തിരുവനന്തപുരം: തനിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ ലൈംഗികച്ചുവയുള്ള മോർഫ് ചെയ്ത ചിത്രങ്ങൾ അപകീർത്തിപ്പെടുത്താനുള്ള ഉദ്ദേശത്തോടെ പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് യുഡിഎഫിനെതിരെ വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ.ശൈലജ പരാതി നൽകി. തിരഞ്ഞെടുപ്പ് കമ്മിഷൻ മുഖ്യമന്ത്രി, പൊലീസ് മേധാവി, ഐജി, കലക്ടർ എന്നിവർക്കാണ് പരാതി കൈമാറിയത്.

കോവിഡ് കാലത്തെ പിപിഇ കിറ്റ് വാങ്ങലുമായി ബന്ധപ്പെട്ടു നുണപ്രചാരണം നടക്കുന്നതായി ശൈലജ നേരത്തേ ആക്ഷേപം ഉന്നയിച്ചിരുന്നു. എന്നാൽ ഇടതുമുന്നണിയുടെ പരാതിയിൽ ശൈലജയ്ക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ അപകീർത്തികരമായ പ്രചാരണം നടക്കുന്നതായാണു പറയുന്നത്. സ്ത്രീയെന്ന പരിഗണന പോലുമില്ലാതെയാണ് അധിക്ഷേപമെന്നും എൽഡിഎഫ് ആരോപിച്ചു.

"ചിത്രങ്ങൾ മോർഫ് ചെയ്തു പ്രചരിപ്പിക്കുകയാണ്. ശൈലജയെയും മുഖ്യമന്ത്രി പിണറായി വിജയനെയും വ്യക്തിപരമായി അപമാനിച്ചുകൊണ്ട് മോർഫ് ചെയ്ത ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു. സംസ്‌കാരശൂന്യവും പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുന്നതുമായ നിരവധി പോസ്റ്റുകൾ സാമൂഹ്യമാധ്യമങ്ങളിൽ വന്നിട്ടുണ്ട്. യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ അറിവോടെയാണിത്. അദ്ദേഹം ഇതിനു കൂട്ടുനിൽക്കുന്നു" പരാതിയിൽ പറയുന്നു.

.വോട്ട് അഭ്യർത്ഥിച്ചു കൊണ്ടുള്ള സ്ഥാനാർത്ഥിയുടെ മെസേജുകൾക്ക് അശ്ലീലഭാഷയിൽ കമന്റിട്ട ആൾക്കെതിരെയും ചിത്രങ്ങൾ മോർഫ് ചെയ്ത് സോഷ്യൽ മീഡിയ ഗ്രൂപ്പിൽ പ്രചരിപ്പിച്ച ആൾക്കെതിരെയും നടപടി വേണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. അതേസമയം ശൈലജയ്‌ക്കെതിരെ സൈബർ ആക്രമണം നടത്തിയിട്ടില്ലെന്നാണ് യു.ഡി.എഫ് പറയുന്നത്. ശൈലജയ്ക്കും ഇടതുമുന്നണിക്കുമെതിരെ അനേകം വിഷയങ്ങൾ ഉന്നയിക്കാൻ ഉണ്ടായിരിക്കെ ഇല്ലാത്ത കാര്യങ്ങൾ എന്തിന് പ്രചരിപ്പിക്കണമെന്നാണ് യു.ഡി.എഫ് ചോദിക്കുന്നത്.