- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ കെ ലതികയെ അറസ്റ്റു ചെയ്യണമെന്ന് കെ കെ രമ
കോഴിക്കോട്: വ്യാജ സ്‌ക്രീൻഷോട്ട് പോസ്റ്റ് പ്രചരിപ്പിച്ച സിപിഎം നേതാവ് കെ കെ ലതികയെ അറസ്റ്റു ചെയ്യണമെന്ന ആവശ്യം ശക്തമാക്കി യുഡിഎഫ്. ലതികയെ അറസ്റ്റ് ചെയ്യണമെന്ന് കെ കെ രമ എംഎൽഎ ആവശ്യപ്പെട്ടു. ലതികയുടെ എഫ്ബി പോസ്റ്റാണ് കൂടുതലായി ഷെയർ ചെയ്യപ്പെട്ടത്. തെരഞ്ഞെടുപ്പു കാലത്ത് വർഗീയ ചേരിതിരിവുണ്ടാക്കാനാണ് ശ്രമിച്ചതെന്നും കെ കെ രമ ആരോപിച്ചു.
ലതികയുടെ പേജിൽ നിന്നും വന്നു എന്നതുകൊണ്ട് നാട്ടിൽ ഇത്രയധികം പ്രശ്‌നങ്ങളുണ്ടാകാൻ കാരണമായി. ഇത്രയും പ്രശ്‌നങ്ങളുണ്ടാക്കിയിട്ട് ഇപ്പോൾ പിൻവലിച്ചത് അംഗീകരിക്കാനാകില്ല. തെറ്റാണെന്ന് ബോധ്യപ്പെട്ടതു കൊണ്ടാണ് ഇപ്പോൾ പിൻവലിച്ചത്. വ്യാജ പോസ്റ്റ് പ്രചരിപ്പിച്ച ലതികയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും രമ ആവശ്യപ്പെട്ടു.
അതേസമയം ലതികയെ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ് കോഴിക്കോട് ജില്ലാ അധ്യക്ഷനും ആവശ്യപ്പെട്ടു. ലതിക പൊതുസമൂഹത്തോട് മാപ്പ് പറയണം. പോസ്റ്റ് പിൻവലിച്ചതോടെ അവരുടെ പങ്ക് കൂടുതൽ വ്യക്തമായെന്നും കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാർ പറഞ്ഞു. ലതികയെ അറസ്റ്റ് ചെയ്യാനുള്ള ധൈര്യം പൊലീസ് കാണിക്കണം. നടപടി ഇനിയും വൈകിയാൽ യു.ഡി.എഫ് ശക്തമായ പ്രക്ഷോഭം നടത്തുമെന്നും പ്രവീൺ കുമാർ വ്യക്തമാക്കി.
നേരത്തെ കെ.കെ. ലതികയിൽനിന്ന് മൊഴിയെടുക്കുകയും അവരുടെ ഫോൺ സൈബർസെൽ പരിശോധിക്കുകയും ചെയ്തിരുന്നു. ലതിക വിവാദസന്ദേശത്തിന്റെ സ്‌ക്രീൻഷോട്ട് പോസ്റ്റുചെയ്തു എന്ന മൊഴിയെത്തുടർന്നായിരുന്നു ഇത്. ഞായറാഴ്ചയാണ് പോസ്റ്റ് കെ.കെ. ലതിക നീക്കം ചെയ്തത്.
നേരത്തെ പോസ്റ്റ് വ്യാജമാണെന്ന് പൊലീസ് സ്ഥികരിച്ചിട്ടും സ്‌ക്രീൻഷോട്ട് ഫേസ്‌ബുക്കിൽ നിന്ന് ലതിക പിൻവലിക്കാത്തതിനെതിരെ യുഡിഎഫ് രംഗത്തു വന്നിരുന്നു. ലതികക്കെതിരെ കേസ് എടുക്കണമെന്ന് യുഡിഎഫ് നേതാക്കൾ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സ്‌ക്രീൻഷോട്ട് പിൻവലിച്ച് ഫേസ്‌ബുക്ക് അക്കൗണ്ട് ലോക്ക് ചെയ്തത്. ലതികയെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് പ്രത്യക്ഷപ്പെട്ട കാഫിർ പോസ്റ്റ് നിർമ്മിച്ചത് ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിം അല്ലെന്ന് ഹൈക്കോടതിയിൽ സർക്കാർ റിപ്പോർട്ട് നൽകിയിരുന്നു.
ഖാസിമിനെതിരെ പ്രഥമദൃഷ്ട്യാ തെളിവൊന്നും കണ്ടെത്താനായിട്ടില്ലെന്നും അതേസമയം, ഖാസിമിന്റെ പങ്ക് തള്ളിക്കളയാനുമാവില്ല എന്നും വടകര റൂറൽ എസ്‌പി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. കോഴിക്കോട് റൂറൽ സൈബർ സെല്ലിന്റെ സഹായത്തോടെ ഖാസിമിന്റെ ഫോൺ പരിശോധിച്ചതിൽനിന്നും ഇത്തരമൊരു പോസ്റ്റ് ആ ഫോണിൽ നിർമ്മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്തതായി കണ്ടെത്തിയിട്ടില്ല എന്നും പൊലീസിന്റെ റിപ്പോർട്ടിൽ പറയുന്നു.
സ്‌ക്രീൻഷോട്ട് ആദ്യമായി ഫേസ്‌ബുക്കിൽ പ്രചരിപ്പിച്ചത് 'അമ്പാടിമുക്ക് സഖാക്കൾ' എന്ന ഫേസ്‌ബുക് ഗ്രൂപ്പാണ്. ഇപ്പോഴും ഈ പോസ്റ്റ് നിലനിൽക്കുന്ന 'പോരാളി ഷാജി' എന്ന അക്കൗണ്ട് സംബന്ധിച്ചും വിവരങ്ങൾ ഫേസ്‌ബുക് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നു പൊലീസ് പറഞ്ഞിരുന്നു. കേസുമായി ബന്ധപ്പെട്ട കുറ്റ്യാടി മുൻ എംഎൽഎ കെ.കെ.ലതിക അടക്കം 12 പേരെ ഇതുവരെ ചോദ്യം ചെയ്തിട്ടുണ്ടെന്നു പൊലീസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
ഫേസ്‌ബുക്കിൽനിന്നു വ്യാജ പോസ്റ്റ് നീക്കം ചെയ്യാനായി ഫേസ്‌ബുക് അധികൃതരെ അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിന്റെ പേരിൽ സമൂഹമാധ്യമത്തിന്റെ നോഡൽ ഓഫിസറെ കേസിൽ പ്രതി ചേർത്തതായും ഫേസ്‌ബുക് അധികാരികളിൽനിന്നു റിപ്പോർട്ട് കിട്ടിയശേഷം മാത്രമേ യഥാർഥ പ്രതികളെ അറസ്റ്റ് ചെയ്യാൻ സാധിക്കുകയുള്ളുയെന്ന് പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.