- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈബർ ആക്രമണത്തിനെതിരെ പറഞ്ഞതൊന്നും മാറ്റിയിട്ടില്ല; കെ കെ ശൈലജ
തിരുവനന്തപുരം: വടകര ലോക്‌സഭാ മണ്ഡലത്തിൽ പോരാട്ടം മുറുകുകയാണ്. സൈബർ ആക്രമണമാണ് ഇവിടെ പ്രധാന പ്രചരണ വിഷയമായി മാറിയിരിക്കുന്നത്. ഈ വിഷയത്തിൽ കെ കെ ശൈലജ കഴിഞ്ഞ ദിവസം പറഞ്ഞതിനെ ആയുധമാക്കി രംഗത്തുവരികയാണ് യുഡിഎഫ്. ഇതോടെ സൈബർ പോര് തുടരുകയും ചെയ്യുന്നു. എന്നാൽ, സൈബർ ആക്രമണത്തിനെതിരെ പറഞ്ഞതൊന്നും മാറ്റിപ്പറഞ്ഞിട്ടില്ലെന്ന് വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ ആവർത്തിച്ചു.
തെളിവ് കൊടുക്കേണ്ടിടത്തുകൊടുക്കും. സൈബർ ആക്രമണത്തിൽ ജനത്തിന് പ്രതിഷേധമുണ്ടെന്നും ശൈലജ പറഞ്ഞു. തെരഞ്ഞെടുപ്പിൽ വില കുറഞ്ഞ പണിയൊന്നും എടുക്കേണ്ട കാര്യം തനിക്കില്ലെന്ന് പറഞ്ഞ ശൈലജ സോഷ്യൽ മീഡിയ ഇംപാക്റ്റ് യുഡിഎഫിന് ബൂമറാങ്ങായി മാറുമെന്നും കൂട്ടിച്ചേർത്തു.
"സൈബർ ഇടത്തിൽ അധാർമിക നീക്കം എനിക്കെതിരെ ഉണ്ടായി. സൈബർ ആക്രമണമാണ് വടകരയിൽ ചർച്ച എന്നത് ശരിയല്ല. എന്റെ പൊളിറ്റിക്കൽ ക്രെഡിബിലിറ്റിയെ ചോദ്യം ചെയ്തു, അതിന് മാധ്യമങ്ങളെ ഉപയോഗിച്ചു. ചിന്തിക്കുന്ന ജനങ്ങൾ എനിക്കൊപ്പം നിൽക്കും. ഞാൻ എനിക്കെതിരെ ആരോപണം ഉണ്ടാക്കുമോ? വില കുറഞ്ഞ പണിയൊന്നും എടുക്കേണ്ട കാര്യമില്ല. ഞാൻ ഒന്നും മാറ്റിപ്പറഞ്ഞിട്ടില്ല. തെളിവ് കൊടുക്കേണ്ടിടത്തുകൊടുക്കും. ഷാഫി നിയമ നടപടി സ്വീകരിച്ചോട്ടെ. എന്തെങ്കിലും ഉണ്ടെങ്കിലല്ലേ നേരിടേണ്ട ആവശ്യമുള്ളൂ. ഞാൻ നിയമ നടപടി എടുക്കുന്നതുകൊണ്ട് അവരും ചെയ്യുന്നു എന്നേ ഉള്ളൂ." കെകെ ശൈലജ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നേരത്തെ അശ്ലീല വീഡിയോ ആരോപണത്തിൽ കെകെ ശൈലജക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഷാഫി വ്യക്തമാക്കിയിരുന്നു. കെകെ ശൈലജയുടെ മോർഫ് ചെയ്ത വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന് ആരോപണം വന്നതിനെ തുടർന്ന് ഷാഫി പറമ്പിലിനെതിരെ സമൂഹമാധ്യമങ്ങളിലും മറ്റും വിമർശനങ്ങളും അധിക്ഷേപവും വ്യാപകമായിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനം. മോർഫ് ചെയ്ത വീഡിയോ പ്രചരിച്ചിട്ടില്ലെന്ന് ശൈലജ തന്നെ പിന്നീട് പ്രതികരിച്ചു. വടകരയിൽ അതിശക്തമായ മത്സരമാണ് നടക്കുന്നത്. ഇത് പ്രചരണത്തിലും പ്രതിഫലിക്കുന്നുവെന്നതാണ് വസ്തുത.
എന്നാൽ വീഡിയോ അല്ല, മുഖം വെട്ടിയൊട്ടിച്ച പോസ്റ്ററാണ് പ്രചരിക്കുന്നത് എന്നാണ് താൻ പറഞ്ഞതെന്ന് ഇന്നലെ വൈകീട്ടോടെ കെകെ ശൈലജ വിഷയത്തിൽ വ്യക്തത വരുത്തി. ഏതാണ്ട് ഒരാഴ്ചയോളം കത്തി നിന്ന വിഷയത്തിൽ പക്ഷേ തനിക്കെതിരെയുണ്ടായ അധിക്ഷേപത്തിൽ ആരെങ്കിലും മാപ്പ് പറയുമോ എന്ന് ഷാഫി പറമ്പിൽ ചോദിച്ചിരുന്നു. കെകെ ശൈലജയെ അപകീർത്തിപ്പെടും വിധത്തിൽ വീഡിയോ ഇറങ്ങിയിട്ടില്ല എന്നത് സന്തോഷകരമായ കാര്യം തന്നെയാണ്, എന്നാൽ ഇതിന്റെ പേരിൽ തനിക്കെതിരെ നടന്ന വ്യാപകമായ പ്രചാരണങ്ങൾ ഇല്ലാതാകില്ലല്ലോ എന്നാണ് ഷാഫി പറമ്പിൽ ചോദിച്ചത്.
ശൈലജ തിരുത്തൽ നടത്തിയതിൽ സന്തോഷമുണ്ടെന്നും എന്നാൽ വീഡിയോയുടെ പേരിൽ തന്റെ ഉമ്മയുടെ പേര് വരെ വലിച്ചിഴച്ചു എന്നാണ് ഷാഫി പറമ്പിൽ പറയുന്നത്. 'സോഷ്യൽ മീഡിയ ഇംപാക്ട്' യുഡിഎഫിന് അനുകൂലമാകുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. വടകരയിൽ രാഷ്ട്രീയ വിവാദം തീരുന്നില്ല. പാനൂരിലെ ബോംബ് നിർമ്മാണവും സ്‌ഫോടനവും ഉണ്ടാക്കിയ അലയൊലികളെ തണുപ്പിക്കാൻ ഉണ്ടാക്കിയ വിവാദവും സിപിഎമ്മിന് തിരിച്ചടിയാകുന്നുവെന്നതാണ് വസ്തുത. തനിക്കെതിരെ അശ്ലീല വിഡിയോ പ്രചരിപ്പിക്കുന്നതായി എവിടെയും പറഞ്ഞിട്ടില്ലെന്നും മോർഫ് ചെയ്ത പോസ്റ്ററെന്നാണ് പറഞ്ഞതെന്നും വടകരയിലെ ഇടതു സ്ഥാനാർത്ഥി കെ.കെ.ശൈലജ വ്യക്തമാക്കിയതോടെ വീണ്ടും രാഷ്ട്രീയ വിവാദം. ഇതോടെ വീണ്ടും ഈ വിഷയം ചർച്ചയാക്കുകയാണ് യുഡിഎഫ്.
'എന്റെ വടകര കെഎൽ 18' എന്ന ഇൻസ്റ്റഗ്രാം പേജിൽ നിരന്തരമായി ഫെയ്ക് വിഡിയോകൾ, വൃത്തികെട്ട പോസ്റ്ററുകൾ ഇതൊക്കെ വരികയാണ്. ആദ്യം തന്നെ ചെയ്തത് ഒരു മോശമായ അശ്ലീല ചിത്രത്തിന്റെ തല മാറ്റി, എന്റെ തല ചേർത്തു കൊണ്ട് കുടുംബ പേജുകളിൽ എത്തിച്ചു.... എത്ര ചീപ്പ് ആയിട്ടാണ് ഇവർ ചെയ്യുന്നത്-ഇതായിരുന്നു 15ന് ശൈലജ പറഞ്ഞത്. എന്നാൽ കഴിഞ്ഞ ദിവസം ഇതിൽ തിരുത്തു കൊണ്ടു വന്നു. എന്റെ ഫോട്ടോ മോർഫ് ചെയ്ത് പോസ്റ്റർ ഉണ്ടാക്കുന്നു എന്നു മാത്രമാണു പറഞ്ഞത്. വിഡിയോ എന്നു പറഞ്ഞിട്ടില്ല. അന്നത്തെ പത്രസമ്മേളന വിഡിയോ കണ്ടാൽ മനസ്സിലാകും എന്നാണ് ശൈലജയുടെ പുതിയ വാദം. ഈ രണ്ട് വീഡിയോയും കോൺഗ്രസ് വലിയ തോതിൽ പ്രചരിക്കുന്നുണ്ട്.
ഇതോടെ സഹതാപ വോട്ടു കിട്ടാൻ ഇടതു സ്ഥാനാർത്ഥി നുണ പ്രചരിപ്പിച്ചെന്നു കോൺഗ്രസ് ആരോപിച്ചു. 'അശ്ലീല ചിത്രം' എന്നു മാത്രമാണു ശൈലജ ആദ്യത്തെ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നതെങ്കിലും 'അശ്ലീല വിഡിയോ സൃഷ്ടിച്ചു' എന്നാണ് സിപിഎം നേതാക്കളും അണികളും പ്രചരിപ്പിച്ചത്. ആ പത്രസമ്മേളനത്തിലെ ഫെയ്ക് വീഡിയോകൾ എന്ന പരാമർശമാണ് സിപിഎമ്മുകാർ ചർച്ചയാക്കിയത്. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ശൈലജ രംഗത്തു വന്നത്.
എന്റെ ഫോട്ടോ മോർഫ് ചെയ്ത് പോസ്റ്റർ ഉണ്ടാക്കുന്നു എന്നു മാത്രമാണു പറഞ്ഞത്. വിഡിയോ എന്നു പറഞ്ഞിട്ടില്ല. അന്നത്തെ പത്രസമ്മേളന വിഡിയോ കണ്ടാൽ മനസ്സിലാകും. എന്റെ ഫോട്ടോയ്‌ക്കൊപ്പം മറ്റു ചിലരുടെ ഫോട്ടോ ചേർത്ത് വ്യാജസന്ദേശം പ്രചരിപ്പിക്കുകയാണ്. അന്നു തൊണ്ടയിടറി സംസാരിച്ചതല്ല. പൊടി അലർജിയും സ്വീകരണ കേന്ദ്രങ്ങളിൽ പൂത്തിരി കത്തിക്കുന്നതിന്റെ പുകയും പ്രശ്‌നമായതാണ്. സ്ത്രീയെന്ന നിലയിൽ എന്നെ അപമാനിച്ചതു മാത്രമല്ല. ഞാൻ ഒരു രാഷ്ട്രീയപ്രവർത്തകയും എംഎൽഎയും പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവുമാണ്. എന്റെ രാഷ്ട്രീയ സത്യസന്ധതയെ ചോദ്യം ചെയ്യുന്നതാണു പ്രശ്‌നം-ഇതാണ് ഇപ്പോൾ ശൈലജ പറഞ്ഞിരുന്നു.