തിരുവനന്തപുരം : സംസ്ഥാന കോൺഗ്രസിൽ അവഗണന നേരിടുന്നുവെന്ന പരാതിയാണ് ഇപ്പോൾ മുതിർന്ന നേതാവ് കെ മുരളീധരന്. ഇനി പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കിയിരിക്കുകയാണ്. വടകരയിൽ ആര് നിന്നാലും യുഡിഎഫിന് ജയിക്കാം. പ്രചാരണത്തിന് താനും ഉണ്ടാകുമെന്നും മുരളീധരൻ പറഞ്ഞു.

പാർട്ടിയിൽ കെ പി സി സി അദ്ധ്യക്ഷനോടും, പ്രതിപക്ഷ നേതാവിനോടും എല്ലാം ബന്ധം പുലർത്തുന്നുണ്ടെങ്കിലും, പാർട്ടിയിൽ തനിക്ക് കാര്യമായ ചുമതലകൾ വേണ്ട സമയത്ത് നൽകുന്നില്ല എന്നതാണ് മുരളീധരന്റെ പരാതി. ഏറ്റവുമൊടുവിൽ പുതുപ്പള്ളിയിൽ താരപ്രചാരകരെ പ്രഖ്യാപിച്ചപ്പോഴും മുരളീധരനെ ഒഴിവാക്കി. കെപിസിസി പ്രചാരണ കമ്മിറ്റി ചെയർമാനായിട്ടും അവഗണിച്ചു. ജൂനിയർ നേതാക്കളെ താര പ്രചാരക പട്ടികയിൽ ഉൾപ്പെടുത്തിയെന്നൊക്കെയായിരുന്നു മുരളീധരന്റെ പരാതി.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുന്നുവെന്ന സൂചനയുമായി കെ മുരളീധരൻ നേരത്തെ രംഗത്തെത്തിയിരുന്നു. ലോക്സഭയിലേക്ക് മത്സരിക്കാനില്ലെന്ന കാര്യത്തിൽ ഉറച്ചുനിൽക്കുന്നു. നിയമസഭയിലേക്ക് മത്സരിക്കുമോ എന്ന് പിന്നീട് അറിയിക്കാമെന്നും മുരളീധരൻ പറഞ്ഞിരുന്നു. തീരുമാനം വ്യക്തിപരമാണ്. കരുണാകരൻ സ്മാരക നിർമ്മാണത്തിന് വേണ്ടി തനിക്ക് സമയം വേണം. അതിനാലാണ് വിട്ടു നിൽക്കുന്നത്. ഭാവിയിൽ വടകരയിൽ ആര് സ്ഥാനാർത്ഥിയായാലും പിന്തുണക്കും. നേരത്തെ, വയനാട് നടന്ന കെപിസിസി ലീഡേഴ്സ് മീറ്റിലും ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കെ.മുരളീധരനും ടി.ൻ. പ്രതാപനും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇരുവരും തീരുമാനം തിരുത്തണമെന്ന് മറ്റ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.

വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിലും അവഗണന

കോൺഗ്രസിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിൽ സംസാരിക്കാൻ സമയം തരാതെ അവഗണിച്ചത് മനപ്പൂർവമാണെന്ന് കെ മുരളീധരൻ ആരോപിച്ചിരുന്നു. തന്നെ അവഗണിച്ചത് മനപ്പൂർവ്വമാണ്, വൈക്കം സത്യഗ്രഹ ശതാബ്ദി സംബന്ധിച്ച് പാർട്ടി പത്രം വീക്ഷണം പുറത്തിറക്കിയ സപ്ലിമെന്റിലും തന്റെ പേരില്ലെന്ന് മുരളീധരൻ പറഞ്ഞിരുന്നു.

'സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്താനാണ് തീരുമാനം. പാർട്ടിക്ക് തന്റെ സേവനം വേണ്ടെങ്കിൽ വേണ്ട', ഇക്കാര്യത്തിൽ കെ സി വേണുഗോപാലിനെ അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും കെ മുരളീധരൻ പറഞ്ഞിരുന്നു. തന്നോടുള്ള അവഗണനയുടെ കാരണം അറിയില്ല, കെ കരുണാകരനും അവഗണന നേരിട്ടിട്ടുണ്ട്. മുൻ കെപിസിസി പ്രസിഡന്റ് ആയിട്ടുകൂടി എഐസിസി പ്രസിഡന്റ് പങ്കെടുത്ത പരിപാടിയിൽ തന്നെ പ്രസംഗിക്കാൻ അനുവദിച്ചില്ല. കെ സുധാകരൻ തന്നെ ബോധപൂർവ്വം അവഗണിച്ചെന്നും മുരളീധരൻ ആരോപിച്ചിരുന്നു.

അനുനയവുമായി വി ഡി സതീശൻ

കോൺഗ്രസിലെ നെറ്റിപ്പട്ടം കെട്ടിയ ഗജവീരനാണ് കെ മുരളീധരനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അദ്ദേഹം തിരിഞ്ഞുനിന്ന് പറയുന്നതുപോലും കേൾക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുവാക്കളെ ആകർഷിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്നതുൾപ്പടെയുള്ള മുരളീധരന്റെ വിമർശനം ശ്രദ്ധയിൽപ്പെടുത്തിയപ്പോഴായിരുന്നു സതീശന്റെ മറുപടി. മുതിർന്ന നേതാക്കളുടെ ഉപദേശമായി സ്വീകരിച്ച് അത് ഗൗരവത്തോടെ എടുക്കും. പാർട്ടി നന്നാവണമെന്നുള്ളവരുടെ നല്ലവാക്കുകളാണ് അത്. അദ്ദേഹം മുൻപിൽ നിൽക്കേണ്ട നേതാവാണ്. അദ്ദേഹം പറഞ്ഞതിൽ തെറ്റൊന്നുമില്ലെന്നും സതീശൻ പറഞ്ഞു.