- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജോയ് മാത്യുവിന്റെ വാക്കുകൾ അച്ചട്ടായി; 'വിശ്വസിച്ച പാർട്ടിയുടെ വെട്ടേറ്റു വീണ യോദ്ധാവിന്റെ ഭാര്യയ്ക്ക് കൂട്ടായി പോരാളിയുടെ ഭാര്യയും; ടി.പിയുടെ രമ, പി.ടിയുടെ ഉമയും; പിണറായിയോട് സന്ധി ചെയ്യാത്ത നേതാക്കളുടെ ഭാര്യമാർ ഇനി നിയമസഭയിൽ ഒരുമിച്ച്
കൊച്ചി: നിയമസഭയിൽ കെ കെ രമയ്ക്ക് കൂട്ടായി പി ടി തോമസിന്റെ ഭാര്യ ഉമ തോമസ് വരണമെന്ന ആഗ്രഹം പരസ്യമായി പങ്കുവെച്ച കലാകാരനാണ് സംവിധായകൻ ജോയ് മാത്യു. തെരഞ്ഞെടുപ്പു വേളയിൽ കോൺഗ്രസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജോയ് മാത്യു ഫേസ്‌ബുക്കിൽ കുറിച്ച് ഇങ്ങനെയായിരുന്നു:
രക്തസാക്ഷികളുടെ ഭാര്യമാർ എന്ന തലക്കെട്ടോടെയാണ് കുറിപ്പ് എഴുതിയത്. 'വിശ്വസിച്ച പാർട്ടിയുടെ വെട്ടേറ്റു വീണ യോദ്ധാവിന്റെ ഭാര്യ രമയ്ക്ക് കരുത്തേകാൻ പടക്കളത്തിൽ സ്വയം എരിഞ്ഞടങ്ങിയ പോരാളിയുടെ ഭാര്യ ഉമ കൂടി വേണമെന്ന് ആരാണ് ആഗ്രഹിക്കാത്തത്'' എന്നാണ് ജോയ് മാത്യു എഴുതിയത് . പുതിയ സാഹചര്യത്തിൽ ഉമ തോമസിന്റെ വിജയം യു.ഡി.എഫിനൊപ്പം ആർ.എംപി.ഐയും വലിയ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്.
ഭർത്താക്കന്മാരുടെ വിയോഗം തീർത്ത വേദനയിൽനിന്നു രാഷ്ട്രീയത്തിന്റെ അനിശ്ചിതത്വത്തിലേക്ക് ഇറങ്ങിയവരാണ് ഉമയും രമയും. ഭർത്താക്കന്മാരുടെ രാഷ്ട്രീയ വിജയത്തിനായി വീടിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തു മാറി നിന്നവർ പിന്നീട് ആ വിയോഗം തീർത്ത ദുഃഖത്തെയും മറികടന്നു ജനസേവകരാകുന്നു. ഭർത്താക്കന്മാർ നിർത്തിയിടത്തു നിന്നു തുടങ്ങാൻ.
എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ട സാഹചര്യങ്ങൾ കൊണ്ടും രമയും ഉമയും പരസ്പരം ചേർന്നു നിൽക്കുന്നവരാണ്. ടിപിയുടെ സ്വന്തം രമയും പി.ടിയുടെ സ്വന്തം ഉമയും ഇനി നിയമസഭയിൽ. മഹാരാജാസ് കോളജിലെ പഠന കാലത്ത് കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെഎസ്‌യുവിൽ നിന്നാണ് ഉമ രാഷ്ട്രീയം തുടങ്ങുന്നത്. അന്ന് കെഎസ്‌യുവിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു പി.ടി.തോമസ്. പി.ടിയുടെ ജീവിതസഖിയായതോടെ മുഴുവൻ സമയ രാഷ്ട്രീയത്തിനായി പി.ടിയെ വിട്ടുകൊടുത്ത് ഉമ വീട്ടുകാര്യം നോക്കി.
എസ്എഫ്‌ഐയുടെ സജീവ പ്രവർത്തകരായിരുന്നു രമയും ടി.പി.ചന്ദ്രശേഖരനും. ഇരുവരുടെയും ബന്ധം വളരുന്നത് പാർട്ടി പ്രവർത്തനത്തിനിടയിലും. ഒടുവിൽ പാർട്ടിയുടെ ആശിർവാദത്തോടെ വിവാഹം. എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന രമ, ടിപിയുമായുള്ള വിവാഹത്തിനു ശേഷം സജീവ രാഷ്ട്രീയത്തിൽനിന്നു മാറി നിന്നു. ഒടുവിൽ ടി.പി.ചന്ദ്രശേഖരൻ എന്ന ധീരനേതാവ് കൊല്ലപ്പെട്ടപ്പോൾ ആ വേദനയിൽനിന്ന് ഉയിർത്തെഴുന്നേറ്റത് രമ എന്ന പഴയ തീപ്പൊരിയായിരുന്നു. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് പിന്തുണയോടെ ആർഎംപിയുടെ എംഎൽഎയായി വടകരയിൽനിന്ന് രമ തിരഞ്ഞെടുക്കപ്പെട്ടു. നിലപാടിൽ ഉറച്ച രണ്ടു വ്യക്തിത്വങ്ങളുടെ ആശയങ്ങൾ അവരുടെ ജീവിതസഖിമാരിലൂടെ ഇനിയും കേരളമണ്ണിൽ മുഴങ്ങുമെന്നു പ്രതീക്ഷിക്കാം.
രാഷ്ട്രീയ നേതൃത്വത്തിന്റെ കണക്കുകൾ പോലും അസ്ഥാനത്താക്കി ഉമതോമസ് തൃക്കാക്കര സ്വന്തമാക്കുമ്പോൾ,കേരള നിയമസഭയിലുൾപ്പെടെ വലിയ മാറ്റങ്ങളാണ് വരാൻ പോകുന്നത്. പ്രതിപക്ഷ നിരയിൽ ആർ.എംപി.ഐ നേതാവ് കെ.കെ. രമയ്‌ക്കൊപ്പം ഇനി ഉമ തോമസുണ്ടാകും. പ്രതിപക്ഷ നിരയിലെ ഏക സ്ത്രീ സാന്നിധ്യമായിരുന്നു കെ.കെ. രമ. ഉമ തോമസ് വിജയിക്കുന്നതോടെ നിയമസഭയിൽ ആർ.എംപി.ഐ നേതാവ് കെ.കെ. രമക്കൊപ്പം പ്രതിപക്ഷ നിരയിൽ ഉമതോമസ് ഉണ്ടാവുമോ എന്ന ചോദ്യത്തിനു ഉത്തരം ലഭിച്ചിരിക്കുന്നു.