തിരുവനന്തപുരം: ജെ.ഡി.എസ് കേരള ഘടകം ബിജെപിയോടൊപ്പം പോകില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. ബിജെപിയുടെ നയങ്ങളെ എതിർക്കുന്ന നിലപാട് തുടരും. ദേശീയ നേതൃത്വം ബിജെപിയോട് സന്ധിചെയ്താൽ കേരള ഘടകം ഒപ്പമുണ്ടാകില്ല.

ബിജെപിക്കെതിരായിട്ടാണ് ജെ.ഡി.എസ് മത്സരിച്ചത്. അവരുടെ എല്ലാ നയങ്ങളെയും എതിർത്തുകൊണ്ടാണ് നിൽക്കുന്നത്. ദേശീയ അധ്യക്ഷൻ മറിച്ചൊരു നിലപാട് എടുത്താലും അതിനോട് യോജിക്കാനാകില്ല. ബിജെപിയുടെ ഏക സിവിൽ കോഡിനെതിരെ ഉൾപ്പെടെ ശക്തമായ നിലപാടാണ് ഞങ്ങൾ കൈക്കൊള്ളുന്നത്. കേരള ഘടകം ബിജെപിക്കെതിരെ ഒറ്റക്കെട്ടായി നിൽക്കും -മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു.

കർണാടകയിൽ പ്രതിപക്ഷ നേതൃസ്ഥാനം ലക്ഷ്യമിട്ട് ജെ.ഡി.എസ് ബിജെപിക്കൊപ്പം ചേരാനുള്ള നീക്കം തുടരുന്നതിനിടെയാണ് കേരള ഘടകം നിലപാട് വ്യക്തമാക്കിയത്. ബിജെപി നേതൃത്വവുമായി ചർച്ചകൾക്കായി ജെ.ഡി.എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി ഡൽഹിയിലേക്ക് പോയിരിക്കുകയാണ്.

ബിജെപിക്കും കോൺഗ്രസിനുമെതിരെ നിലപാടെടുക്കണമെന്നായിരുന്നു കഴിഞ്ഞ മാസം ബംഗളൂരുവിൽ ചേർന്ന ജെ.ഡി-.എസ് ദേശീയ നിർവാഹക സമിതി തീരുമാനം. ദേവഗൗഡ തീരുമാനം പ്രഖ്യാപിച്ചപ്പോൾ കുമാരസ്വാമി അതിനെ പിന്തുണക്കുകയും ചെയ്തിരുന്നു. എന്നാൽ, കർണാടകയിലെ സവിശേഷ സാഹചര്യത്തിലാണ് കുമാരസ്വാമിയുടെ മനംമാറ്റം.

കുമാരസ്വാമിയുടെ നിലപാടിനോട് ദേവഗൗഡയും മൂത്തമകൻ എച്ച്.ഡി. രേവണ്ണയും അനുകൂലിക്കുന്നില്ലെന്നാണ് വിവരം. എന്നാൽ, ബംഗളൂരുവിൽ നടക്കുന്ന പ്രതിപക്ഷ പാർട്ടി യോഗത്തിൽനിന്ന് ദേവഗൗഡയെ മാറ്റിനിർത്തുന്നതടക്കമുള്ള കോൺഗ്രസിന്റെ സമീപനങ്ങൾ കർണാടകയിൽ ജെ.ഡി-എസിനെ ബിജെപിയിലേക്ക് കൂടുതൽ അടുപ്പിക്കുമെന്ന് പാർട്ടി ദേശീയ നിർവാഹകസമിതി അംഗം അഡ്വ. ബിജിലി ജോസഫ് അഭിപ്രായപ്പെട്ടു. 2004ൽ കർണാടകയിൽ കുമാരസ്വാമി ബിജെപിയുമായി സഖ്യമുണ്ടാക്കിയപ്പോൾ കേരളത്തിൽ ജനതാദൾ സ്വതന്ത്രമായി നിന്ന ചരിത്രവുമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിജെപി നേതൃത്വവുമായി പ്രാഥമിക ചർച്ചക്കായി ജെ.ഡി-എസ് നിയമസഭ കക്ഷിനേതാവ് എച്ച്.ഡി. കുമാരസ്വാമി തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഡൽഹിക്ക് തിരിക്കും. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ജെ.ഡി-എസ് ദയനീയ പരാജയമേറ്റുവാങ്ങിയിരുന്നു. വെറും 19 സീറ്റാണ് പാർട്ടിക്ക് ലഭിച്ചത്.

2018ലെ നിയമസഭ തെരഞ്ഞെടുപ്പ്ഫലത്തിന് ശേഷം കോൺഗ്രസുമായി സഖ്യമുണ്ടാക്കി കുമാരസ്വാമി മുഖ്യമന്ത്രിയായ സഖ്യസർക്കാർ അധികാരത്തിലേറിയെങ്കിലും സഖ്യത്തിൽ അസ്വാരസ്യങ്ങളുണ്ടായി. ഇത് മുതലെടുത്ത ബിജെപി സഖ്യസർക്കാറിനെ ഓപറേഷൻ താമരയിലൂടെ അട്ടിമറിക്കുകയുംചെയ്തു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ജെ.ഡി-എസും സഖ്യമായിരുന്നെങ്കിലും ഇരുപാർട്ടികളും കർണാടകയിൽ ഓരോ സീറ്റിലൊതുങ്ങി.