൽനിന്നും ഇത്തരമൊരു പോസ്റ്റ് ആ ഫോണിൽ നിർമ്മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്തതായി കണ്ടെത്തിയിട്ടില്ല എന്നും പൊലീസിന്റെ റിപ്പോർട്ടിൽ പറയുന്നു.
സ്‌ക്രീൻഷോട്ട് ആദ്യമായി ഫേസ്‌ബുക്കിൽ പ്രചരിപ്പിച്ചത് 'അമ്പാടിമുക്ക് സഖാക്കൾ' എന്ന ഫേസ്‌ബുക് ഗ്രൂപ്പാണ്. ഇപ്പോഴും ഈ പോസ്റ്റ് നിലനിൽക്കുന്ന 'പോരാളി ഷാജി' എന്ന അക്കൗണ്ട് സംബന്ധിച്ചും വിവരങ്ങൾ ഫേസ്‌ബുക് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നു പൊലീസ് പറഞ്ഞിരുന്നു. കേസുമായി ബന്ധപ്പെട്ട കുറ്റ്യാടി മുൻ എംഎൽഎ കെ.കെ.ലതിക അടക്കം 12 പേരെ ഇതുവരെ ചോദ്യം ചെയ്തിട്ടുണ്ടെന്നു പൊലീസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
ഫേസ്‌ബുക്കിൽനിന്നു വ്യാജ പോസ്റ്റ് നീക്കം ചെയ്യാനായി ഫേസ്‌ബുക് അധികൃതരെ അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിന്റെ പേരിൽ സമൂഹമാധ്യമത്തിന്റെ നോഡൽ ഓഫിസറെ കേസിൽ പ്രതി ചേർത്തതായും ഫേസ്‌ബുക് അധികാരികളിൽനിന്നു റിപ്പോർട്ട് കിട്ടിയശേഷം മാത്രമേ യഥാർഥ പ്രതികളെ അറസ്റ്റ് ചെയ്യാൻ സാധിക്കുകയുള്ളുയെന്ന് പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.
അതേസമയം ഷാഫി പറമ്പിൽ കഴിഞ്ഞ ദിവസം വിവാദ പരാമർശത്തിനെതിരെ രംഗത്തുവന്നിരുന്നു. നാടിനെ ഭിന്നിപ്പിക്കാൻ നടത്തിയ ഹീനമായ ശ്രമം കോടതിയിൽ വ്യാജമെന്ന് പൊലീസ് തന്നെ അറിയിച്ചു. പ്രതികൾ ആരാണെന്ന് പൊലീസിനും സിപിഎമ്മിനും അറിയാമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. സിപിഎം. ഉപയോഗിച്ച വ്യാജ സൃഷ്ടിയാണ് കാഫിർ പ്രയോഗമെന്നും മതത്തിന്റെ പേരിൽ കള്ളികൾക്കുള്ളിലാക്കി നാടിനെ ഭിന്നിപ്പിക്കാനുള്ള ഹീനശ്രമമാണ് വടകരയിൽ നടന്നതെന്നും ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി.
'ഈ നാടിന്റെ ഐക്യത്തിന്റേയും പൊതുപ്രവർത്തകൻ എന്ന നിലയ്ക്ക് എന്റേയും മുഖത്ത് ആഞ്ഞ് വെട്ടാൻ സിപിഎം. ഉപയോഗിച്ച വ്യാജ സൃഷ്ടിയാണ് കാഫിർ പ്രയോഗം. ഇത് എല്ലാവർക്കും ബോധ്യപ്പെട്ടു. ഒരു മതത്തിന്റെ പേരിൽ ഞങ്ങളെയൊക്കെ കള്ളികൾക്ക് ഉള്ളിലാക്കി നാടിനെ ഭിന്നിപ്പിക്കാനുള്ള ഹീന ശ്രമമാണ് നടന്നത്. വ്യാജ വെട്ടിന്റെ ഉറവിടം സിപിഎം. തന്നെയായിരുന്നുവെന്ന് തെളിഞ്ഞു. കെ.കെ. ലതിക ഉൾപ്പെടെ ഉത്തരവാദിത്തപ്പെട്ടവർ ഇത് പ്രചരിപ്പിച്ചു.' -ഷാഫി പറമ്പിൽ പറഞ്ഞു.
'ഇതിനെതിരെ പ്രതികരിക്കാൻ സിപിഎംകാർ തയ്യാറാവണം. എന്നോട് മാപ്പ് പറയേണ്ട കാര്യമില്ല. എനിക്ക് ഈ നാട്ടിലെ ജനങ്ങൾ തന്ന പരിച ഉണ്ട്. എനിക്ക് ജനങ്ങൾ കൊടുത്ത മറുപടി ധാരാളം മതി. വ്യാജ സ്‌ക്രീൻഷോട്ട് സത്യമാണ് എന്ന് വിശ്വസിച്ച സിപിഎമ്മുകാരോടെങ്കിലും ഇവർ മാപ്പ് പറയുമോ? പൊലീസിന്റെ ഉത്തരവാദിത്വം തീരുന്നില്ല. ഫേസ്‌ബുക്ക് നോഡൽ ഓഫീസർക്കെതിരെ കേസെടുത്തു എന്ന് പറഞ്ഞു. പക്ഷെ ഈ ആവേശം എന്തുകൊണ്ട് ഇത് കള്ളമാണെന്നറിഞ്ഞിട്ടും പ്രചരിപ്പിച്ചവർക്കെതിരേ കേസെടുക്കാൻ ഇല്ല?'
'ഫേസ്‌ബുക്ക് കനിഞ്ഞാലെ ഉത്തരവാദിത്തപ്പെട്ടവരെ കണ്ടെത്താനാകൂ എന്ന പൊലീസ് വാദം സാങ്കേതിക വിദ്യയിൽ ഉള്ള ആത്മവിശ്വാസമല്ല, പ്രതികൾ ആരെന്ന് പൊലീസിനും സിപിഎമ്മിനും അറിയാവുന്നതുകൊണ്ട് അവരെ രക്ഷിക്കാൻ ഉള്ള അവസാന ശ്രമമാണത്. ആ അഡ്‌മിനെ വിളിച്ചാൽ അറിയില്ലേ, ഇത് പ്രചരിപ്പിച്ച കെ.കെ. ലതികയോട് ചോദിച്ചാൽ അറിയില്ലേ, ഇത് എവിടുന്ന് കിട്ടിയെന്ന്.' -ഷാഫി തുടർന്നു.
'നിയമ പോരാട്ടം തുടരും രാഷ്ട്രീയമായി തുറന്നുകാട്ടിക്കൊണ്ടേയിരിക്കും. ഇതിന് പിന്നിൽ ആരെന്ന് ഈ നാടിന് അറിയണം . അജ്ഞാത ഉറവിടം ആണെങ്കിൽ ആ സ്‌ക്രീൻ ഷോട്ട് വെച്ച് 'എന്ത് വർഗീയത ആണെടോ പ്രചരിപ്പിക്കുന്നത്' എന്ന ചോദ്യം എന്നോട് ചോദിക്കരുത്. കണ്ണാടിയുടെ മുമ്പിൽ നിന്ന് ചോദിക്കണം. ആളും അർത്ഥവും ഇല്ലെങ്കിൽ എന്ത് വർഗീയതയാണ് പ്രചരിപ്പിക്കുന്നത് എന്ന് സ്ഥാനാർത്ഥി ചോദിക്കരുതായിരുന്നു.'
'ഈ നാടിനെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവരെ പിടികൂടിയേ തീരൂ . പൊലീസ് വിചാരിച്ചാൽ അതിന് മിനുറ്റുകൾ മതി. പക്ഷേ പൊലീസ് വിചാരിക്കാത്തത് സിപിഎമ്മിന് വേണ്ടിയാണ്. പൊലീസ് കള്ളക്കളിക്ക് കൂട്ടുനിൽക്കരുത്. മുഖ്യമന്ത്രി പറയുന്ന മതേതരത്വം ആത്മാർത്ഥതയുള്ളതെങ്കിൽ ഇതിൽ പ്രതികളെ പിടിക്കാനുള്ള ഉത്തരവ് പൊലീസിന് കൊടുക്കണം. അവരെ ഒളിപ്പിച്ചാൽ നാളെ ഇതിലും വലിയ ക്രൂരത ചെയ്യും. ആർജവമുണ്ടെങ്കിൽ മുഖ്യമന്ത്രി നടപടിയെടുക്കണം. പൊലീസ് അഡ്ജസ്റ്റ്മെന്റ് തുടർന്നാൽ യു.ഡി.എഫുമായി ആലോചിച്ച് മറ്റൊരു അന്വേഷണം ആവശ്യപ്പെടും. ഞങ്ങളുടെ വിജയത്തിന് വേറൊരു നിറം നൽകാനും ശ്രമിച്ചു . ഇപ്പോൾ ഗതി കെട്ടാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്.' -ഷാഫി പറമ്പിൽ പറഞ്ഞു.