കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന് ദിവസങ്ങൾക്കുള്ളിൽ സമൻസ് വന്ന് അറസ്റ്റിലാകുമെന്ന് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. ഇന്നലെ കണ്ണൂർ മാട്ടൂൽ നോർത്തിൽ തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെഎം ഷാജി പറഞ്ഞത്:

ആഴ്ചകൾക്കുള്ളിൽ വീണാ വിജയന് സമൻസ് വരും. അകത്താവുകയും ചെയ്യും. മുഖ്യമന്ത്രിയുടെ മകൾക്ക് ഈ കള്ളത്തരത്തിൽ പങ്കുണ്ടെന്ന് 2020ൽ കേരള നിയമസഭയിൽ ഞാൻ പറഞ്ഞതാണ്.

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെടെ ആരോപണം നേരിടുന്ന കേസുകളിൽ ആരാ വാദിക്കാൻ വന്നതെന്ന് അറിയാമോ? വൈദ്യനാഥൻ. അദ്ദേഹത്തിന് എത്ര രൂപയാണു നൽകിയത് എന്ന് അറിയാമോ? 50 ലക്ഷം രൂപ. സ്വന്തം മകൾ ഉൾപ്പെടെ കുടുങ്ങിക്കിടക്കുന്ന കേസിൽ 50 ലക്ഷം രൂപ ഞങ്ങളുടെ പണം എടുത്തുകൊടുക്കാൻ മുഖ്യമന്ത്രിക്ക് എന്താ അവകാശം? നിങ്ങളുടെ മകൾ കുടുങ്ങിയാൽ നിങ്ങൾ പൈസ കൊടുക്കേണ്ടേ? എന്റെ പേരിൽ കുറേ കേസുണ്ടായിരുന്നല്ലോ. എന്നിട്ട് ആരാണ് കേസ് നടത്തിയത്. ഞാൻ അല്ലേ കോടതിയിൽ പോയത്. നേതാക്കൾ ഇവിടെ ഇരിപ്പുണ്ട്. ചോദിക്ക്, പാർട്ടിയിൽ നിന്ന് 10 പൈസ വാങ്ങിയിട്ടില്ല.

ഇവിടെ ഇങ്ങനെ വന്ന് നട്ടെല്ലു നിവർത്തി നിൽക്കാൻ എനിക്കാകുന്നത് എന്റെ കയ്യിൽനിന്ന് പൈസ എടുത്ത് ഞാൻ തന്നെ കേസ് നടത്തിയതുകൊണ്ടാണ്. അങ്ങനെയല്ലേ ചെയ്യേണ്ടത്? മുഖ്യമന്ത്രിയുടെ മകളുടെ കേസ് ഞങ്ങളുടെ പൈസ എടുത്തിട്ടാണോ നടത്തേണ്ടത്? കെഎസ്‌ഐഡിസി മുഖ്യമന്ത്രി പിണറായി വിജയന് സ്ത്രീധനം കിട്ടിയതാ? ഇങ്ങനെ വൈദ്യനാഥന് പൈസ എടുത്തു കൊടുക്കാൻ? ബാംഗ്ലൂരിൽ ഹാജരായ അഭിഭാഷകന് ഒരു സിറ്റിങ്ങിന് ഒരു കോടി രൂപയാണ്. സുപ്രീം കോടതിയിലെ വക്കീലന്മാരുടെ ഫീസ് ഒക്കെ എനിക്കറിയാം. ഞാൻ പോയി നോക്കിയതാണ്. ഫീസ് കേട്ടപ്പോൾ ഞാൻ തിരിച്ചോടിയതാണ്. അത്രമാത്രം ഫീസാണ്.

ഈ രാജ്യത്തെ ഒരു മതേതര മൂവ്‌മെന്റിനെ നിങ്ങൾ എപ്പോഴാണ് അംഗീകരിച്ചിട്ടുള്ളത്? നിങ്ങൾ ബോംബെയിൽ വന്നില്ല. കശ്മീരിൽ വന്നോ? സിതാറാം യച്ചൂരിക്ക് അവിടെ വന്ന് പങ്കെടുക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ എങ്ങനെ നടക്കും? എകെജി സെന്ററിൽ ചായയുടെ പൈസ കൊടുക്കണമെങ്കിൽ കേരളത്തിൽനിന്നു വരണം. ബംഗാളിൽ നിന്നോ ത്രിപുരയിൽനിന്നോ വരാനില്ല. പാർട്ടി സെക്രട്ടറി യച്ചൂരിയാണെങ്കിലും മുതലാളി പിണറായി വിജയനാണ്. അതുകൊണ്ട് അയാൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. അതുകൊണ്ട് അയാൾ പങ്കെടുത്തില്ല. ആ യോഗത്തിൽ അവർ പങ്കെടുത്തിരുന്നെങ്കിൽ ഇന്ന് വീണ ജയിലിൽ കാണുമായിരുന്നു. അതുകൊണ്ട് പങ്കെടുത്തില്ല. അതല്ലേ ഉത്തരം." ഷാജി ചോദിച്ചു.