- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂരിൽ ബിജെപിയെ മൂന്നാം സ്ഥാനത്താക്കും
കോഴിക്കോട് : തൃശൂരിൽ മത്സരിക്കാനുള്ള പാർട്ടി ഏൽപിച്ച ദൗത്യം താൻ ഏറ്റെടുത്തതായി കെ മുരളീധരൻ എംപി. ഇന്നലെയാണ് സീറ്റുമാറുന്നതിനെ കുറിച്ച് അറിഞ്ഞത്. നാളെ മുതൽ തൃശൂരിൽ പ്രചാരണം തുടങ്ങും. നല്ല പോരാട്ടവും വിജയവും യുഡിഎഫ് പ്രതീക്ഷിക്കുന്നു. പാർട്ടി ഏൽപിച്ച ദൗത്യം ഏറ്റെടുക്കുന്നു. ബിജെപിയെ എല്ലായിടത്തും മൂന്നാം സ്ഥാനത്തേക്ക് എത്തിക്കുകയെന്നതാണ് ഞങ്ങളുടെ നയം. ഒരിടത്തും അവർ രണ്ടാം സ്ഥാനത്തേക്ക് എത്തരുത്.
കേരളത്തിലവർക്ക് നിലം തൊടാൻ കഴിയില്ല. ഇന്നലെയാണ് സീറ്റുമാറണമെന്ന കാര്യം അറിയിച്ചത്. ഞാനത് ഏറ്റെടുത്തു. നേരത്തെ വട്ടിയൂർക്കാവിൽ നിന്നും വടകരയിലെത്തി. പാർട്ടി ആവശ്യപ്പെട്ടതിനാലായിരുന്നു അത്. ഇനി തൃശൂരിൽ മത്സരിക്കും. കരുണാകരനെ സംഘികൾക്ക് വിട്ടുകൊടുക്കാൻ സമ്മതിക്കില്ല. ബിജെപി വെല്ലുവിളിയേറ്റെടുക്കുകയെന്നതാണ് പാർട്ടി ഏൽപ്പിച്ച ദൗത്യം. പത്മജയെ ബിജെപി മുന്നിൽ നിർത്തിയാൽ അത്രയും പണി കുറയുമെന്നും മുരളീധരൻ പരിഹസിച്ചു.
അതേസമയം, തന്റെ പാർട്ടി മാറ്റത്തിൽ കെ.മുരളീധരൻ വിരണ്ടുപോയെന്നും അതുകൊണ്ടാണ് തൃശൂരിലേക്ക് ഓടിയതെന്നും പത്മജ വേണുഗോപാൽ പറഞ്ഞു. "കഴിഞ്ഞ ജന്മത്തിലെ ശത്രുവാണ് ഈ ജന്മത്തിൽ സഹോദരിയായതെന്ന് പറഞ്ഞതൊന്നും മറന്നിട്ടില്ല. എന്നെ ചീത്ത പറഞ്ഞിട്ട് തിരഞ്ഞെടുപ്പിൽ ജയിക്കാൻ പറ്റുമെങ്കിൽ ജയിക്കട്ടെ. ഞാൻ വലിയ ആളാണെന്ന് പറഞ്ഞിട്ടില്ല. ബിജെപിക്ക് കാൽകാശിന്റെ ഗുണമില്ലെന്ന് പിന്നെ എന്തിനാണ് പറയുന്നത്? എന്തിനാണ് ഇന്നലെ വടകരയിൽനിന്ന് ഓടി തൃശൂരിലേക്ക് പോയത്? ഞാൻ ഒന്നും അല്ലെങ്കിൽ എന്തിനാണ് അവസാനം ഈ കളി കളിച്ചത്?" പത്മജ ചോദിച്ചു.
വിറളി പൂണ്ടുകൊണ്ടാണ് തന്നെ ചീത്ത വിളിക്കുന്നത്. മനഃസമാധാനത്തിനു വേണ്ടി വിളിക്കുന്നതാണ്. അച്ഛൻ പോയപ്പോൾ അച്ഛനെ വരെ വിളിച്ചിട്ടുണ്ട്. അളമുട്ടിയാൽ ചേരയും കടിക്കും, അതുകൊണ്ടാണ് ഇങ്ങനെ പറയേണ്ടിവരുന്നത്. ചേട്ടനായിപ്പോയി, അനിയനായിരുന്നെങ്കിൽ രണ്ട് അടി കൊടുക്കുമായിരുന്നെന്നും പത്മജ പറഞ്ഞു.
കോൺഗ്രസിനെ മടുത്തിട്ടല്ല, നേതാക്കളെ മടുത്തിട്ടാണ് പാർട്ടി വിട്ടത്. അൽപമെങ്കിലും തന്നെ കേൾക്കാൻ തയാറായത് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ മാത്രമാണെന്നും അദ്ദേഹത്തിനു മുന്നിൽ താൻ പൊട്ടിക്കരഞ്ഞിട്ടുണ്ടെന്നും പത്മജ പറഞ്ഞു. ഒരുപാട് നേതാക്കളുടെ അടുത്തുപോയി നാണം കെട്ടിട്ടുണ്ട്. ചിലർ പറഞ്ഞ വാക്കുകൾ ഇപ്പോൾ പറയാൻ സാധിക്കില്ല. തന്റെ അച്ഛനും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. അച്ഛന്റെ ശാപമാണ് കോൺഗ്രസ് ഇപ്പോൾ അനുഭവിക്കുന്നതെന്ന് തോന്നാറുണ്ടെന്നും അവർ പറഞ്ഞു.