തിരുവനന്തപുരം: എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധത്തെ തുടർന്ന് റോഡിലിരുന്നു പ്രതിഷേധിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എംപി. ഗവർണർ തെരുവിൽ ഇരുന്നത് മോശപ്പെട്ട കാര്യമെന്ന് കെ. മുരളീധരൻ പറഞ്ഞു. വിഷയത്തെ പക്വതയോടെ കൈകാര്യം ചെയ്യാൻ നോക്കണമായിരുന്നു. കരിങ്കൊടിക്ക് പൊലീസ് അഡ്ജസ്റ്റ്‌മെന്റ് ചെയ്യുകയാണ്. എസ്.എഫ്.ഐക്കാരെ ഇറക്കി രക്തസാക്ഷികളെ സൃഷ്ടിക്കാനാണ് പിണറായിയുടെ ശ്രമമെന്നും തങ്ങളുടെ പ്രവർത്തകർക്ക് ഇളവില്ലല്ലോ എന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.

ഗവർണറെ തിരിച്ചു വിളിച്ചിട്ട് കാര്യമില്ല, ഇത് പോയാൽ ഇതിനേക്കാൾ വലിയ സംഘി വരും. ഗവർണറെ തിരിച്ചുവിളിക്കണോ വേണ്ടയോ എന്ന് കേന്ദ്രം തീരുമാനിക്കട്ടെ. പ്രതിപക്ഷത്തിന് ഇതിൽ ഇടപെടേണ്ട കാര്യമില്ല. എല്ലാവരും ഒരു പോലെയാണ്. മോദിയുടെ ഏത് ഗവർണർ വന്നാലും ഈ അവസ്ഥയിൽ മാറ്റമുണ്ടാവില്ലെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.

എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധത്തെ തുടർന്നാണ് ഇന്നലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രണ്ടു മണിക്കൂർ റോഡിലിരുന്നു പ്രതിഷേധിച്ചത്. കൊട്ടാരക്കര സദാനന്ദപുരത്ത് സ്വകാര്യ പരിപാടിയിലേക്ക് പോകുമ്പോഴാണ് ജില്ല അതിർത്തിയായ നിലമേലിൽ വർണറുടെ വാഹന വ്യൂഹത്തിനു നേരെ എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. കറുത്ത ബാനറും ഗോ ബാക്ക് വിളികളുമായി എസ്.എഫ്.ഐക്കാർ നേരത്തേതന്നെ ഇവിടെ തമ്പടിച്ചിരുന്നു.

പൊലീസിന്റെ നിയന്ത്രണംവിട്ടതോടെ സമരക്കാർ ഗവർണറുടെ കാറിന്റെ മുൻഭാഗത്ത് അടിച്ചു. ഇതോടെ വാഹനം നിർത്തി ഗവർണർ പുറത്തിറങ്ങി. പൊലീസിനെ ശകാരിച്ച ഗവർണർ വാഹനത്തിൽ കയറാൻ കൂട്ടാക്കാതെ റോഡിൽ നിൽക്കുകയും സമീപത്തെ കടയിൽ കയറി വെള്ളം കുടിച്ച ശേഷം റോഡരികിൽ കടക്കാരൻ ഇട്ടുകൊടുത്ത കസേരയിൽ ഇരിപ്പുറപ്പിക്കുകയുമായിരുന്നു.

തുടർന്നു പൊലീസിന് നേരെ തിരിഞ്ഞ ഗവർണർ നടപടി ഉണ്ടാകാതെ പിന്മാറില്ലെന്നും പ്രഖ്യാപിച്ചു. ഇതിനിടെ എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സെക്രട്ടറിയെ വിളിച്ച് പരാതിപ്പെട്ട ഗവർണർ പ്രധാനമന്ത്രിയെ വിളിക്കാനും ആവശ്യപ്പെട്ടു.

അനുനയിപ്പിക്കാൻ ഫോണിൽ വിളിച്ച ഡി.ജി.പിയോടും അദ്ദേഹം കയർത്തു. പ്രതിഷേധിച്ചവർക്കെതിരെ നടപടി സ്വീകരിച്ചതായി വ്യക്തമാകുന്ന എഫ്.ഐ.ആർ കാണാതെ പിന്മാറില്ലന്നും ഗവർണർ അറിയിച്ചു. പ്രതിഷേധക്കാരുടെ ദൃശ്യങ്ങൾ പരിശോധിച്ച് എല്ലാവരെയും അറസ്റ്റ് ചെയ്യാൻ ഡി.ജി.പി നിർദ്ദേശം നൽകി.

12ൽ അധികം പേരെ അറസ്റ്റ് ചെയ്തതായി പൊലീസും വ്യക്തമാക്കി. എന്നാൽ, എഫ്.ഐ.ആർ ആവശ്യപ്പെട്ട് ഗവർണർ പ്രതിഷേധം തുടർന്നു. ഒടുവിൽ അറസ്റ്റിലായ 12 പേർക്കും കണ്ടാലറിയാവുന്ന അഞ്ചു പേർക്കുമെതിരെ നടപടി സ്വീകരിച്ചതിന്റെ എഫ്.ഐ.ആർ കണ്ട് ബോധ്യപെട്ട ശേഷമാണ് ഗവർണർ കൊട്ടാരക്കരയിലെ പരിപാടി സ്ഥലത്തേക്ക് പോകാൻ തയാറായത്. രാവിലെ 10.45ന് തുടങ്ങിയ നാടകീയരംഗങ്ങൾ ഉച്ചക്ക് 12.40 നാണ് അവസാനിച്ചത്.